മുഖ്യമന്ത്രിയും കുടുംബവും കുടുങ്ങും: ശിവശങ്കറിൻ്റെ അറസ്റ്റിൽ സ്വപ്ന സുരേഷിൻറെ പ്രതികരണം! ലൈഫ് മിഷൻ കോഴക്കേസിലെ എം ശിവശങ്കറിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി സ്വപ്ന സുരേഷ്. ഇഡി ശരിയായ പാതയിലാണെന്ന് സ്വപ്ന സുരേഷ്. ജയിലിൽ കിടക്കേണ്ടി വന്നാലും സത്യം പുറത്തുകൊണ്ടുവരും. വമ്പൻ സ്രാവുകൾ എല്ലാം പുറത്തുവരുമെന്നും സ്വപ്ന മാധ്യമങ്ങളോടു പ്രതികരിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയും സ്വപ്ന രംഗത്തെത്തി. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയും കുടുംബവും കുടുങ്ങും. സി എം രവീന്ദ്രനെ ചോദ്യം ചെയ്താൽ ഒരുപാട് കാര്യങ്ങൾ പുറത്തുവരുമെന്നും സ്വപ്ന. അതേസമയം ലൈഫ് മിഷൻ കേസിലെ ഇഡി നടപടി കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കള്ളപ്പണ ഇടപാട് കേസിൽ എം ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
കോഴ ഇടപാടിൽ ശിവശങ്കറിൻ്റെ പങ്കിന് തെളിവ് ലഭിച്ചെന്ന് ഇഡി അറിയിച്ചു. ലൈഫ് മിഷൻ കോഴക്കേസിലെ ആദ്യ അറസ്റ്റാണിത്. ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിൽ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റാണ് ശിവശങ്കറിനെ അറസ്റ്റു ചെയ്തത്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റാണ് (ഇഡി) ശിവശങ്കറിനെ അറസ്റ്റു ചെയ്തത്. തുടർച്ചയായ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ ചൊവ്വാഴാഴ്ച രാത്രി 11.45 നാണ് ഇഡി അറസ്റ്റു നടപടികളിലേക്ക് കടന്നത്. ബുധനാഴ്ച രാവിലെ വൈദ്യപരിശോധനയ്ക്കു ശേഷം ശിവശങ്കറിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ 31 നു ശിവശങ്കർ സർവീസിൽനിന്നു വിരമിച്ചിരുന്നു.ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ആദ്യ അറസ്റ്റാണ് ശിവശങ്കറിൻ്റേത്. യുഎഇയുടെ സഹകരണത്തോടെ ലൈഫ് മിഷൻ പദ്ധതിപ്രകാരം തൃശൂരിലെ വടക്കാഞ്ചേരിയിൽ നിർമിക്കുന്ന പാർപ്പിട സമുച്ചയത്തിൻ്റെ കരാർ വാങ്ങിനൽകാനായി കരാർ കമ്പനിയായ യൂണീടാക് ബിൽഡേഴ്സിൽനിന്ന് ശിവശങ്കർ കോഴ വാങ്ങിയെന്നാണ് കേസ്. 4.48 കോടി രൂപ ശിവശങ്കറിനു നൽകിയതായി യൂണിടാക് എംഡി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു.
ശിവശങ്കറിൻ്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടിൻ്റെയും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ലൈഫ് മിഷൻ ഇടപാടിലെ കോഴയാണെന്ന സ്വപ്നയുടെ മൊഴിയാണ് ശിവശങ്കറിന് കുരുക്കായത്. സ്വപ്നക്കു പുറമേ സ്വർണക്കടത്ത് കേസ് പ്രതികളായ സരിത്തിൻ്റെയും സന്ദീപിൻ്റെയും മൊഴികളും ശിവശങ്കറിനു എതിരായിരുന്നു. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിൽ ഇഡി വിശദമായ അന്വേഷണം ആരംഭിച്ചിരുന്നത്. തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കറിന് നോട്ടീസ് നൽകുകയും ചെയ്തു. ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെള്ളി, തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിലാണ് ചോദ്യം ചെയ്യൽ നടന്നത്. അതേസമയം വിവിധ കേസുകളിലായുള്ള ശിവശങ്കറിൻ്റെ മൂന്നാമത്തെ അറസ്റ്റാണിത്.
Find out more: