ചൊവ്വാഴ്ച രാജ്യ വ്യാപക ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ. വിവാദ കർഷക ബിൽ നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കാത്ത സാഹചര്യത്തിൽ ചൊവ്വാഴ്‌ച രാജ്യവ്യാപകമായി ബന്ദ് ആചരിക്കുമെന്ന് കർഷക സംഘടനകൾ അറിയിക്കുകയുണ്ടായി. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും തടയുമെന്നും ഡൽഹി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകർ ഭീഷണി മുഴക്കി. രാജ്യത്തെ എല്ലാ ടോൾ ഗേറ്റുകളും ഉപരോധിക്കും. ടോൾ പിരിവ് അനുവദിക്കില്ലെന്നും കർഷകർ വ്യക്തമാക്കി.പ്രതിഷേധത്തിൻ്റെ ഭാഗമായി രാജ്യത്തുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്ന് കർഷകർ അറിയിച്ചു. അതേസമയം കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതിൽ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. കാർഷിക നയത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തുവന്നിരുന്നു.


   ഇതിന് പിന്നാലെ തന്നെ നിയുക്ത അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസും കർഷകരെ പിന്തുണച്ച് രംഗത്തുവന്നതായാണ് പ്രചരിക്കുന്ന വാദം.സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഒരു ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു വാദം ഉയർന്നിരിക്കുന്നത്. ട്വീറ്റ് ഇങ്ങനെയാണ്; "കർഷകർക്ക് തങ്ങളുടെ ഉപജീവനത്തിന് വെല്ലുവിളി ഉയർത്തുന്ന പുതിയ കാർഷിക നിയമ ഭേദഗതിയിൽ ഇന്ത്യയുടെ നീക്കങ്ങൾകണ്ട് ഞങ്ങൾ ഞെട്ടി. ജല പീരങ്കികളും കണ്ണീർ വാതകവും ഉപയോഗിക്കുന്നതിന് പകരം ഇന്ത്യൻ സർക്കാർ കർഷകരുമായി ചർച്ച നടത്തുകയാണ് വേണ്ടത്" എന്നാണ് കമലയുടെത് എന്ന് പറയുന്ന ട്വീറ്റിൽ കുറിക്കുന്നത്.


  വ്യാജമായി നിർമ്മിച്ചതാണ് ഈ ട്വീറ്റ്. കമലാ ഹാരിസ് ഇതുവരെ കർഷകർ നടത്തുന്ന സമരത്തിൽ സംസാരിക്കുവാൻ തയ്യാറായിട്ടില്ല.പ്രചരിക്കുന്ന ട്വീറ്റ് പരിശോധിച്ചപ്പോൾ നവംബർ 28ന് വന്നതാണെന്ന് വ്യക്തമായി. കമലയുടെ രണ്ട് ട്വിറ്റർ പേജുകളും പരിശോധിച്ചപ്പോൾ ഇത്തരത്തിൽ ഒരു ട്വീറ്റും കണ്ടെത്തിയിട്ടില്ല. നവംബർ 27 മുതൽ ഡിസംബർ ഒന്ന് വരെ നടത്തിയ ട്വീറ്റുകളിൽ പ്രധാനമായും യുഎസിലെ കർഷകർക്ക് നന്ദി അറിയിക്കുന്നതാണ് എന്ന് വ്യക്തമാകുന്നു. ഈ കൊവിഡ് കാലത്തും ജനങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിൽ കർഷകർക്ക് നന്ദി അറിയിക്കുന്നുവെന്നായിരുന്നു ട്വീറ്റുകൾ.


 അതേസമയം വിശദമായ പരിശോധനയിൽ ഇതേ ട്വീറ്റ് മറ്റൊരിടത്തു നിന്നും കണ്ടെത്തുകയും ചെയ്തു. കനേഡിയൻ പാർലമെന്റ് അംഗമായ ജാക്ക് ഹാരിസ് ആണ് ഇത്തരത്തിൽ ഒരു ട്വീറ്റ് ചെയ്തിരിക്കുന്നത്. കമല ഹാരിസിന്റെത് എന്ന പേരിൽ ട്വീറ്റ് പ്രചരിക്കുന്ന അതേസമയത്ത് തന്നെയാണ് ഈ ട്വീറ്റും വന്നിരിക്കുന്നത്. ആരോ മനപ്പൂർവ്വം കൃത്രിമമായി ഇരു ചിത്രങ്ങളും സംയോജിപ്പിച്ച് പ്രചരിപ്പിക്കുകയായിരുന്നു.

మరింత సమాచారం తెలుసుకోండి: