ബാണാസുര സാഗർ ഡാമിൽ പ്രഖ്യാപിച്ച ബ്ലൂ അലേർട്ട് എന്ത്? ബാണാസുര സാഗർ അണക്കെട്ടിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു എന്നായിരുന്നു ആ വാർത്ത. ഇതോടെ എന്താണ് ബ്ളൂ അലേർട്ട് എന്നും ജാഗ്രത പാലിക്കേണ്ടതുണ്ടോ എന്നുമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുമ്പോൾ പ്രഖ്യാപിക്കുന്നതാണ് ബ്ലൂ അലേർട്ട്. മഴയെത്തിയാൽ മയാളികൾ പതിവായി കേൾക്കുന്നതാണ് റെഡ് അലേർട്ട്, ഓറഞ്ച് അലേർട്ട്, യെല്ലോ അലേർട്ട് എന്നീ വാക്കുകൾ. എന്നാൽ ഇന്ന് രാവിലെ മറ്റൊരു അലേർട്ട് പ്രഖ്യാപിച്ച വിവരമാണ് വയനാട് കളക്ടർ ഡിആർ മേഘശ്രീ പങ്കുവെച്ചത്. അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കുന്നതിനു വേണ്ടി മൂന്ന് തരം അലേർട്ടുകളാണ് പുറപ്പെടുവിക്കുന്നത്. നീല (ബ്ലൂ അലേർട്ട് ), ഓറഞ്ച്, ചുവപ്പ് ( റെഡ് അലേർട്ട് ) എന്നിവയാണ് ഡാം സുരക്ഷാ എമർജൻസി അലേർട്ടുകൾ . അലേർട്ടുകൾ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ തീരപ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഡാം തകരുകയോ വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമാവുകയോ ചെയ്യുന്ന തരത്തിൽ അതിവേഗം അണക്കെട്ടുകളുടെ സുരക്ഷയെ ബാധിച്ചേക്കാവുന്ന സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിക്കുന്നത്. പ്രളയജലം ഡാം ക്രെസ്റ്റിനു മുകളിലൂടെ ഒഴുകുന്നതിനാലോ കനാലുകളിൽ നിന്ന് വലിയ ഒഴുക്ക് വരുന്നതിനാലോ അണക്കെട്ട് തകരാവുന്ന സാഹചര്യത്തിലാണ് റെഡ് അലേർട്ട് പ്രഖ്യാപിക്കുന്നത്. റെഡ് അലേർട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിനു ശേഷം മാത്രമേ ഡാം തുറക്കുകയുള്ളൂ. മഴ കുറഞ്ഞ് അണക്കെട്ടിലെ ജലനിരപ്പുയരാത്ത പക്ഷം റെഡ് അലേർട്ട് പ്രഖ്യാപിച്ചാലും ഡാം തുറക്കുകയില്ല.ഡാം സുരക്ഷാ അലേർട്ടുകൾ പ്രഖ്യാപിച്ചെന്ന് കരുതി ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല.
അലേർട്ടുകൾ പ്രഖ്യാപിക്കുമ്പോൾ ജല ബഹിർഗമന പാതയിലുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് , എല്ലാ ഗ്രാമ പഞ്ചായത്ത് , മുനിസിപ്പാലിറ്റി , കോർപ്പറേറ്റ് എന്നിവയിലെ സെക്രട്ടറിമാർ, പ്രസിഡൻ്റ്, ചെയർമാൻ, മേയർ, തഹസീൽദാർ, വില്ലേജ് ഓഫിസർ, പോലീസ്, അഗ്നി - രക്ഷാ വകുപ്പ്, ജല സേചന വകുപ്പ് എഞ്ചിനീയർ, എന്നിങ്ങനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകും. അണക്കെട്ടിൻ്റെ ഘടനാപരമായ സ്ഥിരതക്കോ പ്രവർത്തന ഘടകത്തിനോ യാതൊരു ഭീഷണിയും സൃഷ്ടിക്കാത്ത, പ്രാരംഭ ഘട്ടത്തിലെ ജാഗ്രതാ നിർദേശമാണ് ബ്ലൂ (നീല) അലേർട്ട്.
ജല സംഭരണികളിലെ അധികജലം താഴേക്ക് ഒഴുക്കി വിടുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായുള്ള ആദ്യഘട്ട മുന്നറിയിപ്പാണ് ബ്ലൂ അലേർട്ട്. ഡാമുകളിലെലെ അധികജലം ഒഴുക്കി വിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് ആദ്യഘട്ട മുന്നറിയിപ്പായി ബ്ലൂ അലേർട്ട് പ്രഖ്യാപിക്കുക. നിലവിൽ വയനാട് ബാണാസുര സാഗർ ഡാമിൽ പ്രഖ്യാപിച്ചത് ഈ അലേർട്ടാണ്. ഈ ഘട്ടത്തിൽ തീരപ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇതൊരു മുന്നറിയിപ്പ് നടപടിയാണ്. ഓരോ അലേർട്ടുകളെക്കുറിച്ചും. മുൻകരുതൽ നടപടികളും അറിയാം.
Find out more: