
ഇറാഖ്, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം അമേരിക്ക വ്യവസ്ഥാപിത സർക്കാരുകളെ അട്ടിമറിച്ചാണ് ആക്രമണം നടത്തിയത്. ഈ രാജ്യങ്ങൾ ഇപ്പോൾ എവിടെയാണ് നിൽക്കുന്നതെന്ന് ആലോചിക്കണമെന്നു പറഞ്ഞ തോമസ് ഐസക് അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിവിശേഷം ലോകത്ത് പലയിടത്തും തീവ്രവാദം ശക്തിപ്പെടാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടി. എല്ലാ മതങ്ങളിലെയും തീവ്രവലതുപക്ഷം ലോകത്തിനു മൊത്തത്തിൽ ഭീഷണിയാകും. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം യുപി തെരഞ്‌ഞെടുപ്പിൽ ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്ന റിപ്പോർട്ടുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യരാജ്യങ്ങളിൽ മതതീവ്രവാദത്തിന് താലിബാൻ ലൈസൻസാകുമെന്നും അദ്ദേഹം വിമർശിച്ചു. സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങൾക്കും വേണ്ടിയാണ് യുഎസ് ഇതരരാജ്യങ്ങളിൽ ഇടപെടുന്നതെന്ന യുഎസ് ന്യായവാദം പൊള്ളത്തരമാണെന്ന് ഐസക് അഭിപ്രായപ്പെട്ടു.
"എന്നാൽ വിദ്യാഭ്യാസവും ലിംഗനീതിയും ഭൂപരിഷ്കരണവും ഉറപ്പുവരുത്തിയ അഫ്ഗാൻ സർക്കാരിനെതിരെയാണ് താലിബാനെപ്പോലുള്ള മതഭീകരതയെ വളർത്തിയത് എന്നോർക്കുമ്പോൾ ഈ വാചാടോപത്തിന്റെ പൊള്ളത്തരം ബോധ്യമാകും." തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. താലിബാൻ്റെ ക്യാംപുകളിലേയ്ക്ക് പണവും ആയുധവും ഒഴുക്കിയത് യുഎസ് ആണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പല മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും മുൻപ് മതനിരപേക്ഷ മൂല്യങ്ങൾക്കും സ്ത്രീ സ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകിയിരുന്നുവെന്നും ഇവിടങ്ങളിൽ കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ശക്തമായിരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.
എന്നാൽ ഈ സ്വാധീനം തകർക്കാനായി യുഎസ് സൗദി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വഹാബി ഇസ്ലമിനെയും ഈജിപ്തിലെ മുസ്ലീം ബ്രദർഹുഡിനെയും പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും ഐസക് കുറിച്ചു. താലിബാൻ്റെ പ്രത്യയശാസ്ത്രം അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണ്. അവരെ ന്യായീകരിക്കുന്നവർ അവരെക്കാൾ മനുഷ്യത്വവിരുദ്ധരാണെന്നും ഒരു ഭീകരത മറ്റൊരു ഭീകരതയ്ക്ക് അടിവളമാകുമെന്നും തോമസ് ഐസക് പറഞ്ഞു. ഇത് ജനാധിപത്യത്തിന് ഭീഷണിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ചരിത്രവസ്തുതകൾ താലിബാനെ വിശുദ്ധരായി കാണുന്ന ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ളവരുടെ മുഖംമൂടി വലിച്ചു കീറുന്നുണ്ടെന്ന് താലിബാൻ പറഞ്ഞു.