'ഉളുപ്പ് വേണം വേണം, അന്ന് പിണറായിയും കോടിയേരിയും പറഞ്ഞത് ഇങ്ങനെ'! മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകുകയായിരുന്നുവെന്ന് സിപിഎം സ്ഥാന സെക്രട്ടറി എ വിജയരാഘവൻ വ്യക്തമാക്കിയപ്പോൾ കെ എം മാണി അഴിമതിക്കാരനാണെന്ന് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ പറഞ്ഞിട്ടില്ലെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ ആരോപണങ്ങളുമായി മുൻ മന്ത്രിയും എംഎൽഎയുമായ കെ ബാബു രംഗത്തുവന്നു. മുൻ ധനമന്ത്രിയും കേരളാ കോൺഗ്രസ് (എം) നേതാവുമായിരുന്ന കെ എം മാണി അഴിമതിക്കാരനായിരുന്നുവെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചെന്ന തരത്തിൽ പ്രചരിച്ച വാർത്തകളെ സിപിഎമ്മും കേരളാ കോൺഗ്രസും തള്ളിയിട്ടും ആരോപണങ്ങൾ ശക്തമായി പ്രതിപക്ഷം. നിയമസഭാ കയ്യാങ്കളിക്കേസ് അടുത്ത തവണ പരിഗണിക്കുമ്പോൾ അഭിഭാഷകൻ മുൻ നിലപാട് തിരുത്തുമോ എന്ന് കെ ബാബു ചോദിച്ചു.



   അപ്പോഴത്തെ ധനമന്ത്രി എന്ന് അഭിഭാഷകൻ പറഞ്ഞത് കെ എം മാണിയെ ഉദ്ദേശിച്ച് തന്നെയാണ്. എന്നാൽ കെ എം മാണിയുടെ പേര് സർക്കാർ അഭിഭാഷകൻ കോടതിയിൽ പരാമർശിച്ചിട്ടില്ല എന്നാണ് സിപിഎം വാദിക്കുന്നത്. ഈ നിലപാടിലൂടെ സിപിഎം ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ബജറ്റ് അവതരിപ്പിക്കേണ്ട ദിവസം മാണിയുടെ പതിവായുള്ള പ്രാർഥന പോലും നിഷേധിച്ചവരാണ് സിപിഎം എന്നും അദ്ദേഹം ആരോപിച്ചു. ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഗവർണറെ കണ്ടിരുന്നു. മാണി ഒഴികെ മാറ്റാരെങ്കിലും ബജറ്റ് അവതരിപ്പിച്ചാൽ അംഗീകരിക്കാമെന്നായിരുന്നു ഇരുവരും ഗവർണറെ അറിയിച്ചത്. എന്നാൽ ഇന്ന് ഭരണത്തിൽ പങ്കാളിയാകാൻ ജോസ് കെ മാണി സ്വന്തം പിതാവിനെ മറക്കുകയാണ്.



  കെ എം മാണിയോട് സിപിഎമ്മിന് ഇപ്പോഴും വിരോധമുണ്ട്. കുസാറ്റിലെ കെ എം മാണി ബജറ്റ് സ്റ്റഡി സെൻ്ററിൽ നിന്ന് പേരു നീക്കം ചെയ്തത് എന്തിനാണെന്നും ബാബു ചോദിച്ചു.കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ നീക്കം നടത്തിയിരുന്നുവെന്ന് കെ ബാബു പറഞ്ഞു.വ്യവഹാര ചരിത്രത്തിലെ കറുത്ത അധ്യായമാണ് ഈ സംഭവം. പൊതുമുതൽ നശിപ്പിക്കപ്പെടുകയും ആ കേസുമായി സുപ്രീം കോടതിയിൽ പോകുകയും ചെയ്തു. 


  ഇതിനായി ചെലവഴിച്ച തുക സിപിഎമ്മിൽ നിന്നും ഈടാക്കണം. ജീവിച്ചിരിക്കുമ്പോൾ തേജോവധം ചെയ്ത ശേഷം മരണശേഷം അവരെ ഏറ്റെടുക്കുകയും ചെയ്യുന്നത് സിപിഎമ്മിൻ്റെ പതിവ് രീതിയാണ്. കെ ആർ ഗൗരിയമ്മ, എം വി രാഘവൻ എന്നിവരുടെ കാര്യങ്ങളിൽ ഇത് തന്നെയാണ് സംഭവിച്ചതെന്നും കെ ബാബു പരിഹസിച്ചു. ബജറ്റ് അവതരണത്തിൽ കെ എം മാണിക്കെതിരെ പ്രതിഷേധിച്ച സിപിഎമ്മിന് ഉളുപ്പ് വേണമെന്ന് കെ ബാബു പരിഹസിച്ചു. ബജറ്റ് അവതരിപ്പിച്ച ദിവസം നിയമസഭയിൽ സംഭവിച്ചതെല്ലാം ജനങ്ങൾ ലൈവായി കണ്ടതാണ്. പിന്നീട് പ്രതികളെ രക്ഷിക്കാൻ നിയമസഭയിലെത്തി.

Find out more: