5 കോടി ഡോസ് വാക്സിൻ നിർമാണകേന്ദ്രത്തിൽ: രാജ്യത്ത് വാക്സിൻ വിതരണം വൈകിയേക്കുമെന്ന് റിപ്പോർട്ട്! വാക്സിൻ പൂനെയിലെ നിർമാണകേന്ദ്രത്തിൽ നിന്ന് സംഭരണകേന്ദ്രങ്ങളിലേയ്ക്ക് ഇതുവരെ മാറ്റാൻ കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ജനുവരി 16ന് വാക്സിൻ വിതരണം തുടങ്ങിയേക്കില്ലെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.രാജ്യത്ത് കൊവിഡ് 19 പ്രതിരോധ വാക്സിൻ വൈകിയേക്കുെെന്ന് റിപ്പോർട്ട്. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പൂനെയിൽ നിന്ന് വാക്സിൻ എയർലിഫ്റ്റ് ചെയ്യാൻ വൈകുന്നതു മൂലം ജനുവരി 21ലേയ്ക്ക് വാക്സിൻ വിതരണം മാറ്റിവെക്കുമെന്നാണ് മലയാളം വാർത്താ ചാനലായ 24 റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി 16ന് വാക്സിൻ വിതരണം ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുൻപ് അറിയിച്ചിരുന്നു. 



വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട അവസാന വട്ട ഒരുക്കങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ ചർച്ച ചെയ്യും. വിതരണത്തിനു മുന്നോടിയായി നേരിടുന്ന സാങ്കേതിക പ്രശ്നങ്ങളും ചർച്ചയുടെ ഭാഗമായേക്കും. പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് വാക്സിൻ്റെ പാക്കിങ് സംബന്ധിച്ചാണ് അവ്യക്തത തുടരുന്നത്. വാക്സിൻ സംഭരണകേന്ദ്രങ്ങളിലേയ്ക്ക് വാക്സിൻ എത്തിക്കേണ്ട ചുമതല സർക്കാർ വ്യോമസേനയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതുവരെ വാക്സിൻ സ്റ്റോക്ക് എയർലിഫ്റ്റ് ചെയ്തിട്ടില്ലെന്നും ഇതുസംബന്ധിച്ച് കമ്പനിയുമായും വ്യോമസേന, വിമാനത്താവള അധികൃതരുമായും ചർച്ചകള‍് തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.



അതേസമയം രാജ്യത്ത് കൊവിഡ് വാക്സിനേഷന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായാണ് യോഗമെന്നാണ് റിപ്പോർട്ട്. വൈകീട്ട് നാല് മണിക്കാണ് ചർച്ച ആരംഭിക്കുക. ചർച്ചയിൽ സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളും വിലയിരുത്തും. വാക്സിൻ വിതരണത്തിന് ആയി കേന്ദ്ര സർക്കാർ തയ്യാറാക്കിയ രൂപരേഖ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ധരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ 3 കോടി ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വാക്സിൻ വിതരണം ആരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തത്. ശനിയാഴ്ച ആരംഭിക്കുന്ന വാക്സിൻ വിതരണത്തിൽ രാജ്യത്തെ 2 കോടിയോളം വരുന്ന ആരോഗ്യപ്രവർത്തകർക്കും ഒരു കോടിയോളം മുൻനിര പ്രവർത്തകർക്കുമായിരിക്കും മുൻഗണന. രാജ്യത്ത് അടിയന്തര ഉപയോഗത്തിന് കൊവിഡ് വാക്സിൻ അനുമതി ലഭിച്ചതിന് ശേഷം പ്രധാനമന്ത്രി ഇതാദ്യമായാണ് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്. 




നേരത്തെ കൊവിഡ് വ്യാപനം ആരംഭിച്ചതിന് പിന്നാലെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോഴെല്ലാം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന അഡിനോവൈറസ് അധിഷ്ഠിത വാക്സിനായ കൊവിഷീൽഡ്, ഐസിഎംആറിൻറെ സഹകരണത്തോടെ ഭാരത് ബയോടെക് നിർമിക്കുന്ന കൊവാക്സിൻ എന്നിവയ്ക്കാണ് ഡിസിജിഐ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്. സംസ്ഥാനത്തെ കൊവിഡ് വ്യാപനം പഠിക്കാനെത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുമുണ്ട്. രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ ആരോഗ്യ സെക്രട്ടറിയും പങ്കെടുക്കും. ഒരു മണിയോടെ കൊവിഡ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുമായും കൊവിഡ് ആശുപത്രി അധികൃതരുമായും അവലോകന യോഗവും ചേരും. 



എന്നാൽ സർക്കാർ വാക്സിനു നൽകുന്ന വില സംബന്ധിച്ച തർക്കമാണ് കാലതാമസമുണ്ടാക്കുന്നതെന്ന വാദങ്ങൾ സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂൂനാവാലാ തള്ളിക്കളഞ്ഞു. ഇത്തരത്തിലുള്ള തർക്കങ്ങളില്ലെന്നും സർക്കാർ ഔദ്യോഗികമായി ഓർഡർ പ്ലേസ് ചെയ്താൽ ഉടൻ തന്നെ വാക്സിൻ അയയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. അഞ്ച് കോടി ഡോസ് വാക്സിൻ വിതരണത്തിന് തയ്യാറായി പാക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.വാക്സിൻ എത്തിക്കുന്ന നടപടി തിങ്കളാഴ്ച വരെ മാറ്റി വെച്ചിട്ടുണ്ടെന്നതു മാത്രമാണ് ഇതുവരെ വന്ന ഔദ്യോഗിക വിശദീകരണം.  

మరింత సమాచారం తెలుసుకోండి: