18 വർഷത്തിന് ശേഷം രജനികാന്തും കമൽഹാസനും നേർക്ക് നേർ; 18 വർഷത്തിന് ശേഷം രജനികാന്തും കമൽഹാസനും! 2023-ൽ തമിഴ് സിനിമ മെഗാ റിലീസുകൾക്ക് സാക്ഷ്യം വഹിക്കാൻ തയാറാകുമ്പോഴാണ് ബോക്സോഫീസിനെ കത്തിക്കാൻ തലൈവറും ഉലക നായകനും കൊമ്പുകോർക്കുന്നത്. 2023 ദീപാവലി സീസണിലായിരിക്കും രജനികാന്തിൻ്റെയും കമലഹാസൻ്റെയും പുതിയ ചിത്രങ്ങളുടെ റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത്.ഇന്ത്യൻ ചലച്ചിത്ര പ്രേമികൾക്ക് ആവേശം വിതറി കോളിവുഡിലെ മെഗാ താരങ്ങൾ ബോക്സോഫീസിൽ ഏറ്റുമുട്ടുന്നു.കമലഹാസൻ്റെ ബിഗ് ബജറ്റ് ചിത്രം ഇന്ത്യൻ രണ്ടാം ഭാഗമാണ് തിയറ്ററിലെത്താനൊരുങ്ങുന്നത്. ഈ രണ്ടു ചിത്രങ്ങളുടെയും റിലീസ് മുമ്പ് നിശ്ചയിച്ചിരുന്ന തീയതിയിൽ നിന്നും പല കാരണങ്ങൾ കൊണ്ട് മാറ്റിയിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം രണ്ടു ചിത്രങ്ങളും 2023 ദീലാവലി സീസണിലേക്കാണ് റിലീസ് പ്ലാൻ ചെയ്യുന്നത്.





    ഇതോടെയാണ് രജനികാന്ത് - കമലഹാസൻ പോരാട്ടം ബോക്സോഫിൽ സംഭവിക്കാനൊരുങ്ങുന്നത്. രജനികാന്തിൻ്റെ അടുത്ത റിലീസ് ആക്ഷൻ ത്രില്ലർ മൂഡിലൊരുക്കുന്ന ജയിലറാണ്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിൽ സൗത്ത് ഇന്ത്യയിലെ വലിയ താരനിരയാണ് അണിനിരക്കുന്നത്.ജയിലറിൽ ടൈറ്റിൽ റോളിലാണ് രജനികാന്ത് എത്തുന്നത്. മലയാളത്തിൽ നിന്നും മോഹൻലാൽ, കന്നടത്തിൽ നിന്നും ശിവരാജ് കുമാർ, തെന്നിന്ത്യൻ നായിക തമന്ന തുടങ്ങിയ വമ്പൻ താരനിര അഭിനയിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വിജയ് നായകനായ ബീസ്റ്റിനു ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം സൺ പിക്ചേർസിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമിക്കുന്നത്. നടി രമ്യ കൃഷ്ണനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പടയപ്പ എന്ന സിനിമയ്ക്കു ശേഷം രമ്യയും രജനീകാന്തും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ജയിലർ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം ഒരുക്കുന്നത്.






   
2023 നവംബർ 10 നാണ് ജയിലറും ഇന്ത്യൻ - 2 വും സ്‌ക്രീനുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. കോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ 18 വർഷത്തിന് ശേഷമാണ് രജനികാന്തും കമൽഹാസനും ബോക്‌സ് ഓഫീസിൽ ഏറ്റമുട്ടാനൊരുങ്ങുന്നത്. 2005ൽ റിലീസ് ചെയ്ത ചന്ദ്രമുഖിയും മുംബൈ എക്‌സ്‌പ്രസുമായാണ് രണ്ട് മെഗാസ്റ്റാറുകളും ബോക്‌സ് ഓഫീസിൽ അവസാനമായി ഏറ്റുമുട്ടിയത്. അന്ന് കമലഹാസൻ്റെ കോമഡി ത്രില്ലർ മുംബൈ എക്സ്പ്രസ് പരാജയപ്പെടുകയും രജനികാന്തിൻ്റെ ഹൊറർ ചിത്രം ചന്ദ്രമുഖി കൂറ്റൻ വിജയവും സ്വന്തമാക്കി. സേനാപതി എന്ന കഥാപാത്രത്തെ വീണ്ടും കമലഹാസൻ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഏറെ നാൾ മുമ്പ് ഇന്ത്യൻ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതാണ്. സെറ്റിൽ വച്ചുണ്ടായ അപകടത്തിന് ശേഷം നാളായി മുടങ്ങിക്കിടന്ന ചിത്രീകരണം കഴിഞ്ഞ വർഷം പുനരാരംഭിച്ചിരുന്നു. 






  കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവരാണ് കമലഹാസനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ എസ്. ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ-2 പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായിട്ടാണ് തിയറ്ററിലെത്തുന്നത്. 1996-ൽ കമൽഹാസനെ നായകനാക്കി ശങ്കർ ഒരുക്കിയ ഇന്ത്യൻ്റെ തുടർച്ചയാണിത്.  സംവിധായകൻ ശങ്കറിനും മികച്ച വിജയം അനിവാര്യമാണ് ഈ ചിത്രത്തിലൂടെ. രജനികാന്തിന് അവസാന ചിത്രം അണ്ണാത്തെയുടെ ക്ഷീണം മറികടക്കാനുള്ള പ്രോജക്ടാണ് ജയിലർ. വമ്പൻ പ്രതീക്ഷയോടെ രണ്ടു ചിത്രങ്ങളും ഏറ്റമുട്ടാനൊരുങ്ങുന്നതിൻ്റെ ആവേശത്തിലാണ് തമഴ് സിനിമാ പ്രേമികൾ.

Find out more: