രാഷ്ട്രീയത്തിന് അതീതമായ കാർഷിക മുന്നേറ്റവുമായി കേരളം കോൺഗ്രസ്! ഇന്നലെ കോട്ടയത്ത് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണി നടത്തിയത്. കർഷകർ നേരിടുന്ന വെല്ലുവിളികളും കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനുമായി സംസ്ഥാതലത്തിൽ കർഷക മഹാസംഗമം സംഘടിപ്പിക്കാനൊരുങ്ങി കേരള കോൺഗ്രസ് എം. മാർച്ച് 17ന് കോട്ടയത്താണ് മഹാസംഗമം സംഘടിപ്പിക്കുക. കേരള വികസന മാതൃകയെ അട്ടിമറിക്കാൻ സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന കേന്ദ്രസർക്കാർ സമീപനം സാമ്പത്തിക ഫാസിസമാണെന്ന് യോഗം വിലയിരുത്തി.ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന യോഗത്തിൽ ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ ചർച്ച ചെയ്തതായി ജോസ് കെ മാണി എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.






   കർഷകർ നേരിടുന്ന നിരവധി വെല്ലുവിളികളും കാർഷിക മേഖലയിലെ പ്രശ്നങ്ങളും ചർച്ചചെയ്യുന്നതിനും പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുന്നതിനുമായാണ് കേരളാ കോൺഗ്രസ് (എം) പാർട്ടിയുടെ നേതൃത്വത്തിൽ സംസ്ഥാതലത്തിൽ കർഷക മഹാസംഗമം സംഘടിപ്പിക്കുക. ഇതിനോട് അനുബന്ധിച്ച് തൊടുപുഴയിൽവെച്ച് മാർച്ച് 10, 11 തീയതികളിൽ കേരള കർഷകയൂണിയൻ (എം) ആഭിമുഖ്യത്തിൽ സംസ്ഥാന പ്രതിനിധി സമ്മേളനവും, കർഷക സെമിനാറുകളും സംഘടിപ്പിക്കും. ദേശീയതയെക്കുറിച്ചും രാജ്യസ്നേഹത്തെക്കുറിച്ചും തുടർച്ചയായി പ്രചരണം നടത്തുന്നവർ ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങളെയെല്ലാം അട്ടിമറിക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.ബഫർസോൺ വിഷയത്തിൽ ഏറ്റവും ആശങ്കയിൽ ആയതും കർഷകരാണ്. 





വന്യമൃഗശല്യവും, കാലാവസ്ഥ മാറ്റം കൊണ്ടുണ്ടാകുന്ന പ്രതിസന്ധി ഇങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ മലയോര കർഷകർ ഉൾപ്പടെയുള്ളവർ ആശങ്കയിലാണ്. കർഷകർ എല്ലാവരെയും അണിനിരത്തി രാഷ്ട്രീയത്തിന് അതീതമായ കാർഷിക മുന്നേറ്റമാണ് കേരള കോൺഗ്രസ് (എം) ലക്ഷ്യമിടുന്നതെന്നും പാർട്ടി ചെയർമാൻ വ്യക്തമാക്കി. കേന്ദ്ര സർക്കാരിൻറെ തെറ്റായ നയങ്ങളുടെ ആഘാതം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടി വരുന്നത് കേരളത്തിലെ കർഷകരാണ്. റബർ ബോർഡ് ഇല്ലാതാക്കാനും, റബർ ഇറക്കുമതിയുടെ കാര്യത്തിൽ ഇരട്ടത്താപ്പ് കാണിച്ചും കേന്ദ്രം കാട്ടുന്ന സമീപനങ്ങൾ കേരളത്തിലെ റബർ മേഖലയെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്ന് ജോസ് കെ മാണി പറഞ്ഞു.

Find out more: