ജെ എസ് കെ എന്ന സുരേഷ് ഗോപി ചിത്രം പ്രേക്ഷക ഹൃദയങ്ങളിൽ നിന്ന്! ജെ എസ് കെ എന്ന സുരേഷ് ഗോപി ചിത്രം പുറമേയുണ്ടാക്കിയ വിവാദങ്ങളിലേക്കൊന്നും പോവുന്നില്ലെന്ന് സിനിമ കാണുന്നവർക്ക് മനസ്സിലാകും. ചില സ്ഥലങ്ങളിൽ 'മ്യൂട്ട്' ചെയ്യുന്ന ജാനകി എന്ന വാക്ക് പ്രേക്ഷകർക്ക് കൃത്യമായി പൂരിപ്പിക്കാനാവുന്നതുകൊണ്ട് ആ ശ്രമവും നിഷ്ഫലമാണ്. ഏതെങ്കിലും രംഗങ്ങൾ മുറിച്ചു മാറ്റിയിട്ടുണ്ടെങ്കിലേ ഉള്ളു. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും സിനിമയെ അതൊന്നും ഒരു തരത്തിലും ബാധിക്കുന്നില്ല. രാമായണത്തിലെ ജനകന്റെ മകൾ ജാനകിയേയും പൂങ്കുന്നത്തെ വിദ്യാധരന്റെ മകൾ ജാനകിയേയും മലയാളിക്ക് മനസ്സിലാവാത്തതുകൊണ്ടായിരിക്കും സെൻസർ ബോർഡ് ജെ എസ് കെ അഥവ ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരളയിലെ ജാനകിക്ക് ഇനീഷ്യൽ വെച്ചു കൊടുത്തതെന്ന് വിശ്വസിക്കാനുള്ള ഒരു ന്യായവും ഈ ചിത്രത്തിനില്ല.
ഇതിഹാസത്തിലെ ജാനകിയേയോ സീതാ ദേവിയേയോ അവഹേളിക്കുന്നതോ അതിന് ശ്രമിക്കുന്നതോ, എന്തിന് ചിന്തിക്കുന്ന പോലും ഒരു രംഗം പോയിട്ട് ഒരു സംഭാഷണം വരെയില്ല. ജാനകി എന്ന പേര് ദുരുപയോഗപ്പെടുത്തുന്നു എന്നതിനേക്കാൾ സിനിമയുടെ ക്ലൈമാക്‌സിൽ ആടിത്തിമർക്കുന്ന ദൈവരൂപങ്ങളെ ചവിട്ടിയൊതുക്കുന്ന നായകന്റെ 'ദൈവനിന്ദ'യും 'വിശ്വാസ നിന്ദ'യും ഇതേ സെൻസർബോർഡ് കാണാതെ പോയത് എന്തുകൊണ്ടായിരിക്കും.
'ഒരു നല്ല അഭിഭാഷകൻ ഒരു മോശം കൃസ്ത്യാനിയായിരിക്കും' എന്ന വാചകം മേശപ്പുറത്ത് കൊത്തിവെച്ച അഡ്വ. ഡേവിഡ് ആബേൽ ഡാനോവൻ ആദ്യഘട്ടത്തിൽ നല്ല അഭിഭാഷകൻ മാത്രമല്ല, നല്ല കൃസ്ത്യാനിയും കൂടിയാണ്. അതുകൊണ്ടാണ് അയാൾക്ക് കന്യാസ്ത്രീയെ പീഡിപ്പിച്ച പള്ളീലച്ചനെതിരെ മുഖം നോക്കാതെ സംസാരിക്കാനാവുന്നത്. പക്ഷേ, പിന്നീട് അയാളുടെ കൃസ്ത്യാനിറ്റി മാത്രമല്ല അഭിഭാഷക നിലവാരവും ചോദ്യം ചെയ്യപ്പെടുന്ന തലത്തിലേക്കാണ് കഥയെ കൊണ്ടുപോകുന്നത്.
അഭിഭാഷകനും അന്വേഷണ ഉദ്യോഗസ്ഥനും രൂപത്തിലും ഭാവത്തിലും മാത്രമല്ല സ്വഭാവത്തിലും ജീവിതത്തിലും വരെ മാറ്റമുണ്ടാകും; മാറ്റമുണ്ടാവണം. പക്ഷേ, ഡേവിഡ് ആബേൽ ഡനോവന്റെ പേരിന് മുമ്പിൽ അഭിഭാഷകനെന്ന ബിരുദം തെളിയിച്ചു വെച്ചിട്ടുണ്ടെങ്കിലും അയാൾ ഇടക്കിടെ അന്വേഷണ ഉദ്യോഗസ്ഥനുമാകുന്നുണ്ട്. ഒരുപക്ഷേ, സേതുരാമയ്യരേക്കാൾ കാഞ്ഞബുദ്ധിയും പ്രകടമാക്കുന്നുണ്ട്!
അഡ്വ. ഡേവിഡ് ആബേൽ ഡനോവൻ ഇരുത്തിപ്പറയാവുന്ന പേരുപോലെ അതിപ്രശ്‌സ്തനായ അഭിഭാഷകൻ തന്നെയാണ്. അയാളുടെ ചടുലതയും കൂർമ ബുദ്ധിയും കേസുകൾ ജയിക്കാൻ അദ്ദേഹത്തിന് ഗുണകരമാവുകയും ചെയ്യുന്നുണ്ട്. പക്ഷേ, കോടതി ഒരിക്കൽ അയാൾക്ക് നൽകുന്ന മുന്നറിയിപ്പു പോലെ 'വാചാടോപം കൊണ്ട് കേസ് ജയിക്കുന്നതിനോടൊപപം നീതി നടപ്പാക്കാൻ സഹായിക്കുകയും കൂടിയാണ് അഭിഭാഷകന്റെ ബാധ്യത'യെന്ന് ഒടുവിലാണെങ്കിലും അദ്ദേഹം തിരിച്ചറിയുന്നുമുണ്ട്.
അമ്മയെ ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെട്ട ജാനകിയെന്ന പെൺകുട്ടി അച്ഛന്റെ സംരക്ഷണയിലാണ് വളരുന്നത്. എൻജിനിയറിംഗ് ബിരുദത്തിന് ശേഷം കാംപസ് സെലക്ഷനിലൂടെ ബംഗളൂരുവിൽ ജോലിക്കെത്തുന്ന അവളിലൂടെയാണ് കഥ നീങ്ങുന്നത്. എന്തിനായിരിക്കണം ആ പെൺകുട്ടി ഇത്രമാത്രം ട്രോമയിലൂടെ കടന്നുപോകേണ്ടി വന്നതെന്നത് വിധി എന്നേ ഉത്തരമുള്ളു.ജെ എസ് കെയിൽ നിരവധി കോടതി രംഗങ്ങളും വാദപ്രതിവാദങ്ങളുമുണ്ടെങ്കിലും ഏറ്റവും ഗംഭീരവും അതിലേറെ മനോഹരവുമായത് ഹൈക്കോടതിയിലെ വാദങ്ങളാണ്. ഗർഭിണികളായ രണ്ട് സ്ത്രീകളെ രണ്ടർഥങ്ങളിൽ പ്രയോഗിച്ച് ഏറ്റവും അർഥവത്തായ രംഗം സൃഷ്ടിക്കാൻ തിരക്കഥാകൃത്തും സംവിധായകനുമായ പ്രവീൺ നാരായണന് സാധിച്ചിട്ടുണ്ട്. ഒരുപക്ഷേ, ഈ സിനിമയ്ക്കായി അദ്ദേഹം കണ്ടെത്തിയ ഏറ്റവും മനോഹരമായ കഥാപാത്രങ്ങൾ ആ രണ്ട് ഗർഭിണികൾ തന്നൊയിരിക്കണം. ഗർഭിണി അഭിഭാഷകയായി രംഗത്തെത്തുന്ന അഡ്വ. നിവേദിതയെ ശ്രുതി രാമചന്ദ്രൻ വാക്കുകളുടെ മോഡ്യുലേഷനിലും അവ ഒരു ഗർഭിണി പ്രയോഗിക്കുമ്പോഴുള്ള ഭാവഹാവാദികളിലും ഏറ്റവും മികവുറ്റതാക്കിയിരിക്കുന്നു.
സുരേഷ് ഗോപി പതിവ് രീതിയിൽ തന്നെ വേഷമിട്ട് അഡ്വ. ഡേവിഡ് ആബേൽ ഡനോവറായപ്പോൾ ജാനകിയായി അനുപമ പരമേശ്വരനും സൈറയായി ദിവ്യ പിള്ളയും ഫിറോസായി അസ്‌കർ അലിയും പ്രേക്ഷകരെ കൂടുതൽ ഇഷ്ടപ്പെടുത്തും.മുറുക്കത്തിലേക്ക് വരികയാണെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കുന്ന ഒന്നാം പകുതിയുടെ പ്രതീക്ഷകളെല്ലാം എന്തൊക്കെയോ ചെയ്യാനുള്ള ശ്രമത്തിൽ രണ്ടാം പകുതിയിൽ ഇല്ലാതാക്കിയെന്ന് ഒറ്റവാക്കിൽ പറയാം. സുരേഷ് ഗോപിയെന്ന കേന്ദ്രമന്ത്രിയെ അദ്ദേഹത്തിന് ഉതകുന്ന 'കനപ്പെട്ട' കഥാപാത്രം നൽകി പരമാവധി ജ്വലിപ്പിച്ചു നിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും സിനിമ പതിവ് തിരക്കഥാ- സംഭാഷണ ഗിമ്മിക്കുകൾക്കുപ്പറത്തേക്ക് വളരാൻ ശ്രമിക്കുന്നില്ല.
Find out more: