ഒരു തീപ്പൊരി മതി മിത്രങ്ങൾ ശത്രുക്കളാകാൻ; ആഗസ്റ്റ് 12ന് 'തീ'! മുഹമ്മദ് മുഹസിൻ എം.എൽ.എ. നായകനാകുന്ന ചിത്രത്തിൽ പ്രശസ്ത താരങ്ങൾക്കൊപ്പം ജനപ്രിയ രാഷ്ട്രീയ നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരും ആദ്യമായി വെള്ളിത്തിരയിലേക്കെത്തുകയാണ്. ഒരു എം.എൽ.എ. നായകനാകുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും 'തീ' യ്ക്കുണ്ട്. കാത്തിരിപ്പുകൾക്കൊടുവിൽ ചലച്ചിത്രരംഗത്തോടൊപ്പം രാഷ്ട്രീയരംഗത്തും കൗതുകം സൃഷ്ടിച്ച 'തീ' എന്ന അനിൽ വി. നാഗേന്ദ്രന്റെ വ്യത്യസ്തമായ റൊമാന്റിക് - ആക്ഷൻ - ത്രില്ലർ ചിത്രം ആഗസ്റ്റ് 12 ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. 'വസന്തത്തിന്റെ കനൽ വഴികളിൽ' എന്ന ശ്രദ്ധേയമായ ചിത്രത്തിൽ ദേശീയ പുരസ്കാര ജേതാക്കളായ സുരഭി ലക്ഷ്മിയെയും സമുദ്രക്കനിയെയും നായികാനായകന്മാരാക്കി മലയാള ചലച്ചിത്രലോകത്ത് അവതരിപ്പിച്ച അനിൽ വി. നാഗേന്ദ്രൻ, തന്റെ രണ്ടാമത്തെ ചിത്രമായ തീ യിൽ മുഹമ്മദ് മുഹ്സിനെയും സാഗരയെയും പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ചുകൊണ്ട് തന്റെ വേറിട്ട നിലപാട് വ്യക്തമാക്കുന്നു.
അധോലോകനായകനായി ആരും പ്രതീക്ഷിക്കാത്ത രൂപഭാവങ്ങളോടെ ജനപ്രിയ നടൻ ഇന്ദ്രൻസ് എത്തുമ്പോൾ ഉറച്ചനിലപാടുകളുള്ള മാധ്യമ സ്ഥാപന മേധാവിയുടെ വേഷത്തിൽ പ്രേംകുമാറും പ്രേക്ഷക മനസ്സിൽ എന്നും തങ്ങി നില്ക്കുന്ന 'ഘടോൽക്കചൻ' എന്ന വില്ലനായി, വസന്തത്തിന്റെ കനൽ വഴികളിൽ എന്ന ചിത്രത്തിൽ സമുദ്രക്കനിയ്ക്കൊപ്പം നായകവേഷം ചെയ്ത ഋതേഷും വളരെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ രമേഷ് പിഷാരടിയും വിനു മോഹനും അരിസ്റ്റോ സുരേഷും ഉല്ലാസ് പന്തളവും കോബ്രാ രാജേഷും ജയകുമാറും(തട്ടീം മുട്ടീം ഫെയിം) സോണിയ മൽഹാറും രശ്മി അനിലും വി.കെ. ബൈജുവും മറ്റുമെത്തുന്നു. ആദർശധീരരായ ഒരു കൂട്ടം മാധ്യമപ്രവർത്തകരും അധികാരശക്തിയും അന്തർദ്ദേശീയ ശൃംഖലകളുമുള്ള അധോലോകവുമായുള്ള പോരാട്ടം പ്രമേയമാകുന്ന ചിത്രത്തിൽ, സസ്പെൻസും ആക്ഷനും പ്രണയവും മനോഹരങ്ങളായ നിരവധി ഗാനങ്ങളും മനസ്സുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്ന നന്മകളുടെ സന്ദേശങ്ങളുമുണ്ട്.
ലഹരിവസ്തുക്കൾ, കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾ, പ്രകൃതി നശീകരണം, ആത്മഹത്യ, മൊബൈൽ ഫോണിന്റെ ദുരുപയോഗങ്ങൾ, അഴിമതി, സ്ത്രീ പീഡനങ്ങൾ തുടങ്ങിയവക്കെതിരെ ശക്തവും ഹൃദ്യവുമായ രംഗങ്ങൾ കൊണ്ട് സമ്പന്നമായ 'തീ' യുടെ വിജയത്തിനു വേണ്ടി 'നന്മകളുടെ പക്ഷം ചേർന്ന് ഒരു സഹൃദയ കൂട്ടുകെട്ട് ' എന്ന പേരിൽ ഒരു സംഘടന സംസ്ഥാനാടിസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങി. ആഗസ്റ്റ് 12 മുതൽ എല്ലാ ദിവസവും തീ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളും പരിസരവും ദീപാലംകൃതമാക്കുവാനും തീരുമാനിച്ചു.
ഏവരിലും കൗതുകമുണർത്തിക്കൊണ്ട് സി.ആർ. മഹേഷ് എം.എൽ.എ., കെ.സുരേഷ് കുറുപ്പ് എക്സ് എം.പി., കെ. സോമപ്രസാദ് എക്സ്. എം.പി., മലയാളികളുടെ അഭിമാനമായ ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു, വിപ്ലവഗായിക പി.കെ. മേദിനി, ഗായകൻ ഉണ്ണി മേനോൻ,ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, നാടൻ പാട്ടിന്റെ കുലപതി സി.ജെ. കുട്ടപ്പൻ, അരനൂറ്റാണ്ടിലധികമായി നാടകരംഗത്ത് ശോഭിക്കുന്ന ആർട്ടിസ്റ്റ് സുജാതൻ, സാഹസിക നീന്തലിൽ ഗിന്നസ് ലോക റെക്കോഡ് ജേതാവ് ഡോൾഫിൻ രതീഷ് തുടങ്ങിയവർ മികച്ച വേഷങ്ങളുമായി പ്രസിദ്ധ താരങ്ങൾക്കാപ്പം മത്സരിച്ചഭിനയിക്കുന്നുമുണ്ട്.
Find out more: