സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സിന് മൂക്കുകയറിടാൻ കേന്ദ്രസർക്കാർ! സെലിബ്രിറ്റികളോ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്‌സോ (സാമൂഹിക മാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നവർ) അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഏതെങ്കിലും കമ്പനിയുടെ ഉൽപ്പന്നമോ ബ്രാൻഡോ പ്രൊമോട്ട് ചെയ്യുമ്പോൾ അതിന്റെ കൂടെത്തന്നെ അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും ഒന്നും മറച്ചുവെക്കാതെ പരസ്യപ്പെടുത്തണമെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഭരണകൂടം നിർദേശിച്ച മാർഗ്ഗനിർദേശങ്ങൾ ലംഘിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്‌സിന് 50 ലക്ഷം രൂപ വരെ പിഴ ചുമത്തമെന്നും ഉത്പന്നങ്ങൾക്ക് ആറു വർഷം വരെ വിലക്കേർപ്പെടുത്തുകയും ചെയ്യുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ മാർക്കറ്റിങ്ങിനിടയിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ നിയന്ത്രണങ്ങളെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സിന് മൂക്കുകയറിടാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നുവെന്ന വാർത്ത വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. സമീപകാലത്തെ കണക്കുകൾപ്രകാരം ലോകത്ത് ഏകദേശം അഞ്ച് ബില്യണിനടുത്ത് ആളുകൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നുണ്ട്. അതായത് ലോകത്തിലെ മുഴുവൻ ജനസംഖ്യയുടെ 56.8 ശതമാനം ആളുകൾ. ഇത്രയും ജനപങ്കാളിത്തമുള്ള ഇടങ്ങളിൽ ശരിയായ മാർക്കറ്റിങ്ങും സ്ട്രാറ്റജിയും പ്രവർത്തികമാക്കിയാൽ നമ്മുടെ ബിസിനസ്സ് അല്ലെങ്കിൽ സംരംഭങ്ങൾ ലാഭകരമാക്കാൻ സാധിക്കും. നിമിഷനേരം കൊണ്ട് ലോകത്തിന്റെ വിവിധ കോണുകളിലുള്ള ആളുകളെ ബന്ധിപ്പിക്കാൻ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ആധുനികകാലത്ത് ഏറ്റവുമധികം ആളുകൾക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിവുള്ളവരാണ് സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്‌സ്.
ഏതെങ്കിലും ബ്രാൻഡുകളിലോ ഉൽപ്പന്നങ്ങളിലോ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന ഒരു വ്യക്തിയെയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന് പറയുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നവർ, അതായത് മികച്ച ഫോളോവേഴ്സ് ഉള്ളവർ രാജ്യത്ത് ഒരു ലക്ഷത്തിൽ കൂടുതലാണെന്നാണ് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടുകൾ പറയുന്നത്. സെലിബ്രിറ്റികളും സ്പോർട്സ് താരങ്ങളും സോഷ്യൽ മീഡിയയിലൂടെ മാർക്കറ്റിങ് ചെയ്യുന്നുണ്ടെങ്കിലും തങ്ങളുടെ ഇടയിൽ നിന്നും ഉയർന്നുവന്ന പരിചിതമുഖമായ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്‌സിനെയാണ് അധികമാളുകൾക്കും ഇഷ്ടം. അവരുടെ സത്യസന്ധമായ ഉൽപ്പന്ന റിവ്യൂകളും ആളുകളുമായുള്ള അവരുടെ സമ്പർക്കവുമാണ് ഇത്തരം സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്‌സിനെ ജനപ്രിയരാക്കുന്നത്.
യൂട്യൂബ്, സ്നാപ്ചാറ്റ്, ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെയാണ് രാജ്യത്ത് അധികമായും സോഷ്യൽ മീഡിയ ബിസിനസ്സും മാർക്കറ്റിങ്ങും നടക്കുന്നത്. രാജ്യത്തെ നിയമാവലികൾ പാലിക്കുന്ന എല്ലാത്തരം ഉൽപ്പന്നങ്ങളെയും ബ്രാൻഡുകളെയുംപറ്റി റിവ്യൂ ചെയ്യാനും ചർച്ചചെയ്യാനും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്‌സിന് അധികാരവും അവകാശവുമുണ്ട്. എന്നിരുന്നാലും തങ്ങൾക്ക് വേണ്ടപ്പെട്ട ബ്രാൻഡുകളെ അടിസ്ഥാനമില്ലാത്ത വിശേഷണങ്ങൾ പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്ന ഇൻഫ്ലൂവൻസേഴ്‌സും സജീവമായിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഇത്തരക്കാരെ തടയിടാൻ വേണ്ടിയാണ് കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ടിവികളിലൂടെയും മറ്റും ആളുകളെ കബളിപ്പിക്കുന്ന പരസ്യക്കാർക്കെതിരെ പലതവണ നടപടിയെടുത്തത് നാം കണ്ടിട്ടുണ്ട്. ഒരു ഫെയർനെസ്സ് സോപ്പിന്റെ പരസ്യത്തിൽ അഭിനയിച്ച ഒരു പ്രമുഖ താരത്തിനെതിരെ പരാതി കൊടുത്തത് എല്ലാവരും കണ്ടതുമാണ്.
അതുപോലെ തന്നെ സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾക്കും റിവ്യൂകൾക്കും ഒരു കടിഞ്ഞാൺ അത്യാവശ്യമായ സമയത്താണ് പുതിയ ഇടപെടൽ. സെലിബ്രിറ്റികളും, സാമൂഹിക മാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നവരും (സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്‌സ്) അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഏതെങ്കിലും ഉത്പന്നമോ ബ്രാൻഡോ പ്രമോട്ട് ചെയ്യുമ്പോൾ അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും പൂർണ്ണമായും വെളിപ്പെടുത്തണമെന്നും മാർഗനിർദേശങ്ങൾ പാലിക്കാത്ത സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്‌സ് 50 ലക്ഷം രൂപ വരെ പിഴ ചുമത്തേണ്ടിവരുമെന്നും ഉത്പന്നങ്ങൾക്ക് ആറു വർഷം വരെ വിലക്ക് വരികയും ചെയ്യുമെന്നാണ് കേന്ദ്ര ഉപഭോക്തൃ വിഭാഗം അറിയിച്ചിരിക്കുന്നത്.സോഷ്യൽ മീഡിയ ഇൻഫ്ലുസേഴ്സിന്റെ തെറ്റായ മാർക്കറ്റിംഗ് കാരണം പലയാളുകൾക്കും പണം നഷ്ടപ്പെട്ടിട്ടുണ്ട്.
ഇതു സംബന്ധിച്ച് പല പരാതികളും നിരവധി തവണ ഉപഭോക്തൃകാര്യ വിഭാഗത്തിന് ലഭിച്ചിരുന്നു. സിംഗപ്പൂർ അടിസ്ഥാനമായുള്ള ഒരു ക്രിപ്റ്റോ കറൻസിയെ പല സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും പ്രൊമോട്ട് ചെയ്തിരുന്നു. ഇവരിൽ വിശ്വസിച്ച് ക്രിപ്റ്റോയിൽ പണം നിക്ഷേപിച്ച് കുറെയാളുകൾക്ക് പണം നഷ്ടപ്പെടുകയും ചെയ്തു. പക്ഷേ നിലവിലെ നിയമം ആ സമയത്ത് ഇല്ലാത്തത് കൊണ്ട് അവർക്ക് പിഴയടക്കേണ്ടി വരില്ല.കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യൽ മീഡിയ മാർക്കറ്റിംഗിന് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
Find out more: