കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കേരളത്തിലെത്തും.

 

ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കും റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക സര്‍വീസ് നടത്തുക.

യാത്ര ചെയ്യാന്‍ അറിയിപ്പ് ലഭിച്ചവര്‍ അഞ്ച് മണിക്കൂര്‍ മുമ്പേ വിമാനത്താവളങ്ങളിലെത്തണം. റാപ്പിഡ് പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തുന്നവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാൻ അനുമതി നൽകുക. 

 

സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് വ്യാഴാഴ്ച മുടങ്ങിയ റിയാദ്-കോഴിക്കോട് സര്‍വീസാണ് വെള്ളിയാഴ്ച നടക്കുക. മുംബൈയില്‍നിന്ന് പ്രത്യേക വിമാനം റിയാദില്‍ എത്തിച്ച് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്താനാണ് എയര്‍ ഇന്ത്യ തയ്യാറായിരിക്കുന്നത്.

 

240-ലേറെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വലിയ വിമാനമാണ് ഉപയോഗിക്കുന്നത്. ഇതില്‍ 200 പ്രവാസികളെയാണ് കരിപ്പൂരെത്തിക്കുന്നത്.

രാത്രി 8.30-ന് കോഴിക്കോട്ടെത്തുന്ന വിധത്തിലാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്.  ബഹ്‌റൈനില്‍ നിന്നെത്തുന്ന വിമാനം രാത്രി 10.40 ഓടെ കൊച്ചിയിലെത്തും.

 

 

അതിനിടെ മാലിയില്‍നിന്ന് 750 പേര്‍ നാവികസേനയുടെ കപ്പലില്‍ ഞായറാഴ്ചയോടെ എത്തും.

 

ഐ.ജി. വിജയ് സാഖറെ, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് എന്നിവര്‍ വ്യാഴാഴ്ച സാമുദ്രിക ക്രൂസ് ടെര്‍മിനല്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. ജില്ലാ ഭരണകൂടം, പോലീസ്, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, സി.ഐ.എസ്.എഫ്., പോര്‍ട്ട് ഹെല്‍ത്ത് തുടങ്ങിയ ഉദ്യോഗസ്ഥരുമായി കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം. ബീന ചര്‍ച്ച നടത്തി.

 

 

 

രോഗലക്ഷണമുള്ള യാത്രക്കാരെ കണ്ടെത്തി അവരെ ആദ്യം ഇറക്കും. മറ്റു യാത്രക്കാരെ ജില്ല തിരിച്ച് 50 പേര്‍ വീതമുള്ള ഗ്രൂപ്പുകളാക്കിയാണ് ഇറക്കുക.

 

 

 

രോഗലക്ഷണമുള്ള യാത്രക്കാരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകാനുള്ള ആംബുലന്‍സ് ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സജ്ജമാക്കും. യാത്രക്കാര്‍ക്ക് പരിശോധനകള്‍ക്കു ശേഷം ബി.എസ്.എന്‍.എല്‍. സിംകാര്‍ഡ് നല്‍കും.

 

യാത്രക്കാര്‍ അവരുടെ മൊബൈലുകളില്‍ ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. യാത്രക്കാരെ കൊണ്ടുപോകാന്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ജില്ലകളിലേക്ക് ഓരോ ബസിനും 30 പേരടങ്ങുന്ന സംഘമാക്കിയാണു വിടുക. ചില യാത്രക്കാര്‍ക്ക് സ്വകാര്യ വാഹനത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

 

സാമുദ്രിക ടെര്‍മിനല്‍ പ്രദേശത്തേക്ക് യാത്രക്കാരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പ്രവേശിപ്പിക്കില്ല.

మరింత సమాచారం తెలుసుకోండి: