മരക്കാറിനെതിരെ ക്വട്ടേഷൻ എടുത്തതു പോലെ പെരുമാറുന്നത് കേരളത്തിൻറെ ശത്രുക്കളാണ് എന്ന് വി എ ശ്രീകുമാർ! സിനിമ ഇറങ്ങിയ ശേഷം സോഷ്യൽമീഡിയയിലടക്കം സിനിമയിലെ ഡയലോഗുകളും മറ്റും സജീവ ചർച്ചയാണ്. സിനിമയ്‍ക്കെതിരെ കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങും നടക്കുന്നുണ്ടെന്നും സോഷ്യൽമീഡിയയിൽ പലരും ആരോപിക്കുന്നുമുണ്ട്. ഇപ്പോഴിതാ 'ഒടിയൻ' സിനിമയുടെ സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ മരക്കാർ കണ്ട ശേഷം ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടിയിരിക്കുകയാണ്. മോഹൻലാൽ നായകനായ 'മരക്കാർ: അറബിക്കടലിൻറെ സിംഹം' തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. മലയാള സിനിമയുടെ ഒന്നാമതുകളിൽ എല്ലാം മോഹൻലാലാണ്.




  ആദ്യ 100 കോടി സിനിമ, 200 കോടി സിനിമ, 365 ദിവസം ഓടിയ ചിത്രം- എല്ലാം. ആ ചരിത്രം മരക്കാറിലും ആവർത്തിക്കുന്നു. സ്‌ക്രീനിൽ മറ്റു താരങ്ങൾക്ക് ഇടം കൂടുതൽ കിട്ടുന്നതിൽ പരിഭവിക്കുന്നയാളല്ല ലാലേട്ടൻ. മരക്കാറിൽ എല്ലാവർക്കും ഇടമുണ്ട്. തിരുവിന്റെ ക്യാമറ, വിഷ്വൽ എഫക്ട്‌സ്, മ്യൂസിക്. ഇത്രയും വലിയ പ്രൊജക്ടിനെ നയിക്കാൻ പ്രിയദർശനല്ലാതെ മറ്റാർക്ക് സാധിക്കും; ലാലേട്ടനല്ലാതെ മറ്റാര് ആ സ്വപ്നം യാഥാർത്ഥ്യമാക്കും! ''മരക്കാർ: അറബിക്കടലിൻറെ സിംഹം കണ്ടു. സിനിമയുടെ വലിപ്പം അമ്പരപ്പിച്ചു. സിനിമ വലിയ വിജയമാകുന്നു എന്നറിയുന്നതിൽ സന്തോഷം. മലയാള സിനിമയ്ക്ക് ലോകത്താകമാനം റിലീസിങ്ങ് സ്‌ക്രീനുകൾ ഉണ്ടാകുന്നത് കൂടുതൽ വലിയ സിനിമകൾക്ക് കാരണമാകും.





  ഒടിടി- തിയറ്റർ എന്നിങ്ങനെ കൂടുതൽ വിശാലമായ സാധ്യതയാണ് സിനിമകൾക്ക് ലഭിച്ചിരിക്കുന്നത്. ഒരേ ദിവസം നാൽപ്പതോളം രാജ്യങ്ങളിൽ മലയാള സിനിമ റിലീസ് ചെയ്യുന്നു. ഹോളിവുഡ് സിനിമ കേരളത്തിൽ റിലീസ് ചെയ്യുന്നതു പോലെ മലയാളം അവിടെയും. ഒരുപാട് പ്രദർശനങ്ങൾ നമുക്ക് കിട്ടുന്നു. മുൻപൊക്കെ തമിഴ്‌നാട്ടിൽ നൂൺഷോയ്ക്ക് പ്രദർശനം കിട്ടിയാലായി എന്നതു മാറി ഇരുന്നൂറോളം തിയറ്ററുകൾ നമുക്ക് കിട്ടുന്നു. ലാലേട്ടൻറെ ഫാൻബോയ് സിനിമയേ അല്ല മരക്കാർ. ആ പ്രതീക്ഷയോടെ തീയേറ്ററിൽ പോകാതിരിക്കുക എന്നതാണ് മരക്കാർ ആസ്വദിക്കാനുള്ള മാർഗ്ഗം. തമിഴ്- തെലുങ്ക്- ഹിന്ദി സിനിമകൾ കേരളത്തിൽ നിന്ന് കളക്ട് ചെയ്യുന്നതിൽ കുറച്ചെങ്കിലും മലയാളത്തിനും അവിടെ നിന്നെല്ലാം ലഭിക്കുന്നു. ഒടിടിയിലൂടെ മലയാളികൾ മാത്രമല്ലാതെ പ്രേക്ഷകർ പെരുകുകയാണ്. മൂവി ബിസിനസിലും അവസരങ്ങളുടെ കാര്യത്തിലും ഈ നേട്ടം നാടിന് ഗുണകരമാണ്.






   സ്മാർട് ഫോൺ അടക്കമുള്ള സ്‌ക്രീനുകൾക്കോ സ്പീക്കറുകൾക്കോ തരാനാവാത്ത ദൃശ്യ- ശ്രാവ്യ അനുഭവം നൽകുന്ന സിനിമകൾക്കാകും ഇനി തിയറ്ററിൽ കൂടുതൽ സാധ്യത.  സിനിമ കാഴ്ചയ്ക്കപ്പുറം അനുഭവമായി മാറണം. സാങ്കേതികമേന്മയുള്ള സിനിമകൾക്കു മാത്രമേ തിയറ്ററുകളെ ആ നിലയ്ക്ക് നിലനിർത്താനാകു. മരക്കാർ ആ നിലയ്ക്ക് തിയറ്റർ അനുഭവം നൽകുന്ന സിനിമയാണ്. സിനിമയിൽ നിന്ന് സമ്പാദിച്ചത് സിനിമയിൽ നിക്ഷേപിക്കുന്ന ലാലേട്ടൻ. ദേശീയ അന്തർദേശീയ പുരസ്‌ക്കാരം നേടിയ വാനപ്രസ്ഥമടക്കം, ലാലേട്ടൻ അക്കാലത്ത് കോടികൾ മുടക്കി നിർമ്മിച്ച സിനിമകൾ എന്നും ഭാഷയ്ക്ക് അഭിമാനമാണ്. തീയേറ്ററിലും സോഷ്യൽ മീഡിയയിലും മരക്കാറിനെതിരെ കേട്ട അപശബ്ദങ്ങൾ ആരുടേതാണ് എന്നാണ് സിനിമ കഴിഞ്ഞപ്പോൾ ചിന്തിച്ചത്. അത് കേരളത്തിന്റെ പൊതുശബ്ദമായി കരുതാനില്ല. പ്രത്യേകതരം മാനസികാവസ്ഥയുടെ ശബ്ദമാണത്.

Find out more: