കോൺഗ്രസുകാർക്കെതിരെ കാപ്പ ചുമത്താൻ വന്നാൽ പ്രതിരോധിക്കും; വിഡി സതീശൻ! മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെ കാപ്പ ചുമത്തി ജയിലിൽ അടയാക്കാനുള്ള തീരുമാനത്തെ ശക്തിയായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി.സതീശൻ. ഫർസീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ ഇതിൽ 12 കേസുകളും കോവിഡ് കാലത്തെ നിയമന്ത്രണങ്ങൾ ലംഘിച്ച് സമരം നടത്തിയതിനുള്ള നിസാര കേസുകളാണ്. അതിൽ പലതും അവസാനിച്ചു. അങ്ങനെയെങ്കിൽ 40 ക്രിമിനൽ കേസുകളുള്ള എസ്എഫ്ഐ നേതാവിനെതിരെ കാപ്പ ചുമത്താൻ സർക്കാർ തയാറാകുമോ? ഇയാൾക്കെതിരായ 16 കേസുകളും ആയുധം ഉപയോഗിച്ച് മറ്റ് വിദ്യാർഥികളെ ആക്രമിച്ചതിനാണ്.
മൂന്ന് കേസുകൾ വധശ്രമത്തിനും ഒരോ കേസുകൾ വീതം തട്ടിക്കൊണ്ട് പോകലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ്. സംസ്ഥാനത്ത് വിഹരിക്കുന്ന പതിനാലായിരത്തിലധികം ഗുണ്ടകൾക്കും കാല് വെട്ടി ബൈക്കിൽ കൊണ്ടു പോയവർക്കുമൊക്കെ എതിരെ കാപ്പ ചുമത്താൻ തയാറാകാത്തവർ കോൺഗ്രസുകാർക്കെതിരെ കാപ്പ ചുമത്താൻ വന്നാൽ അതേ ശക്തിയിൽ പ്രതിരോധിക്കും. ഈ പരിപാടി ഇവിടെ അവസാനിപ്പിക്കണം. കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചതിന്റെ പേരിൽ കാപ്പ ചുമത്തി അകത്തിടുമെങ്കിൽ, ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കുന്നു. ആ കളി ഞങ്ങളോട് വേണ്ട. _ സതീശൻ പറഞ്ഞു.ഇത്രയും വലിയ ക്രിമിനൽ കേസുകളുള്ള എസ്എഫ്ഐ നേതാവിനെതിരെ കാപ്പ ചുമത്താത്ത സർക്കാരാണ് നിസാരമായ പെറ്റി കേസുകളുള്ള ഫർസീനെതിരെ കാപ്പ ചുമത്തുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിയമനം മരവിപ്പിക്കുക മാത്രമാണ് ഗവർണർ ഇപ്പോൾ ചെയ്തിരിക്കുന്നത് അല്ലാതെ നടപടി എടുത്തിട്ടില്ല. നോട്ടീസ് കൊടുത്ത് ഹിയറിങ് നടത്തി നടപടി എടുക്കാനിരിക്കെയാണ് ചാൻസിലർക്കെതിരെ കോടതിയെ സമീപിക്കുന്നത്. സർവകലാശാലകളിൽ ആറ് വർഷമായി നടന്ന എല്ലാ ബന്ധു നിയമനങ്ങളെ കുറിച്ചും പരിശോധിച്ച് നടപടി എടുക്കാൻ ഗവർണർ തയാറാകണം. സംസ്ഥാനത്തെ സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾ സി.പി.എമ്മുകാരുടെ ബന്ധുക്കൾക്കായി സംവരണം ചെയ്തിരിക്കുകയാണ്. വിഷായധിഷ്ഠിതമായാണ് പ്രതിപക്ഷം സർക്കാരിനെയും ഗവർണറെയും വിമർശിക്കുന്നത്.അനധികൃത നിയമനം മരവിപ്പിച്ച ചാൻസിലറുടെ നടപടിക്കെതിരെ കണ്ണൂർ സർവകലാശാലയെക്കൊണ്ട് കേസ് കൊടുപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം വിചിത്രവും നിയമവിരുദ്ധവുമാണ്. കണ്ണൂർ സർവകലാശാല നിയമത്തിലെ ഏഴാം വകുപ്പ് അനുസരിച്ചാണ് ചാൻസിലർ കൂടിയായ ഗവർണർ നിയമനം റദ്ദാക്കിയത്.
ബഫർ സോൺ വിഷയം സംസ്ഥാന സർക്കാർ ഇപ്പോഴും ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. 23-10-2019 ലെ മന്ത്രിസഭാ തീരുമാനം റദ്ദാക്കാതെ സുപ്രീം കോടതിയിലേക്കോ പരിസ്ഥിതി മന്ത്രാലയത്തിലേക്കോ പോയിട്ട് കാര്യമില്ല. ബഫർ സോൺ പത്ത് കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രി നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലാണ്. പാർട്ടിയുടെ അറിവോടെയാണ് മന്ത്രിയാകുന്നതിന് മുൻപ് ഈ ആവശ്യം ഉന്നയിച്ച് ഹർജി നൽകിയതെന്നാണ് അദ്ദേഹം പറയുന്നത്. കൃഷിയിടങ്ങളെയും ജനവാസമേഖലയെയും ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുമ്പോഴാണ്, ബഫർ സോൺ പത്ത് കിലോമീറ്റർ ആക്കണമെന്ന കൃഷി മന്ത്രിയുടെ ആവശ്യം കോടതിയുടെ പരിഗണനയിലിരിക്കുന്നത് വിചിത്രമാണ്. കർഷകരെയും ബഫർ സോണിൽ ഉൾപ്പെടുന്ന ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
Find out more: