തിരുവനന്തപുരം:കടൽ പ്രക്ഷുബ്ധമാകുമ്പോൾപ്പോലും മത്സ്യത്തൊഴിലാളികൾക്ക് ജീവൻരക്ഷാ ഉപകരണമായ ലൈഫ് ജാക്കറ്റ് ധരിക്കാൻ വൈമുഖ്യം. ഇതേത്തുടർന്ന് ലൈഫ് ജാക്കറ്റ് ധരിക്കാതെ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനും ഉടമകളിൽനിന്ന് പിഴയീടാക്കാനും തീരുമാനിച്ചതായി ഫിഷറീസ് അധികൃതർ അറിയിച്ചു.
ശക്തമായ തിരയിൽപ്പെട്ട് കഴിഞ്ഞയാഴ്ച രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച സാഹചര്യത്തിലാണ് അധികൃതർ കർശന നടപടിക്കൊരുങ്ങുന്നത്. പുതിയതുറ സ്വദേശി നസിയാൻസിനെയും അഞ്ചുതെങ്ങ് സ്വദേശി കാർലോസിനെയുമാണ് തിരയിൽപ്പെട്ട് കാണാതായത്. കാർലോസിന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തി. ലൈഫ്ജാക്കറ്റ് ധരിച്ചിരുന്നുവെങ്കിൽ ഇവരെ രക്ഷപ്പെടുത്താനാകുമായിരുന്നുവെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു.
പൊഴിയൂർ മുതൽ വർക്കല ഇടവ വരെയുളള 22 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലായി ഇതുവരെ 6000 ലൈഫ് ജാക്കറ്റുകളാണ് വിതരണം ചെയ്തത്. ഒരു വള്ളത്തിന് നാലുമുതൽ അഞ്ചുവരെ ലൈഫ് ജാക്കറ്റുകളാണ് നൽകിയത്. ഇവരിൽനിന്ന് ഗുണഭോക്തൃവിഹിതമായി 250 രൂപയും അധികൃതർ ഈടാക്കിയിരുന്നു. എന്നാൽ വാങ്ങിപ്പോയതല്ലാതെ ഒരു തൊഴിലാളിയും ലൈഫ് ജാക്കറ്റ് ഉപയോഗിക്കുകയോ വള്ളത്തിൽ സൂക്ഷിക്കുകയോ ചെയ്യുന്നില്ലെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു.
click and follow Indiaherald WhatsApp channel