ബസവരാജ് ബൊമ്മെ കർണ്ണാടകയുടെ പുതിയ മുഖ്യമന്ത്രി! ലിംഗായത് നേതാവും മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ വിശ്വസ്തനുമായ ബസവരാജ് ബൊമ്മെ കർണ്ണാടക മുഖ്യമന്ത്രിയാകം. ചൊവ്വാഴ്ച വൈകിട്ട് 7.30 നു ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് ബസവരാജിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. ലിംഗായത്ത് വിഭാഗത്തിന്റെ താൽപര്യം പരിഗണിച്ചാണ് ബസവരാജിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.മുൻ മുഖ്യമന്ത്രി എസ്ആർ ബൊമ്മെയുടെ മകനാണ് ബസവരാജ്. ജനതാദളിൽ നിന്നും 2008ലാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 നാണ് സത്യപ്രതിജ്ഞ. യെഡിയൂരപ്പ സർക്കാരിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു ബസവരാജ്. ഹൂബ്ലി മേഖലയിൽ നിന്നുള്ള ലിംഗായത്ത് നേതാവാണ് അദ്ദേഹം.
പാർട്ടിയുടെ കേന്ദ്ര നിരീക്ഷകനും കേന്ദ്ര മന്ത്രിയുമായ കിഷൻ റെഡ്ഡി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ പങ്കെടുത്തിരുന്നു. അതേസമയം അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വെച്ചു. കർണാടക ഗവർണർ തവർചന്ദ് ഗെലോട്ട്, യെദിയൂരപ്പയുടെ രാജി സ്വീകരിച്ചു. എന്നാൽ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ആ പദവിയിൽ തന്നെ തുടരണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. താൻ ദുഃഖത്തോടെയല്ല രാജിവെക്കുന്നതെന്നും, നരേന്ദ്ര മോദിയും, അമിത് ഷായും, നദ്ദയും മുഖ്യമന്ത്രിയായി തനിക്ക് രണ്ടു വർഷങ്ങൾ നൽകിയെന്നും, അവരോടെല്ലാം എത്ര നന്ദി പറഞ്ഞാലും തീരില്ല എന്നും യെദിയൂരപ്പ പറഞ്ഞു. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം എന്നോട് കേന്ദ്രത്തിൽ മന്ത്രിയാകാനാണു ആവശ്യപ്പെട്ടത്.
എന്നാൽ താൻ കർണാടകയിൽ മുഖ്യമന്ത്രിയായിക്കൊള്ളാമെന്നു പറയുകയായിരുന്നെന്നും യെദിയൂരപ്പ പറഞ്ഞു. കർണാടകയിൽ ബി ജെ പി വളരുകയായിരുന്നു. എങ്കിലും പലപ്പോഴും എന്നെ സംബന്ധിച്ചിടത്തോളം ഒരു അഗ്‌നിപരീക്ഷണമായിരുന്നു എന്നും, കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് ആയിരുന്നെന്നും അദ്ദേഹം കൂട്ടിചേർത്തു. യെദിയൂരപ്പ ചുമതലയേറ്റിട്ട് ഇന്ന് രണ്ട് വർഷം തികയും. ഇതിനുശേഷം മുഖ്യമന്ത്രി പദവി ഒഴിയുമെന്ന് അഭ്യൂഹങ്ങൾ നില നിന്നിരുന്നു. ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച യെദിയൂരപ്പ ഡൽഹിയിൽ എത്തിയിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉപാധികളോടെ രാജി സന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ആരോഗ്യ കാരണങ്ങളൽ രാജിവെക്കാൻ അനുവദിക്കണമെന്നും പകരം മകൻ വിജേന്ദ്രയക്ക് പദവി നൽകണമെന്നും യെദിയൂരപ്പ നേതൃത്യത്തോട് ആവശ്യപ്പെട്ടെന്ന വാർത്തകൾ അദ്ദേഹം അന്ന് തള്ളിക്കളഞ്ഞിരുന്നു. സംസ്ഥാനത്തിന് കൂടൂതൽ വികസന പദ്ധതികൾ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെ അടക്കം കണ്ടതെന്നാണ് കർണാടക മുഖ്യമന്ത്രി വ്യക്തമാക്കിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം യെദിയൂരപ്പ ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയേയും കണ്ടിരുന്നു. അടുത്ത തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിനുള്ള പ്രാരംഭ ചർച്ചകൾ നടത്തിയതായി യെദിയൂരപ്പ നദ്ദയുമായുള്ള ചർച്ചയുടെ ഫോട്ടോകൾ പങ്കുവച്ച് കൊണ്ട് അറിയിച്ചു.
Find out more: