ആ അഞ്ച് മണ്ഡലങ്ങളിൽ സംഭവിച്ചതെന്ത്? കേരള കോൺഗ്രസ് അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കും! പാലായിൽ കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്ക് നേരിടേണ്ടി വന്ന തിരിച്ചടി തന്നെയാണ്. ഇതിന് പുറമെ വിജയം പ്രതീക്ഷിച്ചിട്ടും കേരളാ കോൺഗ്രസിന് മറ്റ് നാല് മണ്ഡലങ്ങളിൽ കൂടി തോൽവി വഴങ്ങേണ്ടി വന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് കേരളാ കോൺഗ്രസ് ഉന്നയിച്ച പരാതി അന്വേഷിക്കാൻ സിപിഎം തയ്യാറെടുക്കുന്നെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സിപിഎം മുന്നോട്ടുവെച്ച മാതൃകയിൽ തോൽവി പഠിക്കാൻ കേരളാ കോൺഗ്രസ് എം തന്നെ അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നെന്ന വാർത്തയാണ് ചർച്ചയാകുന്നത്. റിപ്പോർട്ടർ ലൈവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.




  നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ആധികാരിക വിജയം നേടിയപ്പോഴും ചില മണ്ഡലങ്ങളിലെ തോൽവി നേതൃത്വത്തിന് തലവേദനയായിരുന്നു. ഇന്നലെ ചേർന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നെന്നാണ് റിപ്പോർട്ട്. രണ്ടാഴ്ചക്കുള്ളിൽ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് കേരള കോൺഗ്രസ് നേതാക്കൾ അറിയിച്ചെന്നാണ് റിപ്പോർട്ടർ ലൈവ് പറയുന്നത്. പാർട്ടിയിൽ ഘടനാപരമായ മാറ്റം വരുത്തുകയാണെന്ന് ചെയർമാൻ ജോസ് കെ മാണി തന്നെ കഴിഞ്ഞദിവസം വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പഠിക്കാൻ സിപിഎം മുന്നോട്ടുവെച്ച മാതൃക കേരളാ കോൺഗ്രസ് എമ്മും പിന്തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പാല ഉൾപ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളിലെ തോൽവിയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനാണ് ഈ നടപടി.  ഇതിന് പുറമെ വിജയം പ്രതീക്ഷിച്ചിട്ടും നിരാശ നേരിടേണ്ടി വന്ന കടുത്തുരുത്തി, പെരുമ്പാവൂർ, ചാലക്കുടി, പിറവം മണ്ഡലങ്ങളിലെ തോൽവിയും പാർട്ടി അന്വേഷണ കമ്മീഷൻ പരിശോധിക്കുമെന്നാണ് റിപ്പോർട്ട്.



  എൽഡിഎഫിലെ ഘടകകക്ഷികളിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലേയെന്നും വോട്ട് ചോർച്ചയുണ്ടായ വഴിയുമാകും കമ്മീഷൻ പ്രധാനമായും പരിശോധിക്കുക. പാർട്ടി ചെയർമാൻ ജോസ് കെ മാണി മത്സരിച്ച് പരാജയപ്പെട്ട പാല മണ്ഡലം തന്നെയാകും കേരളാ കോൺഗ്രസ് അന്വേഷണ കമ്മീഷൻറെ പ്രഥമ പരിഗണനയിൽ ഉണ്ടാവുക എന്നതിൽ യാതൊരു സംശയവുമില്ല. പിറവത്തും പെരുമ്പാവൂരിലും സിപിഎം തന്നെ കാലുവാരി എന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പ്രാദേശിക നേതാക്കൾ ജോസ് കെ മാണിയോട് സൂചിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും യോഗശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ജോസ് കെ മാണി പറഞ്ഞിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. കേരളാ കോൺഗ്രസിൻറെ വോട്ടുകൾ ലഭിച്ചതോടെ മധ്യകേരളത്തിലടക്കം സിപിഎം സ്ഥാനാർഥികൾ ജയിച്ച് കയറിയെങ്കിലും തങ്ങൾ മത്സരിച്ച മണ്ഡലങ്ങളിൽ ഈ സഹകരണം ഉണ്ടായില്ലെന്ന ആക്ഷേപവും കേരളാ കോൺഗ്രസിനുണ്ട്.



   പിറവത്ത് കേരളാ കോൺഗ്രസ് പരാജയപ്പെടുമെന്ന പ്രചാരണം സിപിഎം പ്രാദേശിക നേതൃത്വത്തിൻറെ ഭാഗത്ത് നിന്നുമുണ്ടായി. പെരുമ്പാവൂരിൽ ഒരു മുതിർന്ന സിപിഎം നേതാവ് തന്നെ കേരളാ കോൺഗ്രസ് സ്ഥാനാർഥിയെ തോൽപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തുടങ്ങിയ ആരോപണങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. എന്നാൽ പാർട്ടി നേതൃത്വത്തിൽ നിന്നും ഇതുമായി ബന്ധപ്പെട്ട പ്രതികരണം ഉണ്ടായിട്ടില്ല. പാലായിൽ ജോസ് കെ മാണിയ്ക്ക് സിപിഎമ്മിൻറെ ഭാഗത്തുനിന്നുതന്നെ പിന്തുണ ലഭിച്ചില്ലെന്ന പരാതി നേരത്തെ ഉയർന്നിരുന്നു.പാർട്ടി ജനകീയഅടിത്തറ ശക്തമാക്കുന്നതിൻറെ ഭാഗമായി ഘടനാപരമായ മാറ്റങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്. പാർട്ടിയുടെ ജനകീയ അടിത്തറ വളർത്തുവാൻ കാലഘട്ടത്തിനനുസരിച്ച് സംഘടനാപരമായും ഘടനാപരമായും മാറ്റം വരുത്തുമെന്നും പാർട്ടിയുടെ പോഷക സംഘടനകളെ പുനഃസംഘടിപ്പിക്കുമെന്നുമായിരുന്നു വാക്കുകൾ.



  നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നേരിട്ട് ചേർന്ന ആദ്യ പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗമായിരുന്നു ഇന്നലത്തേത്. യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ ഓരോ മണ്ഡലത്തിലെയും പ്രവത്തനങ്ങൾ വിലയിരുത്തിയിരുന്നെന്ന് ജോസ് കെ മാണി തന്നെ യോഗ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ കേരളാ കോൺഗ്രസിൻറെ പരാതി അന്വേഷിക്കാൻ സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. പാല ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ച് ആരോപണം ഉയർന്ന സാഹചര്യത്തിലായിരുന്നു ഈ തീരുമാനം. രണ്ടംഗ കമ്മീഷനെയാണ് പരാതി അന്വേഷിക്കാൻ സിപിഎം നിയോഗിച്ചിരിക്കുന്നതെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് കേരളാ കോൺഗ്രസ് എം തന്നെ തെരഞ്ഞെടുപ്പ് തിരിച്ചടിയ്ക്ക് പിന്നിലെ കാരണം അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കുന്നത്.

Find out more: