കാർഷിക നിയമ ഭേദഗതി സ്റ്റേ ചെയ്ത് സുപ്രീം കോടതി!കർഷകരുടെ പ്രശ്നങ്ങളും നിലപാടുകളും പഠിക്കാനായി ഒരു സമിതിയെ നിയമിക്കുമെന്നും അതുവരെ കാർഷിക നിയമഭേദഗതികൾ സ്റ്റേ ചെയ്യുകയാണെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. കർഷകർക്ക് സമരം തുടരുന്നതിൽ പ്രശ്നമില്ലെന്നും കോടതി വ്യക്തമാക്കി. വിവാദമായ കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി.  അപൂർവമായി മാത്രമാണ് പാർലമെൻറ് പാസാക്കിയ നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്യുന്നത്. കാർഷിക നിയമങ്ങളിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്നും നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടു പോകില്ലെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സർക്കാർ പിന്നോട്ടു പോയില്ലെങ്കിൽ നിയമങ്ങൾ സ്റ്റേ ചെയ്യുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി.



 കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാനായി നാലംഗ ജുഡീഷ്യൽ സമിതിയാണ് സുപ്രീം കോടതി നിയോഗിച്ചത്. എസ് എസ് മൻ, പ്രമോദ് കുമാർ ജോഷി, അശോക് ഗുലാത്തി, അനിൽ ധന്വന്ത് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. കർഷകർ കാർഷിക നിയമങ്ങൾക്കെതിരെ ഉന്നയിക്കുന്ന പ്രശ്നങ്ങൾ വിശദമായി പഠിക്കുന്നത് കാർഷിക മേഖലയിലെ വിദഗ്ധരും സംഘടനകളുടെ പ്രതിനിധികളും അടങ്ങിയ സമിതിയായിരിക്കും. കാർഷിക നിയമങ്ങൾ നിയമപരമായ പ്രശ്നമല്ലെന്നും നയപരമായ പ്രശ്നമാണെന്നുമാണ് കർഷക സംഘടനകളുടെ നിലപാട്. ഈ സാഹചര്യത്തിലാണ് വിദഗ്ധ സമിതിയുമായി സഹകരിക്കാത്തതെന്ന് കെ വി ബിജു ഏഷ്യാനെറ്റ് ന്യൂസിനോടു വിശദീകരിച്ചു. നിയമങ്ങൾ പിൻവലിക്കില്ലെന്ന് സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിൽ കോടതി സ്റ്റേ ചെയ്തിട്ടും കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 



അതേസമയം, കർഷകസമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. വൃദ്ധരും സ്ത്രീകളും അടക്കമുള്ളവർ സമരത്തിൽ നിന്ന് പിന്മാറുമെന്നും സംഘടനകൾ വ്യക്തമാക്കി. സമരവേദി രാംലീല മൈതാനിയിലേയ്ക്ക് മാറ്റാൻ അനുവദിക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ കോടതി നടപടികളുടെ പശ്ചാത്തലത്തിൽ എന്തു നിലപാട് സ്വീകരിക്കണമെന്ന് ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് നേതാവ് കെ വി ബിജു വ്യക്തമാക്കി. നിയമം സർക്കാർ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഭാരതീയ കിസാൻ യൂണിയനും വ്യക്തമാക്കിയിട്ടുണ്ട്.  

మరింత సమాచారం తెలుసుకోండి: