ഹരിയാനയിലെ മതപരിവർത്തനം തടയാനുള്ള ബില്ലിൽ എന്തെല്ലാം? ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞതിന് കോൺഗ്രസ് എം.എൽ.എ ഡോ.രഘുവീർ സിങ് കാഡിയാനെ സ്പീക്കർ സസ്‌പെൻഡ് ചെയ്തതോടെ പ്രതിഷേധം സഭക്ക് പുറത്തേക്കും വ്യാപിച്ചു. നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ ഹരിയാന സർക്കാർ കൊണ്ടുവന്ന ബിൽ നിയമസഭയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. മതപ്രചരണ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഭരണഘടനക്ക് എതിരായ ബില്ലാണ് ഇതെന്നും കോൺഗ്രസ് എം.എൽ.എമാർ ആരോപിക്കുന്നു. അതേസമയം, സമൂഹത്തിൽ സുരക്ഷയുണ്ടാക്കാൻ വേണ്ട മുൻകരുതലാണ് ബില്ലെന്നാണ് നിയമസഭാ സ്പീക്കർ ഗ്യാൻ ചാന്ദ് ഗുപ്ത പറയുന്നത്. ഹരിയാനയിലെ ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ശ്രമമാണ് ബി.ജെ.പി സർക്കാർ നടത്തുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.






   'ലവ് ജിഹാദിനെ' നേരിടാൻ നിയമം കൊണ്ടുവരാൻ നിയമവകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു. ഇതിനെ തുടർന്ന് നിയമവകുപ്പ് തയ്യാറാക്കിയ ബിൽ മന്ത്രിസഭ ഫെബ്രുവരിയിൽ അംഗീകരിച്ചു. ഹരിയാനയിലെ ചില പ്രദേശങ്ങളിൽ 'ലവ് ജിഹാദ്' വ്യാപകമാവുന്നുവെന്ന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ 2021 ആഗസ്റ്റിലെ പരാമർശമാണ് ബിൽ രൂപീകരണത്തിലേക്ക് വഴിവെച്ചത്. ''മറ്റു മതങ്ങളിൽ നിന്ന ആളെകൂട്ടി സ്വന്തം മതത്തിന്റെ ശക്തിവർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തരം മതംമാറ്റങ്ങൾ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ ബാധിക്കുമെന്നാണ് സുപ്രിംകോടതി വിധി പറയുന്നത്. രാജ്യത്തിന്റെ സെക്യുലർ സ്വഭാവത്തെ ബാധിക്കാത്ത രീതിയിൽ മാത്രമേ മതം മാറ്റം അനുവദിക്കാവൂയെന്നാണ് സുപ്രിംകോടതി വിധി പറയുന്നത്.''--ബിൽ പറയുന്നു. ''ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും പ്രാക്ടീസ് ചെയ്യാനും പ്രചരിപ്പിക്കാനും പൗരന് ഭരണഘടന അവകാശം നൽകുന്നു.





  എന്നിരുന്നാലും ഈ വ്യക്തിപരമായ അവകാശത്തെ കൂട്ടത്തോടെ മതപരിവർത്തനം നടത്താനുള്ള അവകാശമായി വ്യാഖ്യാനിക്കരുത്. ഇപ്പോൾ സമൂഹത്തിൽ നിരവധി കൂട്ട മതപരിവർത്തനങ്ങൾ നടക്കുന്നു. വ്യത്യസ്ഥ മതവിഭാഗങ്ങളുള്ള നമ്മുടെ സമൂഹത്തിൽ അത് വിവാദ വിഷയമാണ്. മറ്റു മതങ്ങളിലെ ദുർബല വിഭാഗങ്ങളെ മതംമാറ്റണമെന്ന ഉദ്ദേശത്തോടെ വ്യാജ സാമൂഹിക സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. വ്യക്തികളെ സ്വാധീനിച്ചും വശീകരിച്ചും വരെ അവർ ആളുകളെ മതംമാറ്റുന്നു. ചിലരെ ബലം പ്രയോഗിച്ചു മതം മാറ്റുന്നതായും കാണപ്പെടുന്നു.''--ബില്ലിന്റെ ഉദ്ദേശലക്ഷ്യങ്ങൾ പറയുന്നു. സ്ത്രീകളെയും കുട്ടികളെയും ആദിവാസികളെയും ദലിതരെയും നിയമവിരുദ്ധമായി മതംമാറ്റിയാൽ കൂടുതൽ ശിക്ഷ നൽകണമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. നിർബന്ധിത മതം മാറ്റ ആരോപണം ഉയർന്നാൽ അത് തെറ്റാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം ആരോപണവിധേയനാണ്. 






  മറ്റു ക്രിമിനൽ നിയമങ്ങളിലെല്ലാം ആരോപണത്തിന്റെ വസ്തുത തെളിയിക്കേണ്ട ഉത്തരവാദിത്തം അന്വേഷണ ഏജൻസിക്കാണ്. ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് മാറുന്ന വ്യക്തി താൻ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമായിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റിന് സത്യവാങ്മൂലം നൽകണമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. വിവാഹത്തിനായി മതം മാറിയാൽ വിവാഹം തന്നെ റദ്ദാക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. വിവാഹം ചെയ്യാൻ മതം മറച്ചുവെക്കുന്നത് മൂന്നു മുതൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതികളിൽ നിന്ന് മൂുന്നു ലക്ഷം രൂപ വരെ പിഴയും ഈടാക്കാം. നിയമവിരുദ്ധമായി കൂട്ടമതപരിവർത്തനം നടത്തുന്നത് അഞ്ച് മുതൽ പത്ത് വർഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നാലു ലക്ഷം രൂപയിൽ കുറയാത്ത പിഴയും ഈടാക്കാം.
 തെറ്റിധരിപ്പിച്ചും ബലം പ്രയോഗിച്ചും നീതിയുക്തമല്ലാതെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും വിവാഹവാഗ്ദാനം നൽകിയും മതം മാറ്റുന്നത് നിയമവിരുദ്ധമാണെന്നാണ് ബിൽ പറയുന്നത്. മതം മാറുന്നയാൾക്കും മതപരമായ അവകാശങ്ങളുണ്ട്. നിയമവിരുദ്ധമായ മതംമാറ്റങ്ങൾ ഹരിയാനയുടെ മതനിരപേക്ഷ സ്വഭാവത്തിന് വെല്ലുവിളിയായി വളർന്നിരിക്കുകയാണ്. അതിനാലാണ് ബിൽ കൊണ്ടുവരുന്നത്.
 


Find out more: