ഇറാൻ ആണവകേന്ദ്രത്തിൽ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയതെന്തിന്? എവിൻ പ്രിസൺ, ബസിജ് ആസ്ഥാനം എന്നിവിടങ്ങളിലെ ആക്രമണം ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാട്സ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഫൊർദോയിലെ ആക്രമണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും അന്തർദ്ദേശീയ മാധ്യമങ്ങൾ ഇത്തരമൊരു ആക്രമണം നടന്നതായി പറയുന്നുണ്ട്. ഇറാന്റെ ഫൊർദോ ആണവകേന്ദ്രം വീണ്ടും ആക്രമിക്കപ്പെട്ടിരിക്കുകയാണ്. ആണവകേന്ദ്രത്തിനു പുറമെ ഇറാനിലെ എവിൻ പ്രിസണിലും, ബസിജ് ആസ്ഥാനത്തും ആക്രമണം നടന്നിട്ടുണ്ട്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഫൊർദോ ആണവകേന്ദ്രത്തിന് ഗൗരവതരമായ ആഘാതമേൽപ്പിക്കാൻ യുഎസ്സിന് സാധിച്ചിട്ടുണ്ട്. എന്നാൽ അത് മതിയായ അളവിലുള്ളതല്ലെന്നാണ് ഇസ്രായേൽ കരുതുന്നത്. റിപ്പോർട്ട് പറയുന്നത് നോക്കുക: "ഞായറാഴ്ച നടന്ന അമേരിക്കൻ ആക്രമണത്തിൽ ഫൊർദോയിലെ കനത്ത സുരക്ഷയുള്ള ആണവ കേന്ദ്രത്തിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും പൂർണ്ണമായും നശിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പ്രാഥമിക വിശകലനത്തിൽ ഇസ്രായേൽ സൈന്യം വിശ്വസിക്കുന്നു.
ഇറാൻ യുറേനിയം ഉൾപ്പെടെയുള്ളവ സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ടാകാം." ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്.ചില യുഎസ് ഉദ്യോഗസ്ഥർ കരുതുന്നത് 14 ബങ്കർ ബസ്റ്റിങ് ബോംബുകൾക്കും ഒരുമിച്ചിട്ടെങ്കിലും ഈ സൈറ്റിനെ തകർക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ്. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ യുഎസ്സിന്റെ ആക്രമണം എത്രത്തോളം നാശമുണ്ടാക്കി എന്നത് ഇസ്രായേലും യുഎസ്സും വിലയിരുത്തി വരുന്നതേയുള്ളൂ. ഔദ്യോഗികമായി ഈ വിലയിരുത്തൽ പൂർത്തീകരിക്കാൻ ദിവസങ്ങളെടുത്തേക്കാം. എന്നാൽ ഇതിനകം തന്നെ ഇരുവർക്കും ഒരു ഏകദേശ ചിത്രം ലഭിച്ചിട്ടുണ്ട്.ആണവകേന്ദ്രങ്ങൾക്ക് എത്രത്തോളം നാശമുണ്ടാക്കാൻ അമേരിക്കൻ ആക്രമണത്തിന് സാധിച്ചു എന്നത് യുഎസ്സിലെ ഒരു പ്രധാന ചർച്ച തന്നെയാണ്.
ഫൊർദോ ആണവകേന്ദ്രത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങളിൽ ആറോ ഏഴോ കുഴികൾ രൂപപ്പെട്ടിരിക്കുന്നത് കാണാനുണ്ട്. എന്നാൽ അകത്ത് എത്രത്തോളം നാശമുണ്ടായിട്ടുണ്ടെന്നത് വ്യക്തമല്ല. ആക്രമണങ്ങൾ നടന്നതിനു ശേഷം ട്രംപ് പറഞ്ഞത് 'ഇറാന്റെ ആണവകേന്ദ്രങ്ങളെ പൂർണമായും തുടച്ചുനീക്കി' എന്നായിരുന്നു. എന്നാൽ ഇത്തരമൊരു തുടച്ചുനീക്കൽ യഥാർത്ഥത്തില് സംഭവിച്ചുവോ? സംശയത്തിലാണ് ഇസ്രായേൽ.യുഎസ്സിന്റെ ഫൊർദോ സൈറ്റ് ആക്രമണം എത്രത്തോളം കാര്യക്ഷമമായിരുന്നു എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വർഷിച്ച ബോംബുകളുടെ കാര്യക്ഷമതയിൽ സംശയമില്ല എന്നത് മാത്രമാണ് പുറത്ത് ലഭ്യമായിട്ടുള്ള ഏക വിവരം. ഉപയോഗിച്ച ആയുധസാമഗ്രികളെ മാത്രം വെച്ച് വിലയിരുത്തിയാൽ ഇറാന്റെ അണ്വായുധ പദ്ധതികൾ രണ്ട് മുതൽ അഞ്ചുവരെ വർഷത്തേക്ക് വൈകിക്കാൻ കഴിഞ്ഞു എന്നാണ് കാണേണ്ടതെന്ന് ഒരു മുൻ പെന്റഗൺ ഓഫീസറെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് പറയുന്നു.
ഫൊർദോയിൽ യുഎസ്സിന്റെ ബങ്കർ ബസ്റ്റിങ് ബോംബുകൾ ആക്രമണം നടത്തിയതിനു ശേഷമാണ് ഇസ്രായേലിന്റെ ആക്രമണം നടക്കുന്നത് എന്നതിനാൽ വിഷയത്തിൽ ചർച്ചകൾ ഉയർന്നു വന്നിരിക്കുകയാണ്. ഏറ്റവും ശക്തമായ ആയുധങ്ങളുപയോഗിച്ച് യുഎസ് നടത്തിയ പ്രഹരത്തിനു ശേഷം ഇസ്രായേൽ എന്തുകൊണ്ടാണ് വീണ്ടും ഫൊർദോയിൽ ആക്രമണം നടത്തിയത്?എവിൻ പ്രിസൺ, ബസിജ് ആസ്ഥാനം എന്നിവിടങ്ങളിലെ ആക്രമണം ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാട്സ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഫൊർദോയിലെ ആക്രമണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും അന്തർദ്ദേശീയ മാധ്യമങ്ങൾ ഇത്തരമൊരു ആക്രമണം നടന്നതായി പറയുന്നുണ്ട്.
Find out more: