അയല്പക്കത്തെ "പൂവൻ"! നവാഗത സംവിധായകൻ വിനീത് വാസുദേവൻ രചനയും സംവിധാനവും കഥാപാത്രങ്ങളിലൊന്നും അവതരിപ്പിച്ച പൂവനിൽ, പൂവൻ കോഴിയാണ് പ്രധാന കഥാപാത്രം. ഒപ്പം ആന്റണി വർഗ്ഗീസും സജിൻ ചെറുകയിലും നായക വേഷങ്ങളിലും രംഗത്തുണ്ട്. ഒരു ഗ്രാമവും അടുത്തടുത്ത വീടുകളിലെ സംഭവങ്ങളും ചേർന്ന് വളരെ സാധാരണമായ സംഭവങ്ങൾ കൂട്ടിയിണക്കി ചേർത്തുവെച്ച സിനിമയാണ് പൂവൻ. നമ്മുടെ അയൽപക്കത്താണ് ഇക്കാര്യങ്ങളൊക്കെ നടക്കുന്നതെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കാൻ സിനിമയ്ക്കാകുന്നുണ്ട്. പക്ഷേ, ഇക്കാര്യങ്ങളൊന്നും 'നമ്മുടെ' വീട്ടിൽ നടക്കാനുള്ള സാധ്യതകളുമില്ല.വളരെ ചെറിയൊരു കഥാതന്തുവിനെ വികസിപ്പിച്ചാണ് രണ്ടു വീടുകളുടേയും ഒരു ഗ്രാമത്തിന്റേയും ക്യാൻവാസ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. അയൽപക്കത്തെ പൂവൻ കോഴി നേരവും കാലവുമില്ലാതെ കൂവുന്നത് ഹരിയെന്ന ചെറുപ്പക്കാരന്റെ ജീവിതത്തെ വല്ലാതെ ബാധിക്കുകയും അയാളതിനെ ഒഴിവാക്കാനുള്ള വഴികൾ തെരയുകയുമാണ്.
ഇതിനിടയിലാണ് അയാളുടേയും അയൽപക്കത്തേയും കുടുംബങ്ങളിൽ പല സംഭവങ്ങളും അരങ്ങേറുന്നത്.
'നെയിൽ കട്ടറിന്റെ' ശബ്ദം കേട്ടാൽ പോലും ഉറക്കം അലോസരപ്പെടുന്ന സ്വഭാവക്കാരനാണ് ഹരി. അയാളതിന് ഡോക്ടറെ കാണുകയും ചികിത്സ തേടുകയുമൊക്കെ ചെയ്യുന്നുണ്ട്. എങ്കിലും പല ശബ്ദങ്ങളും അയാൾക്ക് ചെവിയിൽ വന്നടിക്കുന്ന വലിയ ഒച്ചകളും അലോസരങ്ങളുമാണ്. പലപ്പോഴും രാത്രിയിൽ ഉറക്കം നഷ്ടപ്പെടുത്തുന്നവയാണ് ഈ ശബ്ദങ്ങളൊക്കെയും.
പരുന്തിന്റെ കാലിൽ നിന്നും മരണത്തിൽ നിന്നും രക്ഷപ്പെട്ട് ഹരിയുടെ അയൽപക്കത്തെ വീടിന്റെ ടെറസിൽ വെയിൽ കൊള്ളാനിട്ട മെത്തയിലേക്ക് വീണ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് ഒരു കോഴിക്കുഞ്ഞായിരുന്നു. ഈ കോഴിക്കുഞ്ഞാണ് പിന്നീട് ഹരിയുടെ ഉറക്കം കെടുത്തിയ വെളുത്ത പൂവനായി മാറിയത്.
കോഴി പൂവനാണെങ്കിലും കുഞ്ഞായിരിക്കെ പിടയാണെന്ന് ധരിച്ച് വീട്ടുകാർ അവനെ വിളിച്ചിരുന്നത് അന്നാമ്മയെന്നായിരുന്നു. എയർഗൺ കിട്ടിയപ്പോൾ കൊക്കിനെ വെടിവെച്ച് കറിയാക്കുന്നുണ്ട് ഹരിയും കൂട്ടുകാരും. ഒരിക്കൽ ആകാശത്ത് പറക്കുന്ന പരുന്തിനെ ഉന്നംവെച്ചപ്പോൾ അയാളുടെ വെടി പരുന്തിന് കൊണ്ടില്ലെങ്കിലും പരുന്തിന്റെ കാലിലുണ്ടായിരുന്ന ഒരു ജീവൻ താഴേക്ക് വീഴാനത് കാരണമായി. ജ്യൂസ് കട നടത്തുന്ന ഹരിയോട് കൃസ്ത്യാനിപ്പെണ്ണായ ഡിജു പോളിന് രണ്ടര വർഷത്തോളമായി പ്രണയമുണ്ടെങ്കിലും ഒരു കൃസ്മസ് തലേന്നാണ് അവർ പ്രണയം പരസ്പരം തുറന്നു പറയുന്നത്. ഇതേ കൃസ്മസ് തലേന്നു തന്നെയാണ് പരുന്തിന്റെ കാലിൽ നിന്നും കോഴിക്കുഞ്ഞ് അയൽപക്കത്തെ ടെറസിലെത്തിയതും. ഹരിയുടെ സഹോദരി വീണ മണലുവാരലുകാരൻ കണ്ണനുമായി പ്രണയത്തിലായത് വീട്ടുകാർക്ക് അംഗീകരിക്കാനാവുന്നില്ല. വീണ കണ്ണനോടൊപ്പം ഒളിച്ചോടിയതിനേക്കാൾ വീട്ടുകാരുടെ സങ്കടം അവരുടെ വരുമാന മാർഗ്ഗങ്ങളിലൊന്നായ തയ്യൽ മെഷീൻ കൂടി കൂടെ കൊണ്ടുപോയതായിരുന്നു.
ആ കളവ് കുടുംബത്തിൽ ഏൽക്കുകയും മകളെ കാണാൻ അമ്മയും സഹോദരനും പോവുകയും ചെയ്യുന്നു. എന്നാൽ പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടതോടെ ബെന്നി പ്രതിസന്ധിയിലാവുന്നുണ്ട്. അയൽപക്കത്തെ പെൺകുട്ടി സിനിയെ ബെന്നിക്ക് ഇഷ്ടമാണെങ്കിലും തന്റെ 'അപ്പനെ' പോലെയാണ് ബെന്നിയെ കാണുന്നതെന്ന് പറഞ്ഞ് സിനി അതിന് തടയിടുന്നു. എങ്കിലും തന്റെ ഇഷ്ടം വിവാഹാലോചന വരെയും അതിനപ്പുറത്തേക്കും എത്തിക്കാൻ ബെന്നിക്ക് സാധിക്കുന്നത് അയാൾക്ക് നാട്ടിലെ സത്‌പേരുകൊണ്ടു തന്നെയായിരുന്നു.ഹരിയുടേയും കണ്ണന്റേയും കുടുംബങ്ങളെ തമ്മിൽ ഒന്നിപ്പിക്കാൻ അയൽവാസിയും നാട്ടിലെ നല്ല സ്വഭാവക്കാരനുമായ ബെന്നി ഒരു കളവ് പറയുകയാണ്. ഒരിക്കൽ ഇരുവീടുകളിലും ആരുമില്ലാത്ത സമയത്ത് പൂവൻ കോഴിയെ കൊല്ലാൻ തന്നെ ഹരി ഇറങ്ങിപ്പുറപ്പെടുന്നുവെങ്കിലും അതിലും അയാൾ അമ്പേ പരാജയപ്പെടുന്നു.
ബോധംകെട്ടു വീഴുന്ന ഹരിയുടെ ദേഹത്ത് കയറി വിജയക്കൊടി കൂവിയുറപ്പിച്ച് കാഷ്ഠിച്ച് പ്രതികാരം തീർത്താണ് പൂവൻ രംഗം വിടുന്നത്.എല്ലാ സമയത്തും തനിക്ക് ബുദ്ധിമുട്ടായി തീരുന്ന പൂവൻ കോഴിയെ ഓടിക്കാൻ ഹരി നടത്തുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ്. ഒടുവിൽ അടുത്ത കൃസ്മസിന് ഹരിയും കൂട്ടുകാരും ചേർന്ന് പൂവനെ മോഷ്ടിച്ച് കറിയാക്കാനുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയെങ്കിലും അതിലും അവർ അനുഭവിക്കുന്നത് പരാജയം തന്നെയാണ്. എല്ലായ്‌പ്പോഴും ജയിച്ചു കയറിയ പൂവൻ ഒടുവിൽ ഓമനിച്ചു വളർത്തിയ വീട്ടുകാരുടെ മുമ്പിൽ പരാജയപ്പെട്ട് തലതാഴ്ത്തി മറ്റേതോ സ്ഥലത്തേക്ക് മറ്റൊരു നിയോഗത്തിനായി യാത്ര പോകുമ്പോൾ മാത്രമാണ് ഹരിക്ക് സമാധാനമാകുന്നത്.
Find out more: