ട്രംപിന്റെ വാദം തള്ളി ഇന്ത്യ! യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇങ്ങനെ സൂചിപ്പിക്കുന്ന ചില പ്രസ്താവനകൾ ഇറക്കി മണിക്കൂറുകൾക്കുള്ളിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ-പാക് സംഘർഷം തുടങ്ങിയ ശേഷം യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളിൽ വ്യാപാരവുമായി ബന്ധപ്പെട്ട ചർച്ചകളോ പരാമർശങ്ങളോ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ. "യുഎസ് വാദത്തെ ഇന്ത്യ നിരാകരിക്കുന്നു. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷം, യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് മെയ് 9 ന് പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മെയ് 8നും 10നും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായും മെയ് 10 ന് എൻഎസ്എ ഡോവലുമായും സംസാരിച്ചു. ഈ ചർച്ചകളിലൊന്നും വ്യാപാരത്തെക്കുറിച്ച് പരാമർശം ഉണ്ടായിട്ടില്ല," സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയ്ക്കും പാകിസ്താനും ഇടയിൽ മധ്യസ്ഥത വഹിക്കാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെയും കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞു.വ്യാപാരത്തെ ഇങ്ങനെ ഉപയോഗിച്ച മറ്റൊരു നേതാവുണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുകയുണ്ടായി. ഇങ്ങനെയായിരുന്നു ട്രംപിന്റെ വാക്കുകൾ: "ശനിയാഴ്ച, എന്റെ ഭരണകൂടം ഇന്ത്യയും പാകിസ്താനും തമ്മിൽ അടിയന്തിരമായ ഒരു സമ്പൂർണ വെടിനിർത്തൽ നടപ്പാക്കാൻ സഹായിച്ചു, ധാരാളം ആണവായുധങ്ങളുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള അപകടകരമായ സംഘർഷം അവസാനിപ്പിച്ചു. ഇതിൽ ഞങ്ങൾ വളരെയധികം സഹായിച്ചു. വ്യാപാരത്തിലും ഞങ്ങൾ സഹായിച്ചു. ഞാൻ പറഞ്ഞു, 'വരൂ, ഞങ്ങൾ നിങ്ങളുമായി ധാരാളം വ്യാപാരം നടത്താൻ പോകുകയാണ്, അതിനാൽ ഇത് നമുക്ക് നിർത്താം.
കച്ചവടത്തെ ഞാൻ ഉപയോഗിച്ച രീതിയിൽ ആളുകൾ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. അപ്പോൾ പെട്ടെന്ന് അവർ പറഞ്ഞു: നമുക്ക് നിർത്താം." സൈനിക നടപടികൾ നിർത്തിവച്ചില്ലെങ്കിൽ ഇരു രാജ്യങ്ങളുമായി വ്യാപാര ബന്ധം നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ് നൽകിയെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യാൻ പോകുന്നതിന് തൊട്ടു മുമ്പായിരുന്നു ട്രംപിന്റെ ഈ പ്രസ്താവന. ഇതിനു കുറച്ച് മണിക്കൂറുകൾക്കു മുമ്പ്,
താൻ ഇടപെട്ട് ആണവയുദ്ധം അവസാനിപ്പിച്ചു എന്ന പരാമർശവും ട്രംപ് നടത്തിയിരുന്നു. ഈ പ്രസ്താവനകളിൽ വ്യാപാരവുമായി ബന്ധപ്പെട്ട പരാമർശം ഇന്ത്യ തള്ളിക്കളഞ്ഞു. അതേസമയം, ഇന്ത്യയുടെയും പാകിസ്താന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തിങ്കളാഴ്ച ചർച്ചകൾ നടത്തി. വെടിനിർത്തൽ തുടരാനും പരസ്പരം ആക്രമിക്കുന്ന നടപടികൾ ഒഴിവാക്കാനും തീരുമാനിച്ചു. ഇന്ത്യയുടെയും പാകിസ്താന്റെയും ഡിജിഎംഒമാർ തമ്മിലുള്ള ചർച്ച 2025 മെയ് 12 വൈകുന്നേരം 5 മണിക്കാണ് നടന്നത്.
Find out more: