1970-80 വർഷങ്ങളിൽ രോഗികൾക്ക് അണുബാധയുള്ള രക്തം നൽകി ബ്രിട്ടീഷ്; ബ്രിടീഷ് പ്രധാനമന്ത്രി ഇപ്പോൾ മാപ്പു പറഞ്ഞതെന്തിന്? യുകെയിലെ നാഷണൽ ഹെൽത്ത് സർവ്വീസിന് (എൻഎച്ച്എസ്) കീഴിൽ നടത്തിവന്ന ഫാക്ടർ VIII എന്ന ചികിത്സാ രീതിയായിരുന്നു വില്ലൻ. 1970-കളുടെ തുടക്കത്തിൽ ഹീമോഫീലിയ ബാധിച്ചവർക്കായി തുടങ്ങിയ ഫാക്ടർ VIII എന്ന ചികിത്സാ രീതി വ്യാപകമായ അണുബാധയിലേക്ക് നയിച്ചുവെന്ന് വൈകിയാണ് കണ്ടെത്തിയത്. ബ്രീട്ടിഷ് ആരോഗ്യ മേഖലക്ക് ഏറെ നാണക്കേടുണ്ടാക്കിയ സംഭവമാണ് 1970-80 കാലയളവിൽ രോഗികൾക്ക് അണുബാധയുള്ള രക്തം നൽകിയ സംഭവം. 3000 പേരുടെ മരണത്തിനും 30,000 പേരുടെ രോഗബാധക്കും കാരണമായ സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ ദിവസം രാജ്യത്തെ ജനങ്ങളോട് മാപ്പു ചോദിച്ചിരുന്നു.




എന്താണ് യുകെയിൽ അക്കാലത്ത് സംഭവിച്ചത്, എന്തുകൊണ്ട് പ്രധാനമന്ത്രി ഇപ്പോൾ മാപ്പു ചോദിച്ചു തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.അണുബാധയുള്ള രക്തം സ്വകരിച്ചതിനാൽ 30,000-ലധികം ആളുകൾക്ക് ഹെപ്പറ്റൈറ്റിസ്, എച്ച്ഐവി ബാധയുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. 1970-കളുടെ മധ്യത്തിൽ ഫാക്ടർ VIII ചികിത്സക്ക് വിധേയമായ ഹീമോഫീലിയ രോഗബാധിതർക്കെല്ലാം ഹെപ്പറ്റൈറ്റിസ് വരാനുള്ള സാധ്യത വർധിപ്പിച്ചു. 1953-ൽ പ്ലാസ്മ കൂട്ടിയോജിപ്പിക്കുന്നതിൻ്റെ അപകടം വ്യക്തമാക്കിയ ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് പ്ലാസ്മ ഇറക്കുമതി ചെയ്യരുതെന്ന് നിർദേശിച്ചിരുന്നു. 1980കളുടെ തുടക്കത്തിൽ അണുബാധയുള്ള രക്തം സ്വീകരിച്ച ഹീമോഫീലിയ രോഗികൾക്ക് എയ്ഡ്സ് വരുന്നതായി കണ്ടെത്തി. ആദ്യമായി എയ്ഡ്സ് തിരിച്ചറിയുന്നത് 1980-കളുടെ തുടക്കത്തിലാണ്. പിന്നീട് എച്ച്ഐവിയാണ് എയ്ഡ്സിന് കാരണമെന്ന് 1983-ൽ കണ്ടെത്തി.





എന്നാൽ പ്രശ്നത്തിൽ ഒരു നടപടിയും സ്വകരിക്കാതിരുന്നതോടെ ഏകദേശം 3000 പേർക്ക് അവരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു.തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരകളും അവരുടെ കുടുംബവും രംഗത്ത് വന്നു. നാലുപതിറ്റാണ്ട് മുമ്പ് നടന്ന സംഭവത്തിൽ കഴിഞ്ഞ അഞ്ചു വർഷങ്ങളായി സർ ബ്രയാൻ ലാങ്സ്റ്റാഫിൻ്റെ നേതൃത്വത്തിലുള്ള കമ്മീഷൻ അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിന് ശേഷം റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് മാപ്പു പറഞ്ഞത്. രക്തം പരിശോധിക്കുന്നതിൽ വീഴ്ച്ച വരുത്തിയ യുകെ ബ്ലഡ് സർവീസിനെയും മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെയും അന്നത്തെ ആരോഗ്യമന്ത്രിയെയും റിപ്പോർട്ട് ഏറെ വിമർശിക്കുന്നുണ്ട്.





ആയിരക്കണക്കിന് ദായകരിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്മ കൂട്ടിയോജിപ്പിച്ചാണ് ഫാക്ടർ VIII നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ ഒരു ദായകന് അണുബാധയുണ്ടായാൽ അത് മൊത്തം ബാച്ചിനെ ബാധിക്കുന്നത്ര അപകടം നിറഞ്ഞതായിരുന്നു. ഡിമാൻ്റ് വർധിച്ചതോടെ യുഎസിൽ നിന്ന് പ്ലാസ്മ ഇറക്കുമതി ചെയ്യേണ്ട ആവശ്യകത വന്നു. ഇതിൽ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്ത പ്ലാസ്മയിൽ നിന്ന് വലിയൊരു അളവ് ഹൈ-റിസ്ക് ദായകരിൽ നിന്നായിരുന്നുവെന്ന് പറയപ്പെടുന്നു. പണം വാങ്ങി രക്തം നൽകുന്ന ലഹരി ഉപയോക്താക്കളും തടവുപുള്ളികളിലും ഇതിൽ ഉൾപ്പെട്ടിരുന്നു. ഇത് അണുബാധക്കുള്ള സാധ്യത വർധിപ്പിച്ചു.

Find out more: