
2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നോയിഡയിലെ സാംസങ് പ്ലാന്റിൽ ഇതിനകം തന്നെ മൊബൈൽ നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ഈ ഫാക്ടറിയ്ക്കായി സാംസങ് അന്ന് 4,915 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു.അഞ്ച് വർഷത്തേക്ക് പദ്ധതിക്കായി സംസ്ഥാന സർക്കാർ 250 കോടി രൂപ ധനസഹായം നൽകും. കൂടാതെ കേന്ദ്ര പദ്ധതി പ്രകാരം 460 കോടി രൂപയുടെ സാമ്പത്തിക പ്രോത്സാഹനവും സാംസങ്ങിന് ലഭിക്കും. എൻസിആറിൽ ഒരു ഇക്കോ സിസ്റ്റം സൃഷ്ടിക്കാൻ യുപി സർക്കാരിന്റെ നിരന്തരമായ പരിശ്രമത്തിലൂടെ ഇത് സാധ്യമാകും.
രാജ്യത്തും വിദേശത്തും മൊബൈൽ, മറ്റ് ഗാഡ്‌ജെറ്റുകളുടെ ആവശ്യം വർധിക്കുന്നുവെന്നും സർക്കാർ വക്താവ് പറഞ്ഞു.യുപി ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് പോളിസി 2017 അനുസരിച്ചാണ് ഭൂമി കൈമാറുന്നത്. ഇത് വഴി സാംസങ്ങിന് ഇളവ് ലഭിക്കും. അതേസമയം സാംസങ്ങിന്റെ ആദ്യത്തെ ഹൈ-ടെക്നിക് പദ്ധതിയാണിത്. നോയിഡയിൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് സാംസങ് ഡിസ്പ്ലേ നോയിഡ പ്രൈവറ്റ് ലിമിറ്റഡിന് പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ യുപി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വെള്ളിയാഴ്ച നടന്ന യോഗത്തിലാണ് ആനുകൂല്യങ്ങൾ നൽകാനുള്ള തീരുമാനം അറിയിച്ചത്.