വെളുക്കാൻ വേണ്ടി എന്താണ് ഹണി റോസ് ചെയ്തത്; നടി മനസ്സ് തുറക്കുന്നു! നെഗറ്റീവ് കമന്റുകൾ വായിക്കാറെ ഇല്ല, നമ്മളെ തകർക്കാൻ ശ്രമിയ്ക്കുന്ന അത്തരം നെഗറ്റീവ് കമന്റുകൾ തലയിലെടുത്ത് വെറുതേ ജീവിതത്തിലെ സമാധാനം നശിപ്പിക്കുന്നത് എന്തിനാണ്. എന്നെ സംബന്ധിച്ച് സമാധാനമാണ് ഏറ്റവും പ്രധാനം എന്ന് ഹണി പറയുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി എന്ന ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹണി റോസ്. കേരളത്തിലെ ഉദ്ഘാടനങ്ങളുടെ ബ്രാന്റ് അംബാസിഡർ എന്നാണ് ഇന്ന് ഹണി റോസ് അറിയപ്പെടുന്നത്. വളരെ അധികം ആസ്വദിച്ചാണ് ഞാൻ അത് ചെയ്യുന്നത് എന്ന് അഭിമാനത്തോടെ ഹണി റോസ് പറയുന്നു. അതുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകൾ എല്ലാം ഞാൻ ആസ്വദിക്കാറുമുണ്ട്.  




ഉദ്ഘാടനത്തിന് ധരിക്കുന്ന വസ്ത്രങ്ങളെ കുറിച്ചും, വെളുക്കാൻ എന്തെങ്കിലും ഇൻഞ്ചക്ഷൻ ചെയ്‌തോ എന്ന കാര്യങ്ങളും ശ്രീകണ്ഠൻ നായർ ചോദിയ്ക്കുന്നുണ്ട്. ഉദ്ഘാടനത്തിന് ധരിക്കുന്ന വസ്ത്രം ചിലതൊക്കെ നമ്മുടെ താത്പര്യമാണ്, മറ്റു ചിലത് എന്ത് ധരിക്കണം എന്ന് വിളിക്കുന്നവർ പറയാറുണ്ട്. വസ്ത്ര വ്യാപാരത്തിന്റെ ഷോപ്പ് ആണ് ഉദ്ഘാടനം ചെയ്യുന്നത് എങ്കിൽ, ചിലപ്പോൾ അവർ നമുക്കുള്ള വസ്ത്രം എത്തിക്കും. അത് ധരിച്ചാണ് പോകുന്നത്. തെലുങ്ക് സിനിമകളിൽ സജീവമായതിന് ശേഷം ഹൈദരബാദിലും ഒരുപാട് ഷോപ്പുകൾ ഉദ്ഘാടനം ചെയ്യാനായി പോയിട്ടുണ്ട്. ഇവിടെ കിട്ടുന്നതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ സ്വീകരണമാണ് അവിടെ കിട്ടുന്നത്. പൊലീസുകാരൊക്കെയാണ് സെക്യൂരിറ്റികളായി നിൽക്കുന്നത്. എത്രയൊക്കെ തിരക്കുണ്ടെങ്കിലും ആളുകൾ വന്നു ചേരും. സിനിമാ താരങ്ങളെ അവർ കാണുന്ന രീതി തന്നെ വേറെയാണ്. ആ സ്‌നേഹം അനുഭവിച്ചു തന്നെ അറിയണം എന്നാണ് ഹണി പറയുന്നത്.





 ഇന്ന് ആൺ - പെൺ വ്യത്യാസമില്ലാതെ വെളുക്കാനായി പലരും പലതും ചെയ്യുന്ന കാര്യമാണ്, പലതരത്തിലുള്ള ഇൻഞ്ചക്ഷനും അതിനായി ഉണ്ട്. ഇത്തരത്തിൽ എന്തെങ്കിലും ഇൻഞ്ചക്ഷനോ പൊടിക്കൈയകളോ ഹണി റോസ് ചെയ്തിട്ടുണ്ടോ എന്നായിരുന്നു ശ്രീകണ്ഠൻ നായരുടെ ഒരു ചോദ്യം. തീർച്ചയായും മുഖത്ത് ചില മിനുക്ക് പണികളൊക്കെ ചെയ്യുന്ന ആൾ തന്നെയാണ് ഞാൻ. പക്ഷേ ഈ പറയുന്നത് പോലുള്ളതൊന്നും അല്ല. ഒരുപാട് ചെലവുകൾ വരുന്ന ട്രീറ്റ്‌മെന്റ്‌സ് ഒന്നും ചെയ്തിട്ടില്ല. നമ്മുടെ സ്‌കിൻ കെയറിന്റെ ഡ്‌കോടറുടെ നിർദ്ദേശപ്രകാരമുള്ള ട്രീറ്റ്‌മെന്റുകൾ മാത്രമേ ചെയ്തിട്ടുള്ളൂ. ഈ ഇന്റസ്ട്രിയിൽ നിൽക്കുമ്പോൾ അത് അത്യാവശ്യമാണ്- ഹണി റോസ് വ്യക്തമാക്കി. 




എന്തൊക്കെ പറഞ്ഞാലും ഉദ്ഘാടനം ചെയ്യാൻ പോവുമ്പോൾ അത്രയും ആളുകൾ നമുക്ക് വേണ്ടി കാത്തിരിയ്ക്കുന്നതും, അവരുമായി നമുക്ക് നേരിട്ട് സംവദിക്കാൻ കഴിയുന്നതും വളരെ അധികം സന്തോഷം തരുന്ന കാര്യമാണ്. ഒരേ സ്ഥലത്ത് ഒന്ന് രണ്ട് ആഴ്ചയുടെ വ്യത്യാസത്തിൽ പല ഷോപ്പുകളും ഉദ്ഘാടനം ചെയ്യാൻ ഞാൻ പോയിട്ടുണ്ട്. അപ്പോഴും ലഭിയ്ക്കുന്ന സ്‌നേഹത്തിനും ആൾക്കൂട്ടത്തിനും ഒരു കുറവും ഉണ്ടാവാറില്ല. അതൊരു പ്രത്യേക സന്തോഷവും അഭിമാനവുമാണ് എന്ന് ഹണി റോസ് പറഞ്ഞു.
 

Find out more: