
2022 ഫെബ്രുവരി മുതൽ റഷ്യയും യുക്രൈനും തമ്മിൽ സംഘർഷം തുടർന്നുവരികയാണ്. ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ ഡൽഹിയിലേക്ക് എത്താനിരിക്കെയാണ് മൻമോഹൻ സിങ് മോദി സർക്കാരിനെ പിന്തുണച്ച് രംഗത്തുവന്നത്. ഈ യുദ്ധത്തേക്കുറിച്ചുള്ള ചർച്ചകളും നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി20 ഉച്ചകോടി ഒഴിവാക്കിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ തീരുമാനത്തെക്കുറിച്ചും മുൻ പ്രധാനമന്ത്രി പ്രതികരിച്ചു. ഇത് നിർഭാഗ്യകരമായ സംഭവമാണ്. ഇന്ത്യയുടെ പ്രദേശികവും പരമാധികാരപരവുമായ അഖണ്ഡത സംരക്ഷിക്കുന്നതിനും ഉഭയകക്ഷി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്ന് സമയത്ത്, രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഭാരതത്തിന്റെ ഭാവിയെക്കുറിച്ചുമുള്ള ആശങ്കയേക്കാൾ തൻ്റെ കാലഘട്ടത്തിൽ ജി20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകുന്നത് കാണാൻ സാധിച്ചതിൽ അതീവ സന്തോഷമുണ്ട്. കൂടാതെ ജി 20 ഉച്ചകോടിക്ക് ഇന്ത്യ ലോകനേതാക്കളെ ആതിഥേയത്വം വഹിക്കുന്നതിന് ഞാൻ സാക്ഷിയാണ്. വിദേശനയം എല്ലായ്‌പ്പോഴും ഇന്ത്യയുടെ ഭരണ ചട്ടക്കൂടിലെ ഒരു പ്രധാന ഘടകമാണ്. ഇന്ന് ആഭ്യന്തര രാഷ്ട്രീയത്തിൽ അതിന് മുമ്പത്തേതിനേക്കാൾ കൂടുതൽ പ്രസക്തവും പ്രാധാന്യമർഹിക്കുന്നതും ആയിത്തീർന്നിരിക്കുന്നുവെന്നും 90 കാരനായ മുൻ പ്രധാനമന്ത്രി പറഞ്ഞു.
ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ചും ഒരു ധനശാസ്ത്ര വിദഗ്ദ്ധൻ കൂടിയായ മൻമോഹൻസിങ് പ്രതികരിച്ചു. 2005 മുതൽ 2015 വരെയുള്ള ദശകത്തിൽ ജിഡിപിയുടെ ഒരു വിഹിതമെന്ന നിലയിൽ രാജ്യത്തിന്റെ വിദേശ വ്യാപാരം ഇരട്ടിയായി, ഇത് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ ആഗോള സമ്പദ്‌വ്യവസ്ഥയുമായി കൂടുതൽ സംയോജിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.