വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും! ജമ്മു, ലേ, ജോധ്പുർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നും തിരിച്ചുമുള്ള സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. അതിർത്തിയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തി വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും. ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ചൊവ്വാഴ്ച മുതൽ ക്രമേണ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നെങ്കിലും പിന്നീട് സർവീസ് നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു.





തിങ്കളാഴ്ച രാത്രി ജമ്മുവിലെ സാംബയിൽ അന്താരാഷ്ട്ര അതിർത്തിയിലാണ് പാകിസ്താനി ഡ്രോണുകൾ കണ്ടെത്തിയത്. ഉടൻ തന്നെ സുരക്ഷാ സേന ഇടപെടുകയും ഡ്രോണുകൾ തടയുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് മണിക്കൂറിനകമായിരുന്നു ഡ്രോണുകൾ കണ്ടെത്തിയത്. അതേസമയം മുൻകരുതലിന്റെ ഭാഗമായി പഞ്ചാബിലെ അമൃത്സർ, ഹോഷിയാർപുർ അടക്കം വിവിധ ജില്ലകളിൽ തിങ്കളാഴ്ചയും ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.അതേസമയം ഇന്ത്യ - പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അടച്ച 32 വിമാനത്താവളങ്ങൾ തിങ്കളാഴ്ച രാവിലെ 10:30 മുതൽ പ്രവർത്തനമാരംഭിച്ചു.




സർവീസുകൾ നിർത്തിവെച്ച വിവിധ വിമാനക്കമ്പനികൾ തിങ്കളാഴ്ച മുതൽ പുനരാരംഭിച്ചു തുടങ്ങി. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ജമ്മുവിലേക്കുള്ള ഇൻഡിഗോയുടെ 6E 2247 വിമാനം തിങ്കളാഴ്ച വൈകുന്നേരം 6:34ന് പറന്നുയർന്നു. ജമ്മു വിമാനത്താവളത്തിൽ വിമാന സർവീസുകൾ സുഗമമായി നടന്നതായി ഇൻഡിഗോ പിന്നീട് അറിയിച്ചു. ഡൽഹിയിൽനിന്ന് ചണ്ഡീഗഡ്, അമൃത്സർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും ഇൻഡിഗോ പുനരാരംഭിച്ചു. ഇന്ത്യ - പാകിസ്താൻ വെടിനിർത്തൽ ധാരണ നിലനിൽക്കെ, ജമ്മു കശ്മീർ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ഡ്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് വിമാന സർവീസുകൾ റദ്ദാക്കാൻ കമ്പനികളെ നിർബന്ധിതരാക്കിയത്.



 ഏറ്റവും പുതിയ സംഭവവികാസങ്ങളും യാത്രക്കാരുടെ സുരക്ഷയും കണക്കിലെടുത്ത് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സർവീസുകൾ പുനരാരംഭിക്കുന്നതു സംബന്ധിച്ചു അറിയിക്കുന്നതായിരിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്ക് പരമപ്രധാനമായ മുൻഗണന നൽകിയാണ് തീരുമാനമെന്ന് ഇൻഡിഗോ അറിയിച്ചു.

Find out more: