ശ്രീനിവാസനും വിമലക്കുമൊപ്പം വീണ്ടും മമ്മൂട്ടി; വൈറലായി മറ്റൊരു കൂടിക്കാഴ്ച!  ഏറെ നാളുകൾക്ക് ശേഷമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ശ്രീനിവാസന്റെ വിശേഷങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. താരസംഘടനയും മഴവിൽ മനോരമയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലേക്കായിരുന്നു ശ്രീനിവാസനെത്തിയത്. അദ്ദേഹത്തിന്റെ ചിത്രവും വീഡിയോയും നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. താരങ്ങളും ആരാധകരുമെല്ലാം ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത് സിനിമയിലേക്കും ശ്രീനിവാസൻ വരുമെന്നായിരുന്നു പ്രിയപ്പെട്ടവർ പറഞ്ഞത്. ശ്രീനിവാസനും മമ്മൂട്ടിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും ഒന്നിച്ചെടുത്ത ഫോട്ടോയും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.





  അദ്ദേഹം അങ്ങനെയാണ്. കവിയൂർ പൊന്നമ്മ പറഞ്ഞപോലെ, മമ്മൂട്ടിക്ക് പരസ്യമായി സ്നേഹം പ്രകടിപ്പിക്കാനോ., ജീവിതത്തിൽ അഭിനയിക്കാനോ അയാൾക്കറിയില്ല. സഹപ്രവർത്തർക്ക് വേദനിച്ചാൽ അയാളുടെ ഉള്ളൊന്ന് പിടയുമെന്ന ക്യാപ്ഷനൊപ്പമായാണ് മമ്മൂട്ടിയുടേയും ശ്രീനിവാസന്റെയും ഫോട്ടോ പ്രചരിക്കുന്നത്. ഫാൻസ് ഗ്രൂപ്പുകളിലൂടെയായി ചിത്രവും കുറിപ്പും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.മോഹൻലാലിനോട് മാത്രമല്ല മമ്മൂട്ടിയുമായും ഏറെ അടുപ്പമുണ്ട് ശ്രീനിവാസന്. പ്രതിസന്ധി ഘട്ടത്തിൽ മമ്മൂട്ടിയുടെ സഹായം തേടിയതിനെക്കുറിച്ച് ശ്രീനിവാസൻ മുൻപ് തുറന്നുപറഞ്ഞിരുന്നു. ശ്രീനിവാസൻ ആശുപത്രിയിലായിരുന്ന സമയത്ത് മമ്മൂട്ടി നേരിൽ വന്ന് കണ്ടിരുന്നു. അദ്ദേഹം അഡ്മിറ്റായപ്പോഴെല്ലാം മമ്മൂട്ടി നേരിട്ടെത്തിയിട്ടുണ്ടെന്ന് തിരക്കഥാകൃത്തും നിർമ്മാതാവുമായ മനോജ് രാം സിങ് വ്യക്തമാക്കിയിരുന്നു.






  മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ആശുപത്രി അധികൃതരോടോ കൂട്ടിരിപ്പുകാരോടോ വിളിച്ച് ചോദിച്ചാൽ മമ്മൂട്ടിക്ക് വിവരങ്ങളെല്ലാം കിട്ടാവുന്നതേയുള്ളൂ. എന്നാൽ അത് ചെയ്യാതെ അദ്ദേഹം നേരിൽ വരികയാണ് പതിവ്. ശ്രീനിയേട്ടനെ നേരിൽ കണ്ട് തമാശകളൊക്കെ പറഞ്ഞാണ് അദ്ദേഹം പോവാറുള്ളത്്. അദ്ദേഹത്തിന്റെ തമാശ ശ്രീനിയേട്ടനും ആസ്വദിക്കാറുണ്ട്. അത്രയും അടുത്ത ബന്ധമുള്ളതിനാലാണ് അദ്ദേഹം നേരിൽ വന്ന് കാണുന്നതെന്നുമായിരുന്നു മനോജ് പറഞ്ഞത്.





  ആരേയും അറിയിക്കാതെ വിമലയെ രജിസ്റ്റർ മാര്യേജ് ചെയ്തപ്പോഴും മമ്മൂട്ടിയുടെ സഹായം ശ്രീനിവാസന് ലഭിച്ചിരുന്നു. അവസാനനിമിഷമായിരുന്നു അമ്മ താലിമാല വേണമെന്ന് പറഞ്ഞത്. അന്ന് മമ്മൂട്ടിയോടായിരുന്നു രണ്ടായിരം രൂപ കടം വാങ്ങിയത്. വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഞാനും വരുമെന്നായിരുന്നു മമ്മൂട്ടി ശ്രീനിവാസനോട് പറഞ്ഞത്. നിങ്ങൾ വരരുതെന്നും വന്നാൽ എല്ലാവരും അറിയുമെന്നും പറഞ്ഞപ്പോഴാണ് അദ്ദേഹം വരില്ലെന്ന് പറഞ്ഞത്. ഇന്നസെന്റും അന്ന് തന്നെ സഹായിച്ചിരുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.

Find out more: