ശിവശങ്കറിൻ്റെ കഥയാണോ ഡിപ്ലോമാറ്റിക്കിൽ? നടൻ മുരളിയുടെ മേക്കോവർ കണ്ട് ആരധകരുടെ സംശയം ഇങ്ങനെ! 'ഡിപ്ലോമാറ്റിക്' എന്നു പേര് നൽകിയ സിനിമ പോസ്റ്ററാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയത്. നടൻ മുരളി ഗോപി കൈ വിലങ്ങിട്ടു നിൽക്കുന്ന ചിത്രം കണ്ട പ്രേക്ഷകർ ഒരു കാര്യം തിരിച്ചറിഞ്ഞു, ഇത് കേരള രാഷ്ട്രീയത്തിൽ സമീപകാലത്ത് വലിയ വാർത്തകൾ സൃഷ്ടിച്ച സംഭവങ്ങളിലെ വിവാദ നായകൻ്റെ മേക്കോവറാണല്ലോ എന്ന്. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച ഫോട്ടോയുടെ പിന്നിലെ രഹസ്യം തേടുകയാണ് സിനിമാ പ്രേമികൾ. സ്വർണക്കടത്ത് കേസും പിന്നീടുണ്ടായ വിവാദങ്ങളും സംഭവവികാസങ്ങളും ആക്ഷനും ചേസിംഗും നെടുനീളൻ ഡയലോഗുകളും കോർത്തിക്കി ഒരു ത്രില്ലർ സിനിമയാക്കിയാൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടാനുള്ള സാധ്യതയുണ്ട്. ഈ ഭാവനയിൽ കഥാപാത്രങ്ങളായി ആരൊക്കെയാകാം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നതെന്നുള്ള ചെറുപ്പക്കാരനായ ഒരു കലാകാരൻ്റെ ഭാവനയാണ് മുരളി ഗോപിയുടെ മേക്കോവറിലേക്ക് എത്തിച്ചത്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് സംഭവവുമായി ബന്ധപ്പെട്ട് വിവാദ നായകനായ എം. ശിവശങ്കറിനെ ഓർമപ്പെടുത്തിയാണ് മുരളി ഗോപി പോസറ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ഡിപ്ലോമാറ്റിക് എന്ന ടൈറ്റിലും കഥാപാത്രത്തിന് 'എൻ. ശിവരാമൻ ഐഎഎസ്' എന്നുള്ള പേരും കേരളത്തെ പിടിച്ചു കുലുക്കിയ വിവാദ നായകൻ്റെ കഥ തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു. എന്നാൽ അതൊരു യഥാർത്ഥ സിനിമാ പോസ്റ്ററല്ലെന്നും രൂപ സാദൃശ്യത്തിലൂടെ ഭാവനയിൽ സൃഷ്ടിച്ചതാണെന്നതുമാണ് വാസ്തവം.മുരളി ഗോപി അല്ലാതെ മറ്റൊരാളെ ഇനി ചിന്തിക്കാനാവില്ലെന്ന് ആളുകൾ പറയുന്നു. രൺജി പണിക്കരേയും ഈ കഥാപാത്രത്തിലേക്ക് പരീഷിക്കാമെന്നും വിവാദത്തിലെ മറ്റു കഥാപാത്രങ്ങൾക്കു അനുയോജ്യരായ താരങ്ങളെ കൂടി കണ്ടാത്താനുമാണ് ഒരു വിഭാഗം ആളുകൾ ആവശ്യപ്പെടുന്നത്.
എന്നാൽ ചിലർ റിയൽ ക്യാരക്ടേഴ്സിനു വേണ്ട നിർദേശങ്ങളും നൽകുകയാണ്. സ്വപ്നയായി പത്മപ്രിയ, ഹണി റോസ്, നയൻതാര എന്നിവരുടെ പേരുകളാണ് കൂടുതൽ പേരും നിർദേശിക്കുന്നത്. ഷനോജ് ഷറഫാണ് എം. ശിവശങ്കറിനായി മുരളി ഗോപി ചിത്രത്തിൽ മേക്കോവർ നടത്തി പോസ്റ്ററിലൂടെ താരമായിരിക്കുന്നത്. 'എ ഷനോജ് ഷഫറ്സ് വിഷ്വൽ തോട്ട്' എന്ന ടാഗോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. വളരെ മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്ററിനു ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനായി ഹരീഷ് പേരടിയും സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതി സരിത്തായി ദീപക് പറമ്പോൽ, കൈലാഷ് എന്നിവരെയും പരിഗണിക്കാമെന്നാണ് ചിലരുടെ വിലയിരുത്തൽ. വിവാദ നായകനുമായി കാഴ്ചയിൽ അത്രമാത്രം സാമ്യതയോടെയാണ് എൻ. ശിവരാമൻ ഐഎഎസായി മുരളി ഗോപിയെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.
കൈ വിലങ്ങിട്ടു നിൽക്കുന്ന കഥാപാത്രമായി എത്തുന്ന പോസ്റ്ററിൽ മുരളി ഗോപയാണോ വിവാദ നായകനാണോ എന്ന് തിരിച്ചറിയാനാവാത്ത വിധം കൃത്യതയോടെയാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി വകുപ്പിൻ്റെ ചുമതലക്കാരൻ, സർക്കാർ പദ്ധതികളുടെ മാസ്റ്റർ ബ്രെയിൻ, മുഖ്യമന്ത്രിയുടെ വിശ്വസ്ഥൻ, നയപരമായ വിഷയങ്ങളിലെ കൃത്യമായ ഇടപെടൽ എന്നിങ്ങനെ ഒന്നാം പിണറായി വിജയൻ സർക്കാരിലെ ശക്തനായ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഒരു ഘട്ടം കഴിഞ്ഞപ്പോൾ വിവാദ കൊടുങ്കാറ്റിൽപ്പെടുന്നത്. സ്വർണക്കടത്ത് കേസിലെ വിവാദ നായിക സ്വപ്ന സുരേഷുമായി അടുത്ത ബന്ധം പുലർത്തിയിയിരുന്ന വിവാദ നായകൻ അവരെ സംസ്ഥാന സർക്കാരിൻ്റെ ഐടി വകുപ്പിനു കീഴിൽ ജീവനാക്കാരിയാക്കി മാറ്റിയെന്ന ആരോപണവും പിന്നാലെ ഉയർന്നു വന്നു. ഒപ്പം തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമമുണ്ടായെന്ന ആരോപണവും ശക്തമായി.
Find out more: