എറണാകുളം നഗരഹൃദയത്തിൽ നിന്ന് ഹൈക്കോടതി കളമശ്ശേരിയിലേയ്ക്ക് നീങ്ങുന്നു! നിലവിലെ ഹൈക്കോടതിക്കെട്ടിടത്തിലെ സ്ഥലപരിമിതി അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഭരണസമിതി സർക്കാരിന് കത്തുനൽകിയിട്ടുണ്ട്. ഇതിനോട് അനുകൂലസമീപനമാണ് സർക്കാരിനും. കൂടുതൽ വിപുലമായ സൗകര്യങ്ങളോടെ കളമശ്ശേരിയിലേയ്ക്ക് ഹൈക്കോടതി മാറ്റി സ്ഥാപിക്കാനാണ് ആലോചന. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കോടതി ഭരണസമിതിയുടേതാകുമെന്നാണ് സർക്കാർ പറയുന്നത്. എറണാകുളത്ത് ബാനർജി റോഡ് മറൈൻ ഡ്രൈവിനു സമീപം ഷൺമുഖം റോഡുമായി ചേരുന്ന ഭാഗത്തിനു പേര് ഹൈക്കോടതി ജംഗ്ഷൻ എന്നാണ്. എന്നാൽ എറണാകുളം നഗരഹൃദയത്തിൽ നിന്ന് ഹൈക്കോടതി കളമശ്ശേരിയിലേയ്ക്ക് പറിച്ചു നടാനുള്ള ഒരുക്കത്തിൽ സർക്കാർ. 1994 മാർച്ച് 14ന് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം എൻ വെങ്കടാചലയ്യയായിരുന്നു കെട്ടിടത്തിന് തറക്കല്ലിട്ടത്.
ആദ്യം 10 കോടി രൂപ നിർമാണച്ചെലവ് കണക്കാക്കിയ കെട്ടിടം പൂർത്തിയാക്കാൻ 12 വർഷത്തോളമെടുത്തു. അഞ്ച് ഏക്കറിലായി അഞ്ചര ലക്ഷം ചതുരശ്ര അടി വലുപ്പത്തിൽ ഒൻപതു നിലകളായി നർമിച്ച കെട്ടിടത്തിൻ്റെ മൊത്തം നിർമാണച്ചെലവ് 85 കോടി രൂപയായിരുന്നു. വിവിധ കോടതികൾക്കു പ്രവർത്തിക്കാനുള്ള മുറികൾക്കും ജഡ്ജിമാരുടെ ചേംബറുകൾക്കും പുറമെ ലൈബ്രറി, കാൻ്റീൻ, ബാങ്ക് തുടങ്ങി വിപുലമായ സൗകര്യങ്ങൾ കെട്ടിടത്തിലുണ്ട്.നിലവിൽ എറണാകുളം നഗരത്തിൽ വേമ്പനാട്ടുകായലിൻ്റെ ഓരത്തായാണ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്. സംരക്ഷിതമേഖലയായ മംഗളവനം പക്ഷിസങ്കേതത്തോടു തൊട്ടുചേർന്ന് 2006ലാണ് നിലവിലെ ഹൈക്കോടതിക്കെട്ടിടത്തിൻ്റെ നിർമാണം പൂർത്തിയാക്കിയത്. കേരളത്തിൻ്റെയും ലക്ഷദ്വീപിൻ്റെയും ചുമതലയുള്ള കേരള ഹൈക്കോടതിയുടെ നിലവിലെ കെട്ടിടം രാജ്യത്തെ ഹൈക്കോടതികളിൽ തന്നെ വലിയ നിർമിതികളിലൊന്നാണ്.
രാവിലെയും വൈകിട്ടും നഗരത്തിൽ എത്തിപ്പെടാൻ കനത്ത ഗതാഗതക്കുരുക്കും തടസ്സമാകുന്നുണ്ട്. നിലവിലെ കെട്ടിടത്തിനോടു ചേർന്ന് ആവശ്യത്തിന് പാർക്കിങ് സൗകര്യങ്ങളില്ലാത്തതും കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കെട്ടിടത്തിൽ ആവശ്യത്തിന് സ്ഥലസൗകര്യമില്ലാത്തതും പുതിയ കെട്ടിടം വേണമെന്ന ആവശ്യം ശക്തമാക്കി. പരിസ്ഥിതിലോലമേഖലയായയതിനാൽ കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം ലഭിക്കില്ലെന്ന ബുദ്ധിമുട്ടും നേരിട്ടു.എന്നാൽ 2007ൽ പുതിയ കെട്ടിടത്തിൽ ഹൈക്കോടതി പ്രവർത്തനം തുടങ്ങിയതു മുതൽ നിർമാണത്തെപ്പറ്റിയുള്ള പരാതികൾ ഉയർന്നിരുന്നു. കെട്ടിടത്തിൻ്റെ ബലക്ഷയം സംബന്ധിച്ച പരാതികൾ പിൽക്കാലത്ത് പരിഹരിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
വരുംവർഷങ്ങളിൽ ആഗോളതാപനം മൂലം സമുദ്രജലനിരപ്പ് ഉയരുമെന്ന സാധ്യത മുന്നിൽക്കണ്ട് കടൽനിരപ്പിൽ നിന്ന് അധികം ഉയരെയല്ലാതെ സ്ഥിതി ചെയ്യുന്ന എറണാകുളം നഗരഹൃദയത്തിൽ നിന്ന് സുപ്രധാന സ്ഥാപനങ്ങൾ ഉയർന്ന മേഖലകളിലേയ്ക്ക് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യമുയർന്നു. ഇതിനു പിന്നാലെയാണ് കളമശ്ശേരിയിലേയ്ക്ക് ഹൈക്കോടതി മാറ്റാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നത്.കൂടാതെ മഴക്കാലത്ത് വെള്ളം കെട്ടാൻ സാധ്യത കൂടിയ മേഖലയിലാണ് നിലവിൽ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്. ഇത് മൺസൂൺകാലത്ത് ഇടപാടുകാരെയും ജീവനക്കാരെയും ഒരുപോലെ ദുരിതത്തിലാക്കി.
Find out more: