
മെയ് മാസമായതോടെ ചൈനയിലേക്കുള്ള ഇന്ധന ഇറക്കുമതിയില്‍ വന്‍ വര്‍ധനയുണ്ടായി. പ്രതിദിനം 11.34 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്‍തത്. ജൂണില്‍ ചൈനയുടെ ഇന്ധന ഇറക്കുമതി പ്രതിദിനം 11.93 മില്യണ്‍ ബാരലായി ഉയര്‍ന്നു. ചൈനയിലേക്കുള്ള ഇന്ധന ഇറക്കുമതി തടസ്സപ്പെടുന്നത് ആഗോള ക്രൂഡ് ഓയില്‍ വിപണിയെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.
ഇന്ത്യന്‍ സമുദ്രത്തില്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് ശക്തമായ സ്വാധീനമുണ്ട്. ആന്‍ഡമാന്‍ നികോബാര്‍ ദ്വീപുകള്‍ കേന്ദ്രീകരിച്ച് ഇന്ത്യ സൈനികശക്തി വര്‍ധിപ്പിച്ചിട്ടുമുണ്ട്. മലാക്ക ഉള്‍ക്കടലിനോട് വളരെ അടുത്താണ് ആന്‍ഡമാന്‍ നികോബാര്‍ ദ്വീപുകള്‍. അതിനാല്‍ ഇന്തോനേഷ്യക്കും മലേഷ്യക്കും ഇടയിലായുള്ള മലാക്ക ഉള്‍ക്കടലിലൂടെയുള്ള കപ്പല്‍ പാത തടസ്സപ്പെടുത്താന്‍ ഇന്ത്യക്ക് വളരെ എളുപ്പമാണെന്ന് ഫോര്‍ബ്‍സ് മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ സമുദ്ര വിഷയങ്ങളില്‍ വിദഗ്‍ധനായ എച്ച് ഐ സുട്ടണ്‍ വിശദീകരിക്കുന്നു. സംഘര്‍ഷാവസ്ഥ രൂക്ഷമായി യുദ്ധത്തിലേക്കെത്തിയാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് അത്തരമൊരു ഉണ്ടാകുമെന്ന് പ്രതീക്ഷിക്കണമെന്നാണ് സുട്ടണ്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ സംഭവിക്കാന്‍ വിദൂര സാധ്യത മാത്രമാണുള്ളത്. മലാക്ക ഉള്‍ക്കടലിലെ പാത തടസ്സപ്പെടുത്തിയാല്‍ അമേരിക്കയിലേക്കും ദക്ഷിണ കൊറിയയിലേക്കുമുള്ള കപ്പലുകളും കുടുങ്ങും.
മാത്രമല്ല, ഇത് ഏഷ്യയുടെ വ്യാപാര മേഖലയെയാകെ പ്രതിസന്ധിയിലാക്കുകയും ചെയ്യും. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സമ്പദ്‍വ്യവസ്ഥയ്ക്ക് ഇങ്ങനെയൊരു ആഘാതം കൂടി താങ്ങാനാവില്ല.
കിഴക്കന്‍ ലഡാഖിലാണ് ഏറ്റുമുട്ടലുണ്ടായതെങ്കിലും ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം കരയില്‍ അവസാനിക്കില്ലെന്ന സൂചനയാണുള്ളത്. ഇതാണ് ലോകത്തെയാകെ ആശങ്കയിലാക്കുന്നതും. പസിഫിക്കിലെയും ഇന്ത്യന്‍ സമുദ്രത്തിലെയും സൈനിക വിന്യാസം ഇന്ത്യയും ചൈനയും ശക്തിപ്പെടുത്തിയിട്ടുണ്ട്. ചെറു ദ്വീപുകളില്‍ ചൈന സൈനിക താവളങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ ക്രൂഡ് ഓയില്‍ പാതയായ മലാക്ക ഉള്‍ക്കടലാണ് ഇന്ത്യയുടെയും ചൈനയുടെയും യഥാര്‍ഥ ലക്ഷ്യമെന്നതാണ് ഐക്യരാഷ്ട്രസഭയെയും ലോകത്തെയാകെയും ഭയപ്പെടുത്തുന്നത്.
രണ്ട് ആണവ രാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എത്ര വലിയ നാശമുണ്ടാക്കുമെന്ന ഭീതിയാണ് ആശങ്കയ്ക്ക് കാരണം. പരമാവധി സംയമനം പാലിക്കാന്‍ ഇന്ത്യയോടും ചൈനയോടും ഐക്യരാഷ്ട്ര സഭ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ചൈനയിലേക്കുള്ള ഇന്ധന കപ്പലുകള്‍ കടന്നുപോകുന്നത് മലാക്ക ഉള്‍ക്കടലിലൂടെയാണ്. ഈ പാത ഇന്ത്യ അടയ്ക്കുമോയെന്ന ആശങ്കയാണ് സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ഉയരുന്നത്. ഇന്ത്യന്‍ സമുദ്രത്തെ പസിഫിക് സമുദ്രവുമായും ദക്ഷിണ ചൈന കടലുമായും ബന്ധിപ്പിക്കുന്ന നിര്‍ണായക മേഖലയാണ് മലാക്ക ഉള്‍ക്കടല്‍. ഗള്‍ഫ് മേഖലകളില്‍ നിന്ന് ഏഷ്യന്‍ വിപണിയിലേക്കുള്ള ക്രൂഡ് ഓയില്‍ കപ്പലുകളുടെ പ്രധാന പാതയുമാണിത്.
പശ്ചിമേഷ്യയില്‍ നിന്ന് ഏഷ്യയിലേക്കുള്ള വാര്‍ഷിക പെട്രോളിയം കയറ്റുമതിയുടെ 85-90 ശതമാനവും മലാക്ക ഉള്‍ക്കടല്‍ വഴിയാണ്. 16 ബില്യണ്‍ ബാരല്‍ പെട്രോളിയമാണ് പ്രതിദിനം ഇതുവഴി കടന്നുപോകുന്നതെന്ന് യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്‍മിനിസ്ട്രേഷന്‍ പറയുന്നു.
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ഏറെ കാലമായി തുടരുന്നതാണെങ്കിലും നേരിട്ടുള്ള ഏറ്റുമുട്ടലുണ്ടാകുകയും സൈനികര്‍ കൊല്ലപ്പെട്ടതുമാണ് പ്രശ്‍നം സങ്കീര്‍ണമാക്കുന്നത്. ഒരു മാസത്തോളം നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് ശേഷമാണ് ജൂണ്‍ 15-ന് കിഴക്കന്‍ ലഡാഖിലെ ഗാല്‍വന്‍ താഴ്‍വരയില്‍ ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടിയത്. അതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ഇന്ത്യ ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. ഇന്ത്യന്‍ വെബ്സൈറ്റുകള്‍ക്ക് ചൈനയും നിരോധനം ഏര്‍പ്പെടുത്തി.
എണ്ണക്കപ്പലുകളുടെ വഴി തടസ്സപ്പെടുന്നതും സംഘര്‍ഷങ്ങളുണ്ടാകുന്നതും ക്രൂഡ് ഓയില്‍ വിപണിയില്‍ പുതുമയുള്ള കാര്യമല്ല. ഹോര്‍മുസ് കടലിടുക്കില്‍ ഇന്ധന ടാങ്കറുകളെ തടയുന്നത് ഇറാന്‍ കാലങ്ങളായി തുടരുകയാണ്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു പ്രധാന ക്രൂഡ് ഓയില്‍ പാതയാണ് ഭീഷണി നേരിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇന്ധന ഇറക്കുമതി രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതാണ് ആഗോള ക്രൂഡ് ഓയില്‍ വിപണിയെയും ആശങ്കയിലാക്കുന്നത്. ചൈനയിലേക്കുള്ള എണ്ണക്കപ്പലുകളുടെ വഴിയടയ്‍ക്കാന്‍ ഇന്ത്യ മുതിരുമോ എന്നാണ് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത്.
Powered by Froala Editor