തൂ ഝൂഠി മേം മക്കാർ; ഒരു ഹോളി ചിത്രം! രൺബീർ കപൂർ, ശ്രദ്ധ കപൂർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇതിനെ ചുരുക്കത്തിൽ 'ടിജെഎംഎം' എന്നും വിളിക്കുന്നു. ബോളിവുഡിലെ മോഡേൺ പ്രണയചിത്രങ്ങളുടെ പതിവ് ശൈലി പിന്തുടരുന്നതിനാൽ ട്രെയിലർ നൽകിയ പ്രതീക്ഷകൾ വളരെക്കുറവായിരുന്നു. പക്ഷേ, ചെറിയൊരു പ്രതീക്ഷ ബാക്കി നിർത്തിയത് ചിത്രത്തിൻ്റെ സംവിധായകൻ്റെ പേരാണ്. വലിയ അവകാശവാദങ്ങളൊന്നും ഇല്ലാതെ റിലീസിനെത്തിയ ബോളിവുഡ് ചലച്ചിത്രമാണ് 'തൂ ഝൂഠി മേം മക്കാർ'. ഒരു മുഴുനീള വിനോദ ചിത്രം ഒരുക്കുന്നതിൽ സംവിധായകൻ പല തവണ മിടുക്ക് തെളിയിച്ചിട്ടുണ്ട്. ദേ ദേ പ്യാർ ദേ, ഛലാംഗ് എന്നീ ചിത്രങ്ങളുടെ തിരക്കഥ എഴുതിയതും ഇദ്ദേഹമാണ്. ഉത്തരേന്ത്യ ആഘോഷിക്കുന്ന ഹോളി ദിവസത്തിൽ ഒരു ചിത്രം റിലീസ് ചെയ്യുമ്പോൾ അതേ ഉന്മേഷവും ഉല്ലാസവും പ്രേക്ഷകർ പ്രതീക്ഷിക്കും. അത്തരത്തിൽ നോക്കുമ്പോൾ ഈ ഹോളി സീസൺ ആഘോഷമാക്കാനുള്ള എല്ലാ വകകളും ചിത്രത്തിലുണ്ട്.




   നിറങ്ങളുടെ ഉത്സവമായ ഹോളിക്ക് ബിഗ് സ്ക്രീനിലും നിറപ്പകിട്ടേകാൻ ചിത്രത്തിനാകും. പ്യാർ കാ പഞ്ച്നാമ, ആകാശ് വാണി, പ്യാർ കാ പഞ്ച്നാമ 2, സോനു കെ ടിറ്റൂ കി സ്വീറ്റി -തുടങ്ങിയ ജനപ്രിയ ചിത്രങ്ങളൊരുക്കിയ ലവ് രഞ്ജനാണ് 'തൂ ഝൂഠി മേം മക്കാർ' തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ദില്ലിയിൽ ജീവിക്കുന്ന കഥാനായകൻ മിക്കിയുടേയും സുഹൃത്തായ ഡബ്ബാസിൻ്റേയും ഇഷ്ടജോലിയാണ് കമിതാക്കളെ വേർപിരിക്കുന്നത്. തൻ്റെ പ്രണയജോഡിക്ക് വിഷമമുണ്ടാകാതെ വേർപിരിയാൻ ആഗ്രഹിക്കുന്നവരാണ് ഇവരുടെ സഹായം തേടാറുള്ളത്. അതിൻ്റെ പ്രതിഫലമായി രണ്ട് ലക്ഷം രൂപ വരെയാണ് ഇവർ കൈപ്പറ്റുന്നത്. എന്നാൽ പണത്തിൻ്റെ ആവശ്യമുണ്ടായിട്ടല്ല അവർ അങ്ങനെ ചെയ്തിരുന്നത്. കുടുംബ ബിസിനസ് നോക്കിനടത്തുന്ന ഇരുവർക്കും ആവശ്യത്തിലധികം സമ്പത്തുണ്ട്. അങ്ങനെയൊരിക്കലാണ് മിക്കി ടിന്നിയെ പരിചയപ്പെടുന്നത്.




  ഇവരുടെ പ്രണയം കുടുംബങ്ങൾ ഇടപെട്ട് വിവാഹത്തിലേക്ക് അടുപ്പിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമായി രസകരമായാണ് ചിത്രം പുരോഗമിക്കുന്നത്. മിക്കി എന്ന യുവാവും ടിന്നി എന്ന യുവതിയും പ്രണയത്തിലാകുന്നതും, പ്രണയം വിവാഹത്തിലേക്ക് എത്തുമ്പോൾ ഇവർക്കിടയിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം. കുടുംബമായി ആസ്വദിക്കാവുന്ന റൊമാൻ്റിക്-കോമഡി ചിത്രങ്ങളുടെ നിറക്കാഴ്ച ബോളിവുഡിൽ ഇപ്പോൾ പഴയ തോതിലില്ല. ഇടവേളയ്ക്ക് ശേഷം ആ ഗണത്തിലേക്ക് ചേർക്കാവുന്ന ഒരു ചിത്രം കിട്ടിയതിൽ ഹിന്ദി പ്രേക്ഷകർ സന്തുഷ്ടരാണെന്ന് തീയേറ്ററിലെ പ്രതികരണങ്ങൾ സൂചിപ്പിച്ചു. സംവിധായകൻ ഇത്തവണ ഹാസ്യത്തിനൊപ്പം കുടുംബ ബന്ധങ്ങളുടെ മൂല്യവും ത്രാസ്സിൽ തുലനം ചെയ്തെടുത്തിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിൻ്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് കോമഡി രംഗങ്ങൾ അൽപ്പം കുറവായി തോന്നുമെങ്കിലും നിരാശപ്പെടേണ്ടതില്ല. 



 ഹാസ്യത്തിൽ വിട്ടുവീഴ്ച സംഭവിച്ചെന്നും വിചാരിക്കേണ്ട, ആദിമധ്യാന്തം ചിരിക്കാനുള്ള വകകൾ ചിത്രം കരുതിയിട്ടുണ്ട്. ലളിതമായ വിഷയങ്ങൾ വളരെ ആകർഷകമായി അവതരിപ്പിക്കുന്ന സംവിധായകന് പ്രേക്ഷകരുടെ 'പൾസ്' അറിയാം. ചെറിയ ബജറ്റിലൊരുക്കിയ ലവ് രഞ്ജൻ ചിത്രങ്ങൾ തീയേറ്ററിൽ വിജയമാകുന്നതും അതിനാലാണ്. ഇക്കുറിയും അതിന് മാറ്റമില്ല.ക്ലൈമാക്സിലടക്കം ലോജിക്ക് അകന്നുനിൽക്കുന്നുണ്ടെങ്കിലും, ചിത്രത്തോടും കഥാപാത്രങ്ങളോടും കണക്ടാകാൻ പ്രേക്ഷകർക്ക് യാഥൊരു ബുദ്ധിമുട്ടുമില്ല. പക്ഷേ കഥാനായകന് നായികയോട് പ്രണയം തോന്നാൻ അവൾ സുന്ദരിയാണെന്നതല്ലാതെ ശക്തമായൊരു കാരണം നൽകാൻ സംവിധായകനായില്ല. തിരക്കഥയ്ക്ക് ബലക്കുറവുണ്ടെങ്കിലും രണ്ടാം പകുതിയിൽ സംവിധായകൻ പങ്കുവയ്ക്കുന്ന സന്ദേശം കൃത്യസ്ഥാനത്ത് കൊള്ളുന്നതിനാൽ ആശ്വസിക്കാം.

Find out more: