തൊഴിലുറപ്പ് പദ്ധതിയിലും പണം ചോരുന്നുവോ? ജോലി നടക്കുന്നുണ്ടോ എന്നുറപ്പിക്കാൻ കേന്ദ്രം! പദ്ധതിയുടെ നടത്തിപ്പിനിടെ വൻതോതിൽ പണം പാഴായെന്നാണ് കേന്ദ്രസർക്കാരിൻ്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കടുത്ത നടപടികൾക്കൊരുങ്ങുകയാണ് കേന്ദ്രം. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വലിയ നഷ്ടമെന്ന് കേന്ദ്രസർക്കാരിൻ്റെ കണ്ടെത്തൽ. ഈ സാമ്പത്തികവർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം അനുവദിക്കുന്ന തുകയെക്കാൾ 25 ശതമാനം കുറഞ്ഞ തുകയാണ് അടുത്ത സാമ്പത്തിക വർഷത്തേയ്ക്ക് അനുവദിച്ചിരിക്കുന്ന തുക. 2022-23 സാമ്പത്തിക വർഷത്തിൽ 73,000 രൂപയാണ് തൊഴിലുറപ്പ് പദ്ധതിയ്ക്കായി കേന്ദ്ര ബജറ്റിൽ വകയിരുത്തിയിരിക്കുന്ന തുക.
എന്നാൽ ഈ മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 93,000 കോടി രൂപയായിരുന്നു തുക. കഴിഞ്ഞ രണ്ട് വർഷത്തിനിടെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ വൻ പദ്ധതികളുടെ നടത്തിപ്പിലാണ് സാമ്പത്തിക നഷ്ടം കണ്ടെത്തിയത്. ഇടനിലക്കാരിലൂടെയും മറ്റു വഴികളിലൂടെയും സർക്കാരിന് കൂടുതൽ പണം ചെലവായെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ തൊഴിലുറപ്പ് പദ്ധതിയ്ക്കായി വകയിരുത്തുന്ന തുകയിലടക്കം നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് നീക്കം. പണം ചോരുന്നതു തുടരുകയാണെന്നും ഇതിനു പ്രധാനകാരണം ഇടനിലക്കാരാണെന്നുമാണ് റിപ്പോർട്ട്. തൊഴിലുറപ്പ് പദ്ധതിയ്ക്കായി ആളുകളുടെ പേരു ചേർക്കുന്നതിനായി ഇടനിലക്കാർ വാങ്ങുന്ന പണമാണ് ഇതിൽ പ്രധാനം.
തൊഴിലാളികളുടെ അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് പണമെത്തിക്കുന്ന സംവിധാനം വലിയ വിജയമാണെന്നും പക്ഷെ മസ്റ്റർ റോളിൽ പേരു ചേർക്കുന്നതിൻ്റെ പേരിൽ ഇടത്തരക്കാർ പണം വാങ്ങുന്ന സംഭവങ്ങൾ വ്യാപകമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഈ ഇടപാട് വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗ്രാമീണ മന്ത്രാലയം നടപടികൾ കടുപ്പിക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷവും ബജറ്റിൽ വകയിരുത്തിയ തുകയെക്കാൾ കൂടുതൽ തൊഴിലുറപ്പ് പദ്ധതിയ്ക്കു വേണ്ടി ചെലവഴിക്കേണ്ടി വന്നെന്നു ഇതിനു കാരണം തുക ഫലപ്രദമായി വിനിയോഗിക്കാത്തതാണെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള എക്കണോമിക് ടൈംസ് റിപ്പോർട്ട്.
ആദ്യ കൊവിഡ് ലോക്ക് ഡൗൺ കാലത്ത് തൊഴിലുറപ്പ് പദ്ധതിയ്ക്കു വേണ്ടിയുള്ള തുക കേന്ദ്രം വർധിപ്പിച്ചിരുന്നു. അന്ന് ചരിത്രത്തിലേറ്റവും കൂടുതൽ തുകയാണ് നീക്കി വെച്ചത്. ബജറ്റ് വിഹിതം 61,500 രൂപയാണെങ്കിലും 1.11 ലക്ഷം കോടി രൂപ അനുവദിക്കുന്ന സാഹചര്യമുണ്ടായി. തൊട്ടടുത്ത സാമ്പത്തിക വർഷവും ബജറ്റ് തുകയെക്കാൾ അധികം തുക അനുവദിച്ചു. രാജ്യത്ത് ഗ്രാമീണ മേഖലയിലുള്ള തൊഴിലാളികൾക്ക് കുറഞ്ഞത് 100 തൊഴിൽ ദിവസങ്ങളെങ്കിലും ഉറപ്പാക്കാനാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി ആവിഷ്കരിച്ചത്
Find out more: