ഹരിയാന മുഖ്യമന്ത്രിയുൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ പൗരത്വം തെളിയിക്കുന്ന രേഖ കൈവശമില്ലെന്ന് പറഞ്ഞിരിക്കുകയാണ് സർക്കാർ.മോദിയുടെ പൗരത്വ രേഖ ചോദിച്ച് നൽകിയ വിവരാവകാശത്തിന് കഴിഞ്ഞദിവസം ലഭിച്ച മറുപടി രാജ്യത്ത് ഏറെ ചർച്ചയായിരുന്നു. മോദി ജന്മനാ ഇന്ത്യൻ പൗരനായതു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൗരത്വ രേഖയുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നായിരുന്നു അന്ന് ലഭിച്ച മറുപടി.

 

 

 

    അങ്ങിനെയാണെങ്കിൽ മോദിയുടെ അതേ അവകാശമല്ലേ രാജ്യത്തെ മറ്റെല്ലാ പൗരന്മാർക്കും ഉള്ളതെന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വ രേഖ കാണിക്കണമെന്ന് സുബന്‍കര്‍ സര്‍ക്കാര്‍ എന്ന വ്യക്തി വിവരാവകാശ നിയമം വഴി അപേക്ഷ നല്‍കിയപ്പോഴാണ് അദ്ദേഹത്തിന്‍റെ ഓഫീസ് മോദി ജന്മനാ ഇന്ത്യനാണെന്ന മറുപടി നൽകിയത്. 1955ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാല്‍ തന്നെ ഇന്ത്യന്‍ പൗരനാണ്, അതുകൊണ്ടുതന്നെ ഈ ചോദ്യത്തിന് പ്രസക്തിയില്ല എന്നായിരുന്നു മറുപടിയിൽ പറഞ്ഞത്.

 

 

   മോദിയുടെ ജന്മനായുള്ള പൗരത്വം ചർച്ചയായ വേളയിൽ തന്നെയാണ് ഹരിയാനയിലെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടുന്ന ബിജെപി നേതാക്കളുടെ രേഖകൾ തങ്ങളുടെ പക്കലില്ലെന്ന് സർക്കാർ മറുപടി നൽകിയത്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഗവര്‍ണര്‍ സത്യേദേവ് നാരായണ്‍ ആര്യ, മന്ത്രിമാര്‍ എന്നിവരുടെ പൗരത്വ രേഖയെക്കുറിച്ചാണ് വിവരാവകാശ നിയമപ്രകാരം ചോദ്യം ഉയർത്തിയത്.ജനുവരി 20ന് പാനിപത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ പിപി കപൂറാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.

 

 

   മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഗവര്‍ണര്‍ സത്യേദേവ് നാരായണ്‍ ആര്യ, ക്യാബിനറ്റ് മന്ത്രിമാര്‍, എന്നിവരുടെ പൗരത്വം തെളിയിക്കുന്ന രേഖയാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടത്. ഇതിനുള്ള മറുപടിയാണ് സർക്കാർ നൽകിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ മനോഹർ ലാൽ ഖട്ടറിന്‍റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു മഹാരാഷ്ട്രയിൽ എൻആർസി നടപ്പിലാക്കുമെന്നത്. അനധികൃത കുടിയേറ്റക്കാരെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

    അതേസമം രാജ്യത്ത് എൻആർസി നടപ്പിലാക്കുമെന്ന തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറിയിരിക്കുകയാണ്. രാജ്യത്ത് എൻആർസി നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രിയുൾപ്പെടെയുള്ളവരാണ് പറഞ്ഞിരിക്കുന്നത്.പിപി കപൂറിന്‍റെ അപേക്ഷയ്ക്ക് ഹരിയാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പൂനം രാതിയാണ് മറുപടി നൽകിയിരിക്കുന്നത്.

 

 

     തങ്ങളുടെ കൈവശം ഇവരുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ ഒന്നുമില്ലെന്നും ഒരുപക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കൈവശമുണ്ടായേക്കാമെന്നുമാണ് മറുപടിയിലുള്ളത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന എൻആർസി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് അവകാശപ്പെട്ടിരുന്ന മുഖ്യമന്ത്രിയാണ് മനോഹർ ലാൽ ഘട്ടർ ഇദ്ദേഹത്തിന്‍റെ പൗരത്വ രേഖ തന്നെ തങ്ങളുടെ കൈയ്യിലില്ലെന്ന സർക്കാർ മറുപടി രാജ്യത്ത് ചർച്ചയാകുമെന്ന് ഉറപ്പാണ്.

మరింత సమాచారం తెలుసుకోండి: