ബീന ഫിലിപ്പിനെ തള്ളി സിപിഎം; മേയറുടെ നിലപാട് ഒരു വിധത്തിലും അംഗീകരിക്കാനാകില്ല എന്ന് സിപിഎം! മേയറുടെ സമീപനം സിപിഎമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ലെന്ന് പാർട്ടി ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതികരിച്ചു. പ്രസംഗം വിവാദമായതിന് പിന്നാലെ ബീന ഫിലിപ്പ് വിശദീകരണവുമായെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നിലപാട് പരസ്യമായി തള്ളിയത്. ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച കോഴിക്കോട് മേയർ ബീന ഫിലിപ്പിനെ തള്ളി സിപിഎം. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സിപിഎം എല്ലാ കാലവും ഉയർത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണെന്നും സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി അറിയിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് ആർ എസ് എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല.
സംഘപരിവാർ ആഭിമുഖ്യമുള്ള സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ ഉദ്ഘാടകയായി കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിനെച്ചൊല്ലിയാണ് വിവാദം ഉയർന്നിരിക്കുന്നത്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ മുന്നോടിയായി തൊണ്ടയാട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തിൽ നടത്തിയ സ്വത്വ-2022 മാതൃസമ്മേളനമാണ് സിപിഎമ്മുകാരിയായ മേയർ ഉദ്ഘാടനം ചെയ്തത്. ശ്രീകൃഷ്ണവിഗ്രഹത്തിൽ തുളസീമാല ചാർത്തിക്കൊണ്ടായിരുന്നു ബീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തത്. തുടർന്ന് ഭക്തിയെക്കുറിച്ചും ശിശുപരിപാലനത്തെക്കുറിച്ചും നടത്തിയ പരാമർശങ്ങളും ചർച്ചയായിട്ടുണ്ട്. സംഭവം വിവാദമായതോടെ വിശദീകരണവുമായി മേയർ രംഗത്തുവന്നിരുന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള പരിപാടി എന്ന നിലയിലാണ് മാതൃസമ്മേളനത്തിൽ പങ്കെടുത്തതെന്നും ഇത്തരം പരിപാടികളിൽ പോകരുതെന്ന് പാർട്ടി കർശനമായി പറഞ്ഞിട്ടില്ലെന്നുമായിരുന്നു വിശദീകരണം.
ഇത് സി പി എമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല. അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സി പി എം തീരുമാനിച്ചെന്നും പി മോഹനൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. താൻ കേരളത്തിലെ കുട്ടികളുടെ ആരോഗ്യപരമായ കാര്യത്തെക്കുറിച്ചല്ല പറഞ്ഞതെന്നും അവരോടുള്ള സമീപനത്തെക്കുറിച്ചാണ് സംസാരിച്ചതെന്നും ബീന ഫിലിപ്പ് പറഞ്ഞിരുന്നു.
ഉത്തരേന്ത്യയിൽ മറ്റ് വീട്ടിലെ കുട്ടി അടുത്ത വീട്ടിലെത്തിയാൽ അവർ സ്വന്തം കുട്ടിയെപ്പോലെയാണ് നോക്കുക. എന്നാൽ കേരളത്തിൽ ഭയങ്കര സ്വാർത്ഥതയാണ്. ഇക്കാര്യമാണ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്. ഇത് വിവാദത്തിലാക്കിയതിൽ ദുഖമുണ്ടെന്നും മേയർ പറഞ്ഞു. ഇതിന് പിന്നാലെയാണ് സിപിഎം ജില്ലാ കമ്മിറ്റി മേയറെ തള്ളി രംഗത്തെത്തിയത്. പരിപാടിയിൽ വർഗീയതയെക്കുറിച്ചല്ല സംസാരിച്ചതെന്നും മേയർ വിശദീകരിച്ചിരുന്നു.
Find out more: