റുഖ്സാന സുൽത്താന ആരായിരുന്നു! അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധി രാജ്യത്തെ ജനാധിപത്യത്തെ കൊല ചെയ്യുമ്പോൾ റുക്സാന സുൽത്താന എന്ന മാദക സുന്ദരിയുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു സഞ്ജയ് ഗാന്ധി! മന്ത്രി വി. എൻ വാസവന്റെ ഈ വാക്കുകൾ വിവാദമായിരിക്കുകയാണ്. കേരള സഹകരണ സംഘം ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്ക് മറുപടി നൽകുന്നതിനിടയിലാണ് വാസവൻ സഞ്ജയ് ഗാന്ധിയെ ലക്ഷ്യം വെച്ച് ഈ പരാമർശം ഉന്നയിച്ചത്. സഞ്ജയ് ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് സഹകരണ മന്ത്രി ചെയ്തതെന്നും ആ പരാമർശം പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ആവശ്യപ്പെട്ടു. എന്നാൽ വി. എൻ. വാസവൻ അതിന് തയ്യാറായില്ല. പ്രശ്നം പിന്നീട് പരിശോധിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞെങ്കിലും വഴങ്ങാത്ത പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി.





  അടിയന്തിരാവസ്ഥക്കാലത്തെപ്പറ്റി പരാമർശിക്കപ്പെടുന്ന ഇടങ്ങളിൽ പലതിലും റുക്സാന സുൽത്താന എന്ന പേര് ഉൾപ്പെട്ടിരുന്നു! സഞ്ജയ് ഗാന്ധിയുടെ പേരുമായി ചേർത്തുവെച്ചാണ് റുക്സാന സുൽത്താന എന്ന പേര് എപ്പോഴും കേൾക്കാറുള്ളതെന്നതും വസ്തുതയാണ്. എന്തായിരുന്നു റുക്സാനയും സഞ്ജയും തമ്മിൽ അഥവാ എന്തായിരുന്നു റുക്സാനയും അടിയന്തിരാവസ്ഥയും തമ്മിൽ എന്ന ചോദ്യത്തിന് ഉത്തരമാണ് ഇനി നാം അറിയാൻ പോകുന്നത്. വൻ പദ്ധതികൾ മൂളിപ്പറക്കുന്ന തലച്ചോറായിരുന്നു ഇന്ദിരാഗാന്ധിയുടെ ഇളയ മകൻ സഞ്ജയ് ഗാന്ധിയുടേത്. തന്റെ പദ്ധതികൾ നടപ്പാക്കാൻ സഞ്ജയ് ഉപയോഗിച്ചത് മാതാവിലൂടെ തനിക്ക് കൈവന്നിരുന്ന ദുരധികാരമായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് പല പദ്ധതികളും സഞ്ജയ് ഗാന്ധിയുടെ തലച്ചോറിൽ ഉയർന്നിരുന്നു! അവ മിക്കതും പിൽക്കാലത്ത് കുപ്രസിദ്ധമായിത്തീരുകയും ചെയ്തു. വന്ധ്യംകരണ പരിപാടിയും, ചേരിയൊഴിപ്പിക്കൽ പരിപാടിയുമെല്ലാം സഞ്ജയിയുടെ വിഖ്യാതമായ അടിയന്തിരാവസ്ഥക്കാല വികസനപരിപാടികളിൽ പെടുന്നു.





   സഞ്ജയും റുക്സാനയും തമ്മിലുള്ള ബന്ധം വിവരിക്കുമ്പോൾ ഒന്നാമതായി പറയേണ്ടത് വന്ധ്യംകരണ പരിപാടിയാണ്. രാജ്യത്തിന്റെ വികസനത്തിന് തടസ്സമാകുന്നത് ജനങ്ങൾ കണക്കില്ലാതെ കുട്ടികളെ ഉണ്ടാക്കുന്നതാണെന്ന സാമ്പത്തികശാസ്ത്രം എവിടെനിന്നോ കേട്ടറിഞ്ഞ സഞ്ജയ് കുടുംബാസൂത്രണ പദ്ധതിക്ക് രൂപം നൽകി. ജനങ്ങളെ പലതരത്തിൽ വശപ്പെടുത്തി വന്ധ്യംകരണം നടത്തുക എന്നതായിരുന്നു കുടുംബാസൂത്രണ പരിപാടിയുടെ ലക്ഷ്യം. ഈ പരിപാടിയിലേക്ക് വലിയ സംഭാവന നൽകിയ ആളെന്ന നിലയിലാണ് രുഖ്സാന സുൽത്താന അറിയപ്പെടുന്നത്. ഡൽഹിയിൽ മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന കേന്ദ്രമായ ജുമാ മസ്ജിദ് പരിസരങ്ങളിൽ 8000 പേരെ വന്ധ്യംകരിക്കാൻ റുക്സാന സുൽത്താനയുടെ ഇടപെടലുകൾക്ക് സാധിച്ചുവെന്നാണ് അനൗദ്യോഗികമായ കണക്ക്.




  ഡൽഹിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ വന്ധ്യംകരണ പരിപാടി നടത്തുകയെന്ന ദൗത്യം സഞ്ജയ് വിശ്വസിച്ചേൽപ്പിച്ചത് രുക്സാന സുൽത്താനയെ ആയിരുന്നു. അവരാ ദൗത്യം എത്രയും ആത്മാർത്ഥതയോടെ ഏറ്റെടുത്ത് ചെയ്തു. പണം നൽകാമെന്ന് പ്രലോഭിപ്പിച്ചും റേഡിയോ പോലുള്ള വസ്തുക്കൾ നൽകിയുമെല്ലാം റുക്സാന കാര്യം നടത്തിയെന്നാണ് ചരിത്രം. ജുമാ മസ്ജിദിനു സമീപമായിരുന്നു സുൽത്താനയുടെ കുപ്രസിദ്ധമായ വന്ധ്യംകരണ ക്ലിനിക്ക്, ദുജാന ഹൗസ് നിലനിന്നിരുന്നത്. സ്ഥലത്ത് ഈ ക്ലിനിക്കിന്റെ സാന്നിധ്യം തന്നെ ജനങ്ങളുടെ മനസ്സമാധാനം കെടുത്തുന്നതായിരുന്നു. മതപരമായ കാരണങ്ങളാൽ വന്ധ്യംകരണപരിപാടിയോട് പൂർണമായും പുറംതിരിഞ്ഞു നിൽക്കുകയായിരുന്ന മുസ്ലിം വിഭാഗത്തെ അനുനയിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു റുക്സാനയ്ക്കുണ്ടായിരുന്നത്.





   എന്താണ് ഇത്തരമൊരു ലക്ഷ്യം ഏറ്റെടുക്കാനുണ്ടായ പ്രചോദനമെന്ന ചോദ്യത്തിന് അവർ നൽകിയ മറുപടി, യുവാക്കൾ നേതൃത്വമേറ്റെടുക്കണമെന്ന സഞ്ജയ് ഗാന്ധിയുടെ ആഹ്വാനം തന്നെ ആവേശഭരിതയാക്കി എന്നായിരുന്നു.അടിയന്തിരാവസ്ഥയ്ക്കു പിന്നാലെ റുക്സാന സുൽത്താൻ സാമൂഹ്യപ്രവർത്തനങ്ങളിൽ നിന്ന് പൂർണമായി പിൻവാങ്ങി. എന്താണ് കാരണമെന്ന ചോദ്യത്തിന് ലഭിച്ചത് വിചിത്രമെന്ന് തോന്നാവുന്ന ഒരു മറുപടിയായിരുന്നു. തന്നെക്കാൾ മികച്ച ഒരാൾക്കു വേണ്ടിയേ താൻ ജോലിയെടുക്കൂ, ഇപ്പോൾ അങ്ങനെയൊരാൾ തന്റെ മുന്നിലില്ല എന്നാണവർ സൂചിപ്പിച്ചത്.

Find out more: