കെജിഎഫ്; പ്രശാന്ത് നീൽ പറഞ്ഞ ആ ഒരു സീൻ കേട്ടാണ് വിജയ് സിനിമ നി‍ർമ്മിക്കാൻ തയ്യാറായത്!  2018-ൽ ആദ്യ ഭാഗം 20122-ൽ രണ്ടാം ഭാഗം. മാസും ഇമോഷൻസും ഏവരേയും പിടിച്ചിരുത്തുന്ന അവതരണവും കൊണ്ട് ആദ്യ ഭാഗം പ്രേക്ഷകർ ഏറ്റെടുത്തെങ്കിൽ ഇന്ന് റിലീസായ രണ്ടാം ഭാഗത്തിൽ മാസ് എലമെൻറുകൾ അൽപം കൂടുതലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സംവിധായകൻ പ്രശാന്ത് നീലും നടൻ യാഷും വീണ്ടും ഞെട്ടിച്ചിരിക്കുകയാണെന്ന് ഏവരും പറയുന്നു. ഈ അവസരത്തിൽ പൂരിപ്പിക്കേണ്ട മറ്റൊരാളുടെ കൂടി പേരുണ്ട്, കെജിഎഫ് നിർമ്മാതാവ് വിജയ് കിരങ്ങണ്ടൂരിൻറേതാണത്. കെജിഎഫിൽ ഒരു പാൻ ഇന്ത്യൻ റീച്ച് മുൻകൂട്ടി കണ്ട നിർമ്മാതാവ്. കെജിഎഫ് ചാപ്റ്റർ 1, ചാപ്റ്റർ 2, കന്നഡ സിനിമാ ഇൻഡസ്ട്രിയുടെ തന്നെ മുഖച്ഛായ മാറ്റിയ രണ്ട് സിനിമകൾ.





    2015-ൽ യാഷിൻറെ മാസ്റ്റ‍ർപീസ്. 2017-ൽ പുനീതിൻറെ രാജകുമാര ഈ മൂന്ന് സിനിമകൾക്ക് ശേഷം 2018-ൽ വിജയ് നിർ‍മ്മിച്ച ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 1. കന്നഡ ഇൻഡസ്ട്രിയിൽ നിന്ന് എന്ത് പ്രതീക്ഷിക്കാനാണെന്ന് ചിന്തിച്ചവരെകൊണ്ട് മാറ്റി പറയിച്ച സിനിമയുടെ പിറവിയായിരുന്നു അത്. ഹോംബാൾ ഫിലിംസ് എന്ന സിനിമാ കമ്പനി 2014-ലാണ് ബംഗളുരു സ്വദേശിയായ വിജയ് കിരങ്ങണ്ടൂർ ആരംഭിക്കുന്നത്. പുനീത് രാജ്‍കുമാർ ചിത്രം നിന്നിന്താലേ എന്ന സിനിമയൊരുക്കിയായിരുന്നു തുടക്കം. 50 കോടി ബജറ്റിലിറക്കിയ കെജിഎഫ് ചാപ്റ്റർ 1 നേടിയ ആഗോള കളക്ഷൻ 250 കോടിയായിരുന്നു. കോലാർ സ്വർണഖനിയുടെ അധികാരം കൈക്കലാക്കാനുള്ള റോക്കി ഭായിയുടെ കഥ ലോകമെമ്പാടും ഏറ്റെടുക്കുകയായിരുന്നു. ഒറ്റ സിനിമ കൊണ്ട് നായകൻ യാഷും സംവിധായകൻ പ്രശാന്ത് നീലും ഹോംബാൾ ഫിലിംസും ലോകപ്രശസ്തരായി.





  മാസും ക്ലാസും കൂട്ടിയിണക്കിയ റോക്കി ഷോ തന്നെയായിരുന്നു കെജിഎഫ്. ആദ്യ സിനിമയ്ക്ക് ശേഷം പ്രശാന്ത് നീൽ ഹോംബാൾ ഫിലിംസിൽ ചെന്നത് ഒരു കുടുംബചിത്രം ചെയ്യാനായിരുന്നു. 'ഉഗ്രം' ചെയ്ത ആൾ അല്ലെ, വേറെ ആക്ഷൻ കഥ വല്ലതും ഉണ്ടോ എന്നാണ് അപ്പോൾ വിജയ്, സംവിധായകൻ പ്രശാന്തിനോട് ചോദിച്ചത്. ആൻഡ്രൂസ് റോക്കിയെ ആദ്യമായി കണ്ടു ഗരുഡനെ കൊല്ലണം എന്നു പറയുന്ന സീനായിരുന്നു പ്രശാന്ത് കെജിഎഫ് വൺലൈനായി പറഞ്ഞത്. വിജയ് അതിൽ കണ്ടത് ആ സിനിമയുടെ ആഗോള സാധ്യതയായിരുന്നു. അതോടെ പ്രോജക്ടിന് തുടക്കമാകുകയായിരുന്നു.  






കന്നട സിനിമയിൽ കെജിഎഫി-ന് ശേഷം വന്നിട്ടുള്ളതും ഇനി വരാൻ പോകുന്നതുമായ വലിയ വലിയ സ്വപ്നങ്ങൾക്ക് എല്ലാം അടിത്തറ പാകുന്നതിന് വിജയ് എടുത്ത ദീർഘവീക്ഷണവും ഡെഡിക്കേഷനുമൊക്കെ എടുത്തു പറയേണ്ടതാണ്. കെജിഎഫ് 2 ആദ്യ ദിനം തന്നെ 200 കോടിക്ക് മേൽ വേൾഡ് വൈഡ് കളക്ഷൻ നേടിയതായാണ് പുറത്തുവരുന്ന റിപ്പോ‍ർട്ട്. കൂടാതെ കെജിഎഫ് ചാപ്റ്റർ 3 വരുമെന്ന സൂചനയും ചിത്രത്തിലുണ്ട്.മാത്രമല്ല പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ എന്ന ചിത്രവും ഹോംബാൾ ഫിലിംസ് പ്രഖ്യാപിച്ചു കഴിഞ്ഞു. 350 കോടിയാണ് സലാറിൻറെ ബജറ്റെന്നാണ് വിവരം. കെജിഎഫ് രണ്ടാം ഭാഗം 80 - 100 കോടി രൂപ ബജറ്റിൽ എടുത്ത് 5 ഭാഷകളിലാണ് എത്തിച്ചിരിക്കുന്നത്.  

Find out more: