സ്ത്രീശാക്തീകരണം രാഹുലിന്റെ പ്രധാന രാഷ്ട്രീയ പദ്ധതിയായി നിലകൊള്ളുന്നുവോ?  50 ശതമാനമില്ലെങ്കിലും ഒരു 15 ശതമാനം സ്ത്രീകളുടെ പ്രാതിനിധ്യമെങ്കിലും വേദിയിൽ വേണമെന്നായിരുന്നു രാഹുലിന്റെ വിമർശനം. രാഹുലിന്റെ ഒരു സ്ഥിരം പ്രസ്താവന മാത്രമായി അതങ്ങനെ ചർച്ച ചെയ്യപ്പെടാതെ പോയി. കേരളത്തെ സംബന്ധിച്ചിടത്തോളം പൊതുസ്ഥലങ്ങൾ സ്ത്രീകൾ വലിയൊരളവ് കൈയടക്കിക്കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീ പോലുള്ള വലിയ പ്രസ്ഥാനങ്ങൾ നയിക്കുന്നതു തന്നെ സ്ത്രീകളാണ്. ഇതിനിടയിൽ ഒരു പാർട്ടി യോഗത്തിലെ അസാന്നിധ്യത്തെ അത്ര കാര്യമാക്കാത്തതായിരിക്കാം ചർച്ചകളിൽ രാഹുലിന്റെ പ്രസ്താവന ഇടംപിടിക്കാതിരുന്നതിന് ഒരു കാരണം. എന്തായാലും, ഇന്ത്യയെ മൊത്തത്തിലെടുക്കുമ്പോൾ രാഹുലിന്റെ വാക്കുകൾ പ്രത്യേകം ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. കോൺഗ്രസ് ഇക്കാര്യത്തിൽ ഉയർന്ന ജാഗ്രത പുലർത്തണമെന്ന സൂചനയാണ് അദ്ദേഹം നൽകിയിരിക്കുന്നത്. കോഴിക്കോട്ടെ മുക്കത്ത് നടന്ന ബഹുജന കൺവെൻഷൻ വേദിയിൽ സ്ത്രീകളുടെ സാന്നിധ്യമില്ലാത്തത് രാഹുൽ ഗാന്ധി പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. അദ്ദേഹം അതൊരു വിമർശനമായി ഉന്നയിച്ചു.





    രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം സ്ത്രീകളാണ്. രാഷ്ട്രീയത്തിലെ സ്ത്രീ പങ്കാളിത്തത്തെ കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും നിരന്തരം പറയുന്ന നേതാവാണ് രാഹുൽ ഗാന്ധി. തുടക്കക്കാലത്ത് ഇതിന്റെ പേരിൽ നിരവധി പരിഹാസങ്ങളും ട്രോളുകളും രാഹുൽ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് ഗൌരവതരമായ കാര്യങ്ങൾ പറയാനോ ചർച്ച ചെയ്യാനോ കഴിവില്ലാത്തതിനാലാണ് രാഹുൽ ഈ വിഷയങ്ങളിൽ മാത്രം ഒതുങ്ങി സംസാരിക്കുന്നതെന്നായിരുന്നു രാഷ്ട്രീയ എതിരാളികൾ പറഞ്ഞു.  താനും ഈ രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കളും ഈ രാജ്യത്തെ തെറ്റായ വ്യവസ്ഥിതി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും താൻ ചെയ്യാൻ ആഗ്രഹിക്കുന്നത് ഈ രാജ്യത്തെ സ്ത്രീകളെ ശാക്തീകരിക്കുക എന്നതാണെന്നും വളരെ കൃത്യമായി ആ അഭിമുഖത്തിൽ രാഹുൽ പറയുന്നുണ്ട്. രാജ്യത്തെ സ്ത്രീകളുടെ ശക്തി കെട്ടഴിച്ചുവിടണമെന്നും എന്നാൽ മാത്രമേ ഇന്ത്യ ഒരു സൂപ്പർ പവർ ആകുകയുള്ളൂ എന്നും രാഹുൽ ആ അഭിമുഖത്തിൽ ആവർത്തിച്ചു.





ഇന്ത്യയുടെ പുരോഗതിക്ക് സ്ത്രീശാക്തീകരണം കൂടിയേ തീരുവെന്നാണ് രാഷ്ട്രീയത്തിലെത്തിയ കാലം മുതൽ രാഹുൽ നിരന്തരം ഓർമ്മിപ്പിക്കുന്നത്. 2023-ൽ എത്തുമ്പോഴും രാഹുൽ അതേ നിലപാട് ഉയർത്തിപ്പിടിക്കുന്നു. ഒരുപക്ഷെ, താൽക്കാലിക/ദൈനംദിന രാഷ്ട്രീയ ചർച്ചകളുടെ തിരക്കുകളിൽ കുടുങ്ങിയ ഒരു നേതാവിന് അത്ര എളുപ്പമല്ലാത്ത ഒന്നാണ് ഈ നൈരന്തര്യം. രാഷ്ട്രീയപക്വതയില്ലാതെ അപ്രധാനമായ വിഷയങ്ങൾ ഉന്നയിക്കുന്നുവെന്നായിരുന്നു രാഹുലിനെതിരായ ആരോപണം. സ്ത്രീശാക്തീകരണം എന്ന് രാഹുൽ അന്നും പറഞ്ഞുനടന്നു. ഇന്നുമത് ആവർത്തിക്കുന്നു. ഇന്ത്യ എന്ന മഹാരാജ്യം എല്ലാ തലത്തിലും മുന്നേറണമെങ്കിൽ സ്ത്രീകൾക്ക് രാഷ്ട്രീയത്തിലും അധികാരത്തിലും തുല്യപദവി ലഭിക്കണമെന്നും അതിലൂടെ മാത്രമേ മാറ്റങ്ങൾ കൊണ്ടു വരാനാകൂ എന്നുമാണ് രാഹുലിന്റെ കാഴ്ച. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മാത്രമല്ല സ്ത്രീകളുടെ സാമൂഹിക ഉന്നമനം, സ്ത്രീകൾ‍ക്കെതിരായ അക്രമങ്ങൾ ഇല്ലാതാക്കുക, പെൺകുട്ടികളുടെ അവകാശങ്ങൾ സ്ഥാപിക്കപ്പെടുക തുടങ്ങിയവയെല്ലാം സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.





രാഹുൽ ഗാന്ധിയുടെ വെബ്സൈറ്റിലും ''പൊളിറ്റിക്കൽ വിഷൻ'' എന്ന ഭാഗത്ത് സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഈ രാജ്യത്തിന്റെ ജനസംഖ്യയിൽ പകുതിയും സ്ത്രീകളായതുകൊണ്ടു തന്നെ തീരുമാനമെടുക്കുന്നതിൽ തുല്യ അവകാശവുമുണ്ടെന്നാണ് വെബ്സൈറ്റിലെ കുറിപ്പിൽ രാഹുൽ പറയുന്നത്. ഇന്ന്, എല്ലാ മേഖലകളിലും നമുക്ക് പ്രചോദനം നൽകുന്ന സ്ത്രീ മാതൃകകളുണ്ട്. പക്ഷേ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വിഭവങ്ങൾ, അവസരങ്ങൾ എന്നിവയിലെ സ്ത്രീകളുടെ പങ്ക് നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള പക്ഷപാതം അവസാനിപ്പിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നാണ് രാഹുൽ പറയുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ വെച്ച് നോക്കുമ്പോൾ അടിയന്തിരമായി പരിഹാരം കാണേണ്ട വിഷയമാണത്. സ്ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ചും അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ അവകാശം ഉള്ള പൗരന്മാരാണ് അവരെന്നുമാണ് രാഹുൽ തന്റെ വെബ്സൈറ്റിലെ കുറിപ്പിൽ പറയുന്നത്.






2014നിപ്പുറം പല രാഷ്ട്രീയ വേദികളിലും രാഹുൽ തന്റെ ഈ നിലപാട് ആവർത്തിക്കുന്നത് കാണാം. 2021-ൽ വാണിയമ്പലത്ത് നടന്ന ഒരു പരിപാടിയിൽ രാഹുൽ പറഞ്ഞത് സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരാകുമ്പോൾ മാത്രമേ സ്ത്രീ ശാക്തീകരണം പൂർണമാകൂ എന്നാണ്. ഒരു രാജ്യവും അവിടുത്തെ സ്ത്രീകളെ ശാക്തീകരിക്കാതെ വിജയം കൈവരിച്ചിട്ടില്ല എന്നാണ് രാഹുൽചൂട്ടിക്കാട്ടുന്നത്. ഒരു രാജ്യത്തിന്റെ നട്ടെല്ല് എന്നു പറയുന്നത് സ്ത്രീകളാണെന്നും അതുകൊണ്ടു തന്നെ സ്ത്രീകൾ ശക്തരാകേണ്ടതിന്റെ ആവശ്യം വളരെ വലുതാണെന്നും രാഹുൽ പല വേദികളിലും പറയുന്നുണ്ട്. ഇന്ത്യ സൂപ്പർ പവർ ആകണമെങ്കിൽ ഈ സ്ത്രീകളുടെ ശക്തി പുറത്തേക്ക് ഒഴുകണമെന്നും അതിന് സ്ത്രീകൾക്ക് ജനാധിപത്യ അധികാരങ്ങൾ നൽകേണ്ടതുണ്ടെന്നുമാണ് രാഹുൽ പറഞ്ഞു വെക്കുന്നത്. സ്ത്രീകളുമായുള്ള തന്റെ സൗഹാർ‍ദ്ദത്തെ രാഹുൽ എല്ലായ്പ്പോഴും ആഘോഷിക്കുന്നതായി കാണാം. അമ്മയുമായും സഹോദരിയുമായും തനിക്കുള്ള ഊഷ്മളമായ ബന്ധത്തെ ആഘോഷിക്കാൻ അദ്ദേഹം മടി കാട്ടാറില്ല.






ഭാരത് ജോഡോ യാത്രയുടെ സമാപനവേളയിൽ പ്രിയങ്ക ഗാന്ധിയുമൊത്ത് അദ്ദേഹം പങ്കിട്ട ഊഷ്മളമായ നിമിഷങ്ങൾ ഹൃദയഹാരിയായിരുന്നു. ജോഡോ യാത്രയിലുടനീളം സ്ത്രീകളുമായി സംവദിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. ധാരാളം സ്ത്രീകൾ അദ്ദേഹത്തിനടുത്തെത്താനും ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ആഗ്രഹിച്ചെത്തി. ഒരുപക്ഷെ, ആക്രാമകമായ വികസനത്തിന്റെ നാളുകൾക്കു ശേഷമുള്ള കാലത്തേക്കു വേണ്ട രാഷ്ട്രീയതത്ത്വശാസ്ത്രത്തിന്റെ സുവിശേഷകനാണോ അദ്ദേഹമെന്ന് ചിലരെങ്കിലും സംശയിക്കാനിടയുണ്ട്. എന്തായാലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ രാഹുലിന്റെ ഈ രാഷ്ട്രീയപദ്ധതിയെ എത്രത്തോളം ഡിമാൻഡ് ചെയ്യുന്നുണ്ടെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
ഇന്ത്യയുടെ വികസനം സ്ത്രീകളിലൂടെ അവരെ ശാക്തീകരിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്ന് നിരന്തരം സംസാരിക്കുന്ന രാഹുലിനെപ്പോലെ ഒരു നേതാവ് ഇന്നില്ലെന്ന് തന്നെ പറയാം. രാഷ്ട്രീയപക്വത ഇല്ലെന്ന് എതിരാളികൾ ആക്ഷേപിച്ച സമയത്ത് നിന്ന് ഇന്നത്തെ രാഹുലിലേക്ക് എത്തുമ്പോഴും സ്ത്രീകളാണ് രാജ്യത്തിന്റെ കരുത്തെന്നും അവരെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടെന്നുമുള്ള തന്റെ പഴയനിലപാടിൽ നിന്ന് രാഹുൽ ഒട്ടും പിന്നോട്ടു പോയിട്ടില്ല എന്നതാണ് കൌതുകം.

మరింత సమాచారం తెలుసుకోండి: