മുവാറ്റുപുഴ വണ്ണംപുറം റൂട്ടിൽ സ്വകാര്യ ബസിൽ നിന്നു ഇറക്കിവിട്ട അവശനായ യാത്രക്കാരൻ മരിച്ചു. ബസില്‍ കുഴഞ്ഞ് വീണ യാത്രക്കാരന്‍ സേവ്യറിനേയും കൊണ്ട് ബസ് അഞ്ച് കിലോമാറ്റര്‍ യാത്ര തുടര്‍ന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തിൽ കിളിയാർ പൊലീസ് കേസെടുത്തു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. വണ്ണപുറം സ്വദേശി എ.ഇ സേവ്യർ മുവാറ്റുപുഴയിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടയിൽ അവശത പ്രകടിപ്പിച്ച സേവിയറിനെ ഉടനടി ആശുപത്രിയിലെത്തിക്കാനോ, പ്രഥമികചികിത്സ നൽകാനോ ബസ് ജീവനക്കാർ തയ്യാറായില്ലെന്നാണ് ആരോപണം.
എന്നാൽ ബസ് ജീവനക്കാർ രോഗിക്ക് പരിഗണന നൽകിയെന്നും ആശുപത്രിയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചെന്നും ബസ് ഉടമ പറയുന്നു.
ബസ് ജീവനക്കാരുടെ നിർദ്ദേശപ്രകാരം താനാണ് രോഗിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഓട്ടോ ഡ്രൈവർ ഇസ്മായിൽ പ്രതികരിച്ചു. ബസ് ജീവനക്കാരുടെ  ഭാഗത്തു നിന്നുണ്ടായ വീഴ്ച മൂലമാണ് സേവ്യേർ മരിച്ചതെന്ന് ആരോപിച്ച് സേവ്യറിന്റെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.സംഭവത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കൾ റോഡ് ഉപരോധിച്ചു. തുടർന്ന് ആരെയും പ്രതി ചേർക്കാതെ പോലീസ് അസ്സ്വാഭാവിക മരണത്തിനു കേസ് എടുക്കുകയും ചെയ്തു.  എന്നാൽ രോഗിയെ ഇറക്കി വിട്ടിട്ടില്ലെന്നും ,പ്രാഥമിക ശുശ്രൂഷ നൽകി ഓട്ടോയിൽ കയറ്റി വിടുകയാണ് ഉണ്ടായതെന്നും, ബസ് ഉടമ  ബിനോ പോൾ പ്രതികരിച്ചു.  ബസ് ജീവനക്കാർ മാന്യമായിട്ടാണ് പെരുമാറിയതെന്ന്  ഓട്ടോ ഡ്രൈവറും പറഞ്ഞു.


Find out more: