പ്രിൻസ് ആന്റ് ഫാമിലി; നടൻ ദിലീപിലൂടെ പ്രിൻസിന്റെ വിശേഷങ്ങൾ! സമകാലിക മലയാളി ജീവിതവുമായി കോർത്തിണക്കുന്ന ഒരു ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. സാമൂഹ്യ മാധ്യമങ്ങളും അതിലുപയോഗിക്കുന്ന ഭാഷയും ജീവിത സാഹചര്യങ്ങളുമെല്ലാം എത്രമാത്രം മലയാളി ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നുവെന്ന് തുറന്നടിച്ചു കാണിക്കുകയാണ് ബിന്റോ സ്റ്റീഫനെന്ന സംവിധായകന്റെ ആദ്യ ചിത്രം പ്രിൻസ് ആന്റ് ഫാമിലിയിലൂടെ. ദിലീപിന്റെ പ്രിൻസും ജോണി ആന്റണിയുടെ കെ കെയും മഞ്ജു പിള്ളയുടെ സഫിയത്തയും ബിന്ദു പണിക്കരുടെ ജാൻസി അമ്മച്ചിയും സിദ്ദീഖിന്റെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പുകാരൻ ബേബി ചക്കാലക്കൽ ഉൾപ്പെടെ എല്ലാവരും കുടുംബത്തിൽ നിന്നും ഇറങ്ങി വന്ന കഥാപാത്രങ്ങളാണ്.
കെ കെ എന്ന തന്റെ സുഹൃത്താകട്ടെ സൈദ്ധാന്തികമായും താത്വികമായുമാണ് സമകാലിക കേരളീയ അവസ്ഥയെ വിലയിരുത്തുന്നത്- 'നമ്മൾ വിചാരിക്കുന്നതു പോലെയല്ല, ഇവിടെയെല്ലാം മാറിപ്പോയി. സോഷ്യൽ മീഡിയയിൽ ആദ്യം പറയുന്നവന്റെ പിറകെ പോവുകയും അതുവിശ്വസിച്ച് നാട് തകർക്കുകയും ഉടയതമ്പുരാൻ പോലും നേരിട്ടിറങ്ങി വന്ന് സത്യം പറഞ്ഞാലും ആരും വിശ്വസിക്കാതിരിക്കുകയും വർഗ്ഗീയമായി വേർതിരിക്കുകയും ചെയ്തിരിക്കുന്ന അവസ്ഥയാണിപ്പോൾ.' മലയാളിയുടെ 'സാമൂഹ്യ' ജീവിതത്തെ നേരായും പരിഹസിച്ചും ചിത്രീകരിച്ച പ്രിൻസ് ആന്റ് ഫാമിലി സാമൂഹ്യ മാധ്യമ കാലത്ത് ജീവിക്കുന്ന പുതുതലമുറയുടേയും പഴയ തലമുറയുടേയും രീതികളെ മാത്രമല്ല ഇതിനു രണ്ടിനുമിടയിൽ പെട്ട മധ്യ തലമുറയേയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. സാമൂഹ്യ മാധ്യങ്ങളിൽ കുളിച്ചു കയറുന്ന പുതിയ തലമുറയ്ക്ക് മാത്രമല്ല ഒരു തലമുറയ്ക്ക് അപ്പുറമുള്ള പഴയ തലമുറയ്ക്കും ട്രെന്റി വാക്കുകൾ അറിയാം.
മധ്യത്തിലുള്ള തലമുറ അതിൽ നിന്നെല്ലാം പുറത്തായി 'തന്തവൈബിന്റെ' ആശാന്മാരാവുന്നത് രസകരമാക്കിയിരിക്കുന്നു. മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകളിൽ മികച്ച സംഭാഷണങ്ങൾകൊണ്ട് അമ്മാനമാടിയ ഷാരിസ് മുഹമ്മദ് ഈ സിനിമയിലും തന്റെ മികച്ച സംഭാഷണങ്ങൾ കോർത്തുവെച്ചിട്ടുണ്ട്. അതിഗൗരവത്തിലുള്ള സംഭാഷണങ്ങൾ രചിച്ച അതേ ഷാരിസിന് മനോഹരമായ തമാശകളും എഴുതാനായിട്ടുണ്ട്. പ്രിൻസും ജിൻസും ഷിൻസും മാത്രമല്ല വീട്ടിലേക്കൊരു 'ട്വിൻസും' കൂടി വരുന്നു എന്ന സംഭാഷണത്തിലൊക്കെ നിലവാരമുള്ള തമാശകളാണ് ഒരുക്കിയിരിക്കുന്നത്. തമാശയോടൊപ്പം ഗൗരവത്തിൽ ചില കാര്യങ്ങളും ഈ സിനിമ പറയുന്നുണ്ട്.എന്തു സംഭവമുണ്ടായാലും 'കോലിനു മുകളിൽ മൊബൈൽ ഫോണും തൂക്കി' വരുന്ന ഐ ഡി കാർഡും ഐഡന്റിറ്റിയുമില്ലാത്ത യൂട്യൂബർമാർക്കും കണക്കിന് കൊടുക്കുന്നുണ്ട്.
ഒരു വിവരം ലോകത്തിലേക്ക് പറത്തിവിടുന്നതിന് മുമ്പ് നൂറുപ്രാവശ്യം ആലോചിക്കണമെന്ന് പറയുന്ന ഉർവ്വശിയുടെ മന്ത്രി ജോസഫൈൻ എന്ന കഥാപാത്രം 'ഉപദേശം' ആണെന്ന് തോന്നുമെങ്കിലും കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്. മാത്രമല്ല, എന്തിനുമേതിനും മൊബൈലും തൂക്കി മുമ്പിലേക്കെത്തുന്ന യൂട്യൂബർമാർക്ക് കണക്കിന് കൊട്ടുകൊടുക്കുന്നുണ്ട് ജോസഫൈൻ.ഉണരുന്നതു മുതൽ ഉറങ്ങുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ലോകത്തിലേക്ക് പോയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ചിഞ്ചുവിന് ട്രെിന്റിംഗിൽ തന്റെ ഒന്നാം സ്ഥാനം പോയി മലബാർ മൊഞ്ചത്തി സ്വന്തമാക്കിയത് ആലോചിക്കാൻ പോലും സാധിക്കുന്നതായിരുന്നില്ല.
ഫാഷൻ ഡിസൈനിംഗ് പഠിച്ച് പ്രിൻസസ് ബ്രൈഡൽ മേക്ക്ഓവർ നടത്തുന്ന പ്രിൻസിനെ ചിഞ്ചു വിവാഹം ചെയ്യാൻ തീരുമാനിക്കുന്നതിനു പിന്നിൽ പോലും സോഷ്യൽ മീഡിയാ കാരണങ്ങളുണ്ട്. പ്രിൻസിനെ ചിഞ്ചു വിവാഹം കഴിക്കണമോ എന്ന് തീരുമാനിക്കുന്നതു പോലും മൂന്നര മില്യൻ സബ്സ്‌ക്രൈബേഴ്സ് വോട്ടിനിട്ടാണ്.
ദിലീപ്- ജോണി ആന്റണി കോംബോ ഈ സിനിമയുടെ ആത്മാവായി വർത്തിക്കുന്നു. ദിലീപ്- ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട് പ്രേക്ഷകർക്ക് അമിത പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും സ്‌ക്രീനിൽ അത്രമാത്രം കൊണ്ടുവന്നിട്ടില്ല.
Find out more: