ജോസ് കെ മാണിക്ക് തുറന്ന കത്തുമായി ബിനു പുളിക്കകണ്ടം! മോഹങ്ങൾ ഉണ്ടായിരുന്നു പക്ഷേ മോഹഭംഗമില്ലെന്ന് തുടങ്ങുന്ന കത്തിൽ നഗരസഭ അധ്യക്ഷ പദവി പ്രതീക്ഷിച്ചിരുന്നുവെന്ന് ബിനു പറയുന്നു. താൻ അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിന് ഇരയായെന്നും ജനുവരി 19 പാലായുടെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു കറുത്ത ദിനമായി രേഖപ്പെടുത്തുമെന്നും കത്തിൽ പറയുന്നു.പാലാ നഗരസഭാ ചെയർമാൻ സ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപിക്ക് തുറന്ന കത്തുമായി സിപിഎം പാർലമെന്ററി പാർട്ടി നേതാവും കൗൺസിലറുമായ അഡ്വ. ബിനു പുളിക്കകണ്ടം. പ്രിയ ജോമോൻ എന്ന് തുടങ്ങുന്ന കത്തിൽ ജോസ് കെ മാണിയെ ആദ്യമായി കണ്ടുമുട്ടുന്ന സാഹചര്യംവരെ ബിനു പുളിക്കകണ്ടം ഓർമ്മിക്കുന്നു. കേരള കോൺഗ്രസ് നേതാവായിരുന്ന തൻ്റെ പിതാവ് ജോസിൻ്റെ പരാജയത്തിൽ തന്നേക്കാൾ ദുഖിച്ചു. കേരള കോൺഗ്രസിന് കടന്നുകയറാൻ സാധിക്കാതിരുന്ന തെക്കേക്കരയിൽ തങ്ങളുടെ ജീവനോപാധിയായിരുന്ന കെട്ടിടം പാർട്ടി ഓഫീസിനായി സൗജന്യമായി വിട്ടുകൊടുത്തു.
അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനിരയായി നഗരസഭാ അധ്യക്ഷ പദവി തനിക്ക് നഷ്ടപ്പെട്ട ദിനത്തിലാണ് തുറന്ന കത്ത് എഴുതുന്നതെന്നും ബിനു പുളിക്കകണ്ടം പറയുന്നു. ആശ്വാസ വാക്കുകളുമായി സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും നിരന്തരം വിളിക്കുന്നുണ്ട്. പാലാ നഗരസഭയുടെ അധ്യക്ഷ പദവിയിൽ ഞാൻ എത്തിച്ചേരുമെന്ന് എന്നെക്കാളേറെ ഉറച്ചു വിശ്വസിച്ചവർ. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അഭിമാനകരമായ നഗരസഭ അധ്യക്ഷ പദവി ഞാൻ പ്രതീക്ഷിച്ചിരുന്നു. ഏതൊരു സഖാവിന്റെയും ആവേശമായ ചുറ്റിക അരിവാൾ നക്ഷത്ര ചിഹ്നം നൽകി തെരഞ്ഞെടുപ്പ് രംഗത്തിറക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് എന്ന ജനപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയോ, പാർട്ടിയോട് കലഹിച്ചോ, വിലപിച്ചോ, വിലപേശിയോ ഒരും സ്ഥാനലബ്ധിയും ഞാൻ ആഗ്രഹിച്ചിട്ടില്ല. ആഗ്രഹിക്കുകയും ഇല്ല.അങ്ങയുടെ പിതാവ്, പാലായുടെ ആരാധ്യനായ നേതാവ് കെ എം മാണി സാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി തെക്കേക്കര വിജയോദയം വായനശാലയുടെ ചുമരുകളിൽ പോസ്റ്റർ ഒട്ടിക്കുമ്പോൾ ആണ് പാന്റും ഷർട്ടും അണിഞ്ഞ് മാരുതി 800 കാർ സ്വയം ഡ്രൈവ് ചെയ്ത് കത്തീഡ്രൽ പള്ളിയിലേക്ക് പോകുന്ന അങ്ങയെ നിങ്ങളുടെ പാർട്ടിക്കാരനായ തോമസ് ആന്റണി പരിചയപ്പെടുത്തിയത്.
അന്നു ഞാൻ അത്ഭുതത്തോടെ ചിന്തിച്ചു കേരള രാഷ്ട്രീയത്തിലെ പ്രായോഗിക രാഷ്ട്രീയക്കാരനായ മാണിസാർ എന്തേ മകന്റെ രാഷ്ട്രീയ പ്രവേശനം വൈകിപ്പിക്കുന്നു? ഇനി മകന് താല്പര്യമില്ലാഞ്ഞിട്ടാകുമോ? പിന്നീട് വളരെ വൈകിയാണെങ്കിലും ഒരുപാട് വിവാദങ്ങൾക്ക് നടുവിൽ ആ രാഷ്ട്രീയ പ്രവേശനം നടന്ന് അങ്ങ് സ്ഥാനാർഥി ആയപ്പോൾ ഒരു യുഡിഎഫ് പ്രവർത്തകൻ എന്ന നിലയിൽ താങ്കളുടെ വിജയത്തിനായി പ്രവർത്തിക്കുകയും, പരാജയത്തിൽ ദുഃഖിക്കുകയും ചെയ്ത വ്യക്തിയാണ് ഞാൻ.23 വർഷം കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആയിരുന്ന എന്റെ പിതാവും അങ്ങയുടെ പരാജയത്തിൽ എന്നെക്കാൾ ദുഃഖിച്ചിരുന്നു. മാണിസാർ എന്ന രാഷ്ട്രീയ ചാണക്യൻ പാലാ അടക്കി വാഴുമ്പോഴും അദ്ദേഹത്തിന് കടന്നു കയറാൻ കഴിയാതിരുന്ന പ്രദേശമായിരുന്നു പാലാ തെക്കേക്കര. അവിടെ എന്റെ പിതാവ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം കേരള കോൺഗ്രസ് പാർട്ടി ഓഫീസിനായി സൗജന്യമായി വിട്ടു കൊടുത്തതിന്റെ പേരിൽ ഞങ്ങളുടെ ജീവനോപാധിയായിരുന്ന റേഷൻ കടയുടെ വ്യാപാര ലൈസൻസ് പോലും പ്രതിസന്ധിയിലായിരുന്നു.
പ്രിയ സഹപ്രവർത്തകന്റെ മകൻ എന്ന വാത്സല്യവും ചെറുപ്പക്കാരനായ പൊതുപ്രവർത്തകൻ എന്ന പരിഗണനയും, ഒരേ ചേരിയിൽനിന്ന് പിന്തുണയ്ക്കുമ്പോഴും മറുചേരിയിൽനിന്ന് കലഹിക്കുമ്പോഴും മാണിസാർ എനിക്ക് തന്നിരുന്നു.അദ്ദേഹത്തിന്റെ രാഷ്ട്രീയം ഒരിക്കലും പ്രതികാരത്തിന്റെയോ, പകയുടെയോ, വിദ്വേഷത്തിന്റെയോ, അസഹിഷ്ണുതയുടെയോ ആയിരുന്നില്ല എന്ന് ഞാൻ ഈ അവസരത്തിൽ സ്മരിക്കട്ടെ. എന്നിലേക്ക് സ്വാഭാവികമായി വന്നുചേരുമെന്ന് ഞാനും എന്റെ പ്രസ്ഥാനവും പാർട്ടിയിലെ ആയിരക്കണക്കിന് സഖാക്കളും കരുതിയ അംഗീകാരം, നഗരസഭ അധ്യക്ഷ പദവി, അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനിരയായി എനിക്ക് നഷ്ടപ്പെട്ട ദിനത്തിലാണ് ഞാൻ ഈ തുറന്ന കത്ത് അങ്ങേക്ക് എഴുതുന്നത്. പാലാ നഗരസഭയുടെ 75 വർഷത്തെ ചരിത്രത്തിലാദ്യമായി അധികാരത്തിലേറുന്ന സിപിഎം ചെയർമാൻ ആകുവാനുള്ള അവസരം ചുറ്റികള അരിവാൾ നക്ഷത്ര ചിഹ്നത്തിൽ വിജയിച്ചുകയറിയ ഈ നഗരസഭയിലെ ഏക ജനപ്രതിനിധിയായ എനിക്ക് നിഷേധിക്കപ്പെട്ട ദിവസം, നഗരസഭയിൽ ചെങ്കൊടി പാറുന്നത് സ്വപ്നം കണ്ട ആയിരക്കണക്കിന് പാർട്ടി സഖാക്കളുടെ ഹൃദയം നുറുങ്ങിയ ദിവസം, ഈ ദിവസം, 2023 ജനുവരി 19, പാലായുടെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു കറുത്ത ദിനമായി രേഖപ്പെടുത്തും.
Find out more: