സംസ്ഥാനത്ത് 26 ടൂറിസം പദ്ധതികൾക്ക് തുടക്കം കുറിച്ചു! നിരവധി പ്രതിസന്ധികളെ അതിജീവിച്ച് ടൂറിസം മേഖല മുന്നേറുന്ന ഘട്ടത്തിലാണ്  കൊവിഡ് മഹാമാരിയെത്തിയത്. ടൂറിസം മേഖലയ്ക്ക് 25,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. വലിയ തോതിൽ തൊഴിൽ നഷ്ടവുമുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതിയ 26 ടൂറിസം പദ്ധതികൾക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നാടും, രാജ്യവും, ലോകവും കൊവിഡിനെ അതിജീവിക്കുമ്പോൾ, സഞ്ചാരികളുടെ പറുദീസയായി വീണ്ടും കേരളം മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


 തിരുവനന്തപുരത്തെ ഏറ്റവും ശ്രദ്ധേയമായ ഹിൽസ്റ്റേഷനായ പൊന്മുടിയിൽ എത്തുന്ന സഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യ വികസനം നടത്തിയ പദ്ധതിയിൽ കൂട്ടികൾക്ക് കളിക്കളം, ലാന്റ് സ്‌കേപ്പിംഗ്, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ലോവർ സാനിട്ടോറിയത്തിന് കൂടുതൽ ആകർഷണീയത നൽകാനും കുടുംബമായി എത്തുന്ന സഞ്ചാരികൾക്ക് സമയം ചെലവഴിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.കൊവിഡിന് ശേഷം ടൂറിസം മേഖലയ്ക്ക് കുതിപ്പേകാൻ പര്യാപ്തമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. കൊല്ലം ജില്ലയിലെ മലമേൽപാറ ടൂറിസം പദ്ധതിയാണ് മറ്റൊന്ന്. സമുദ്രനിരപ്പിൽ നിന്ന് 700 അടി ഉയരത്തിലുള്ള മനോഹരമായ പാറക്കെട്ടുകളിൽ ഒരുക്കിയിരിക്കുന്ന ടൂറിസം പദ്ധതിയാണിത്. കൊല്ലം ബീച്ചിലും താന്നി ബീച്ചിലും നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ, കേരള നവോത്ഥാനത്തിന്റെ സാംസ്‌കാരിക ഭൂമികയിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായ സരസകവി മൂലൂർ എസ്.പദ്മനാഭ പണിക്കരുടെ ഓർമ്മകൾ മായാതെ നിൽക്കുന്ന പത്തനംതിട്ട ഇലവും തിട്ടയിലെ മൂലൂർ സ്മാരകം സൗന്ദര്യവത്ക്കരണം എന്നീ പദ്ധതികളും ആരംഭിക്കുകയാണ്.



  മൂലൂർ സ്മാരകത്തിന്റെ സൗന്ദര്യവത്ക്കരണത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് 49 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. പാലാ നഗരത്തിൽ പാരീസിലെ 'ലവ്റെ' മ്യൂസിയത്തിന്റെ മാതൃകയിൽ നിർമ്മിക്കുന്ന ഗ്രീൻ ടൂറിസം കോംപ്ലക്സും ഉദ്ഘാടനം ചെയ്യുകയാണ്. ഇടുക്കി ജില്ലയിലെ അരുവിക്കുഴി ടൂറിസം വികസന പദ്ധതി, ഏലപ്പാറ അമിനിറ്റി സെന്റർ എന്നിവയും പ്രവർത്തനം തുടങ്ങുന്നു.പീച്ചി ഡാമും ബൊട്ടാണിക്കൽ ഗാർഡനും കൂടുതൽ മനോഹരമാക്കുന്നതിനുള്ള പദ്ധതികളും നടപ്പായി. അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ സർക്യൂട്ടിൽ ഉൾപ്പെടുന്ന തുമ്പൂർമൂഴി പദ്ധതി ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പോത്തുണ്ടി ഡാം ഉദ്യാനം, മംഗലം ഡാം ഉദ്യാനം എന്നിവയും നവീകരിച്ച് ഭംഗിയാക്കി സഞ്ചാരികളെ സ്വീകരിക്കുന്നതിന് സജ്ജമാക്കിക്കഴിഞ്ഞു.



മലപ്പുറം ജില്ലയിലെ കോട്ടക്കുന്നിൽ മിറക്കിൾ ഗാർഡനടക്കം ഒരുക്കി ഭംഗിയാക്കിയിട്ടുണ്ട്. ചമ്രവട്ടത്തെ പുഴയോരം സ്നേഹപാതയുടെ ഒന്നും, രണ്ടും ഘട്ടങ്ങളും പൂർത്തിയാക്കി കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ വടകര അഴിമുഖ കടൽത്തീരത്ത് ടൂറിസം വകുപ്പിന്റെ ഗ്രീൻ കാർപ്പറ്റ് പദ്ധതിയുടെ ഭാഗമായ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മാനാഞ്ചിറ സ്‌ക്വയർ നവീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള പദ്ധതിയും സമയബന്ധിതമായി പൂർത്തീകരിച്ചു.പുന്നമട നെഹ്റു ട്രോഫി വള്ളം കളിയുടെ ഫിനിഷിംഗ് പോയിന്റിലേക്കുള്ള പാത് വേയും, ബോട്ട് ജെട്ടികളും, എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലത്തിലുൾപ്പെട്ട ഭൂതത്താൻകെട്ട് ഡാമിന്റെ ഭാഗമായുള്ള വിനോദ സഞ്ചാര കേന്ദ്രം, തൃശൂർ ജില്ലയിലെ പീച്ചി ഡാമും ബൊട്ടാണിക്കൽ ഗാർഡനും കൂടുതൽ മനോഹരമാക്കുന്നതിനുള്ള പദ്ധതികളും നടപ്പായി.

మరింత సమాచారం తెలుసుకోండి: