മമ്മൂട്ടിയുടെ ഉമ്മയുമായുള്ള ആത്മബന്ധത്തെ കുറിച്ച് രമ്യ എസ് ആനന്ദ്!മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മയിൽ അന്തരിച്ചു എന്ന ദുഃഖവാർത്തയുമായാണ് കേരളം ഇന്ന് ഉണർന്നത്. 93 വയസ്സ് ആയിരുന്നു. മമ്മൂട്ടിയെ കുറിച്ച് ഉമ്മ പറഞ്ഞ പല കാര്യങ്ങളും, ഉമ്മയെ കുറിച്ച് പല അവസരങ്ങളിൽ മമ്മൂട്ടി പറഞ്ഞ കാര്യങ്ങളും എല്ലാം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിയ്ക്കുകയാണ്. അതിന് ഇടയിലാണ് ഉമ്മയുമായുള്ള ആത്മബന്ധത്തെ കുറിച്ച് രമ്യ എസ് ആനന്ദ് എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നത്. 2017 ൽ ആണ് രമ്യ ഉമ്മയുമായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. ഇതൊരു മനോഹരമായ സ്‌നേഹബന്ധത്തിന്റെ കഥയാണ് എന്ന് പറഞ്ഞുകൊണ്ടാണ് രമ്യയുടെ പോസ്റ്റ് തുടങ്ങുന്നത്.
രമ്യ ഏറ്റവും പ്രിയപ്പെട്ട അധ്യാപിക ജോലിയും തടാകത്തിലേക്ക് തുറക്കുന്ന മനോഹരമായ അപ്പാർട്‌മെന്റും ഉപേക്ഷിച്ച് പുതിയ ഒരു സാഹചര്യത്തിലേക്ക് കടക്കുന്ന കാലത്താണ് ഉമ്മയെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. സർക്കാർ ജോലി കിട്ടിയത് അനുസരിച്ചാണ് പുതിയ അപ്പാർട്‌മെന്റിലേക്ക് രമ്യ മാറിയത്. അവിടെ ഇന്റീരിയൽ വർക്കുകൾ എല്ലാം നടക്കുന്നതിനാൽ രാവിലെ പോയി വൈകുന്നേരം വരും. അപ്പോഴൊക്കെ തൊട്ടപ്പുറത്തുള്ള ഡോർ ശ്രദ്ധിച്ചിരുന്നു. അത് എപ്പോഴും അടഞ്ഞ് തന്നെ കിടക്കുകയായിരിയ്ക്കും. ഒരു ദിവസം അവിടെ ഒരാൾ തല നീട്ടി, ഒരു സുന്ദരിയായ ഉമ്മ. കാഴ്ചയിൽ രമ്യയ്ക്ക് തന്റെ അച്ഛമ്മയുടെ ഒരു ചായ തോന്നി. എന്നാൽ അച്ഛമ്മയുടെ മുഖത്തെ തന്റേടമോ താൻപോരിമയോ ഒന്നും ആ മുഖത്ത് ഇല്ല.
മിണ്ടിയും പറഞ്ഞും അവർ പെട്ടന്ന് കൂട്ടായി. പിന്നെ പണിക്കാർക്ക് പൈസ കൊടുക്കുന്നതിനും, പുതിയ ഫർണിച്ചർ വന്നാൽ കളക്ട് ചെയ്യാനും ഒക്ക ഉമ്മ സഹായിച്ചു. രണ്ട് ദിവസം അടുത്ത് പരിചയപ്പെട്ടതിന് ശേഷമാണ് ഉമ്മ ആ ബോംബ് ഇട്ടത്, മലയാളത്തിലെ സൂപ്പർ താരം പദ്മശ്രീ മമ്മൂട്ടിയുടെ ഉമ്മയാണ് തന്റെ മുന്നിൽ നിൽക്കുന്നത് എന്ന് രമ്യ തിരിച്ചറിഞ്ഞു. ഫ്‌ളാറ്റിന്റെ പാലുകാച്ചൽ എല്ലാം കഴിഞ്ഞ്, താമസം തുടങ്ങിയപ്പോൾ ഉമ്മയും രമ്യയും കൂടുതൽ അടുത്തു. ഉമ്മ ഒരു നല്ല പാക്കേജ് ആണെന്നാണ് രമ്യ പറയുന്നത്. നല്ല നർമബോധം, ഉഗ്രൻ ഫാഷൻ സെൻസ്, കറ തീർന്ന മനുഷ്യസ്‌നേഹി, ആ പ്രായത്തിലുള്ള അമ്മമാരുടെ കുനഷ്ട് ചിന്തകൾ തീരെയില്ല. കൃഷിയെ കുറിച്ചുള്ള ഒരു എൻസൈക്ലോപീഡിയ ആയിരുന്നു ഉമ്മ.
എന്ത് ചോദിച്ചാലും ഉത്തരം ഉണ്ട്. അവർ ഒന്നിച്ച് ടെറസിലും വരാന്തയിലും കൃഷി എല്ലാം തുടങ്ങി. ഒരുപാട് സംസാരിച്ചു. ഉപ്പയുമായുള്ള നല്ല കാലത്തെ കുറിച്ചും, കല്യാണം കഴിഞ്ഞ് അഞ്ച് വർഷം കഴിഞ്ഞ് നെയ്യുഴിഞ്ഞുണ്ടായ മമ്മൂക്കയുടെ ജനനത്തെ കുറിച്ചും എല്ലാം. ഒരു വീട്ടുകാരെ എന്നത് പോലെ. അങ്ങനെ രണ്ട് പേരും മനോഹരമായ ഒരു രണ്ട് വർഷം കഴിഞ്ഞുപോയി. ആരോഗ്യപരമായ ചില പ്രശ്‌നങ്ങളാൽ ഉമ്മയ്ക്ക് പെട്ടന്ന് ഫ്‌ളാറ്റ് വിട്ട് പോകേണ്ടി വന്നു. എന്നിരുന്നാലും ഫോണിലൂടെ മിക്കപ്പോഴും ബന്ധപ്പെടാറുണ്ട്. ഉമ്മയെ കാണണം എന്ന് തോന്നിയാൽ രണ്ട് സൂപ്പർതാരങ്ങളും ഇല്ലാത്ത ദിവസം നോക്കി പോകാറുള്ള കാര്യവും രമ്യ പോസ്റ്റിൽ പങ്കുവയ്ക്കുന്നുണ്ട്. ഇടയ്ക്ക് ഉമ്മയെ കാണാൻ പോയ ചിത്രങ്ങളും ചില ഫേസ്ബുക്ക് പോസ്റ്റിൽ കാണാം.
Find out more: