കൊറോണ കാലത്തെ ധവാൻ! അനുഭവിക്കുന്ന കാലത്ത് അതിഭീകരമായ പ്രതിസന്ധിയായിരുന്നത് പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ ചിരിക്കാനുള്ള വകയായിരിക്കും. അനുഭവിച്ച കാലത്തെ പ്രതിസന്ധിയെ കുറിച്ച് പറഞ്ഞാൽ പിന്നീടുള്ള തലമുറയ്ക്ക് വിശ്വസിക്കാൻ പോലും സാധിച്ചെന്ന് വരില്ല. പ്ലേഗ്, മലമ്പനി തുടങ്ങിയ രോഗങ്ങളുടെ ഭീകരാവസ്ഥയെ കുറിച്ച് മുൻ തലമുറ പറഞ്ഞു കേട്ടതെല്ലാം ഇപ്പോഴുള്ളവർക്ക് അവിശ്വസനീയ കഥകളായിരുന്നു. ലോകത്തെ മുഴുവൻ അടച്ചിട്ട കോവിഡ് അടുത്ത തലമുറയ്ക്ക് അവിശ്വസനീയമായിരിക്കും. ഓർക്കുന്നില്ലേ, കോവിഡ് മുക്തരായി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്നും പുറത്തേക്ക് വരുന്നവരെ പൂക്കൾ നൽകി ആനയിച്ചും കൈകൾകൊട്ടി അഭിനന്ദിച്ചും ആരോഗ്യ പ്രവർത്തകർ ജീവിതത്തിലേക്ക് യാത്രയാക്കിയ നിമിഷങ്ങൾ. പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഈ കാഴ്ച ചരിത്രമായി രേഖപ്പെടുത്തി കിടക്കുന്നുണ്ട്.




   നിപ ഭയപ്പെടുത്തിയ കാലത്തെ പുനഃസൃഷ്ടിച്ച് 'വൈറസ്' എന്ന ചിത്രം വന്നതുപോലെ കൊറോണക്കാലത്തിൻ്റെ ഓർമകൾ അടയാളപ്പെടുത്തിയാണ് 'കൊറോണ ധവാൻ' ചിത്രീകരിച്ചിരിക്കുന്നത്. കോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾ പലവിധത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തെ മദ്യപാനികൾ എങ്ങനെയാണ് നേരിട്ടതെന്നാണ് തമാശ കലർത്തി പറയുകയാണ് കൊറോണ ധവാൻ. മകളുടെ കല്ല്യാണത്തിന് സ്വർണവും വസ്ത്രങ്ങളും വാങ്ങാനും ഒരുക്കങ്ങൾക്കുമായി അമ്മ ബാങ്കിൽ നിന്നും ലോണെടുക്കുമ്പോൾ സഹോദരൻ വായ്പയ്ക്ക് നെട്ടോട്ടമോടുന്നത് കല്ല്യാണത്തലേന്നെത്തുന്നവർക്ക് കുടിക്കാനുള്ള മദ്യം വാങ്ങി സൂക്ഷിക്കാനുള്ള പണത്തിനാണ്. വാഹനത്തിൻ്റെ ആർ സി ബുക്ക് പണയം വെച്ച് പെങ്ങളുടെ കല്ല്യാണത്തിനായി 35 കുപ്പി 'ധവാൻ' വാങ്ങിവെക്കുന്നുണ്ട് സഹോദരൻ വിനു എന്ന ധവാൻ വിനു. പെങ്ങളാവട്ടെ കല്ല്യാണത്തലേന്ന് രാത്രി സ്വർണവുമായി സഹോദരൻ്റെ സുഹൃത്തായ മുഴുക്കുടിയനോടൊപ്പം ഒളിച്ചോടുന്നു. അന്നു രാത്രി തന്നെയാണ് ഇന്ത്യയിൽ കോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതും.   



  

 നവാഗതനായ നിഥിൻ സി സി (ടൈറ്റിൽ കാർഡിൽ സി സി എന്നുമാത്രമാണ് പ്രദർശിപ്പിക്കുന്നത്) സംവിധാനം നിർവഹിച്ച കൊറോണ ധവാൻ സുജയ് മോഹൻരാജാണ് രചന നിർവഹിച്ചത്. ജെ ആന്റ് ജെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെയിംസും ജെറോമും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. പെങ്ങൾ ഒളിച്ചോടിയതോടെ മദ്യക്കുപ്പികൾ പൊട്ടിക്കാതെ ബാക്കിയാകുന്നു. കോവിഡ് കാലത്ത് മദ്യം കിട്ടാതെ വന്നതോടെ അതിൽ കുറച്ച് വിനു തന്നെ കുടിച്ചു തീർക്കുന്നുവെങ്കിലും പൊന്നുംവിലയായ അവ പിന്നീടവൻ ഭദ്രമായി സൂക്ഷിച്ചു വെക്കുകയാണ്. മുഴുക്കുടിയനായ പാമ്പ് ഗ്ലാഡ്‌സണായെത്തുന്ന ശ്രീനാഥ് ഭാസി മദ്യം കിട്ടാത്ത അവസ്ഥ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. മദ്യം ശീലമായവർ അത് കിട്ടാതെ വന്നാൽ എങ്ങനെയൊക്കെ പെരുമാറിയേക്കുമെന്ന് സിനിമ വരച്ചു കാണിക്കുന്നുണ്ട്.





  

ഓണത്തിനും ക്രിസ്തുമസിനും പൂരത്തിനും പള്ളിപ്പെരുന്നാളിനും ഏറ്റവും കൂടുതൽ മദ്യം വിറ്റുപോകുന്ന ബീവറേജുകൾ സ്ഥിതി ചെയ്യുന്ന ചാലക്കുടിയുടേയും ഇരിങ്ങാലക്കുടയുടേയും സമീപ ഗ്രാമമായ ആനത്തടത്തിലാണ് ലോക്ക്ഡൗൺ കാലത്തെ മദ്യപാനികളുടെ പരാക്രമം നടക്കുന്നത്. മദ്യപാനികളെ പിടികൂടാൻ പൊലീസ് ഡ്രോൺ പറത്തുന്നതും അതൊരു മദ്യപാനി കുപ്പിയെറിഞ്ഞ് തകർക്കുന്നതുമൊക്കെ കോവിഡ് കാലത്തിൻ്റെ കാഴ്ചകളായി അവതരിപ്പിച്ചിരിക്കുന്നു. മദ്യക്കുപ്പിക്ക് വലിയ വില പറഞ്ഞ് പലരും വിനുവിനെ സമീപിക്കുന്നുണ്ടെങ്കിലും അവൻ കൊടുക്കാൻ തയ്യാറാകുന്നില്ല. പെങ്ങൾ ഒളിച്ചോടിയതിന് പിന്നാലെ കോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് വിനുവിനും അമ്മയ്ക്കും വ്യക്തിപരമായി സഹായകരമാകുന്നുണ്ടെങ്കിലും മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അതൊരു ദുരിതമയമായ കാലമായിരുന്നു, പ്രത്യേകിച്ച് മദ്യപാനികൾക്ക്. ഒരു തുള്ളി മദ്യം കിട്ടാൻ അവർ നടത്തുന്ന പരിശ്രമങ്ങളും സാനിറ്റൈസറിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടെന്നറിഞ്ഞ് അതെടുത്ത് കുടിച്ച് ആശുപത്രിയിലാകുന്നതുമൊക്കെ രസകരമായി ചിത്രീകരിച്ചിട്ടുണ്ട് കൊറോണ ധവാനിൽ.

Find out more: