നന്തൻകോട് കൂട്ടക്കൊലക്കേസ്: പ്രതി കേദൽ ജിൻസൻ രാജ കുറ്റക്കാരനെന്നു കോടതി! അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ചു പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. അച്ഛൻ, അമ്മ, സഹോദരി, ബന്ധു എന്നിവരെ വെട്ടിക്കൊന്ന ശേഷം ചുട്ടുകരിച്ചുവെന്നാണ് കേസ്. കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേദൽ ജിൻസൻ രാജ കുറ്റക്കാരൻ. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ആണ് വിധി പറഞ്ഞത്. വീട്ടിൽനിന്ന് പുകയും ദുർഗന്ധവും വമിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയതോടെ കേദൽ ഓടിരക്ഷപ്പെടുകയായിരുന്നു. ചെന്നൈയിലേക്ക് രക്ഷപ്പെട്ട പ്രതി തിരിച്ചു തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൂജപ്പുര സെൽട്രൽ ജയിലിലാണ് പ്രതി തടവിൽ കഴിയുന്നത്.
ജയിൽവാസത്തിനിടെ സഹതടവുകാരനെ ആക്രമിച്ചതിനെ തുടർന്ന് കേദലിനെ ഒറ്റയ്ക്കായിരുന്നു സെല്ലിൽ പാർപ്പിച്ചിരുന്നത്. പ്രതിക്ക് വിചാരണ നേരിടാനുള്ള മാനസികാരോഗ്യമില്ലെന്ന മെഡിക്കൽ ബോർഡ് ശുപാർശയെ തുടർന്ന് വിചാരണ വൈകിയിരുന്നു. പ്രതി മാനസികാരോഗ്യം വീണ്ടെടുത്തുവെന്ന മെഡിക്കൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് വിചാരണ ആരംഭിച്ചത്. 65 ദിവസമാണ് വിചാരണ നീണ്ടുനിന്നത്.2017 ഏപ്രിൽ മാസം അഞ്ച്, ആറ് തീയതികളിലാണ് കൂട്ടക്കൊലപാതകം നടന്നത്. ഏപ്രിൽ ഒൻപതിന് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിലാണ് പിതാവ് പ്രൊഫ. രാജ തങ്കം, മാതാവ് ജീൻ പത്മ, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചുട്ടുകരിച്ച നിലയിൽ മൂന്നുപേരുടെ മൃതദേഹവും വീടിനകത്ത് ബെഡ്ഷീറ്റിൽ പുതഞ്ഞ നിലയിൽ മറ്റൊരാളുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
കുടുംബാംഗങ്ങളോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ആത്മാവിനെ മോചിപ്പിക്കാനുള്ള ആസ്ട്രൽ പ്രൊജക്ഷൻ്റെ ഭാഗമായാണ് കൊല നടത്തിയതെന്നായിരുന്നു പ്രതി പോലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിൽ കുടുംബാംഗങ്ങളോടുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി. കേദലിനെ രക്ഷിതാക്കൾ വിദേശത്തേക്ക് പഠനത്തിനായി അയച്ചിരുന്നെങ്കിലും മടങ്ങിയെത്തിയിരുന്നു. ഇതിൽ പിതാവ് രാജ തങ്കത്തിന് മനോവിഷമവും ദേഷ്യവും ഉണ്ടായിരുന്നു.അച്ഛനോട് തുടങ്ങിയ വൈരാഗ്യം പിന്നീട് കുടുംബാംഗങ്ങളോടുമായി.
താൻ ഒരു കമ്പ്യൂട്ടർ പ്രോഗ്രാം തയ്യാറാക്കിയെന്ന് പറഞ്ഞ് വീടിൻ്റെ രണ്ടാം നിലയിലേക്ക് അമ്മയെ വിളിച്ചു കമ്പ്യൂട്ടറിന് മുന്നിൽ ഇരുത്തിയ ശേഷം ഓൺലൈൻ വഴി വാങ്ങിയ മഴുകൊണ്ട് കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്, അച്ഛനെയും സഹോദരിയെയും സമാന രീതിയിൽ കൊലപ്പെടുത്തി. മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കാഴ്ചാപരിമിതിയുള്ള ബന്ധു ലളിതയെയും രണ്ടാം നിലയിൽ കൊണ്ടുപോയി കൊലപ്പെടുത്തി.
Find out more: