നെഹ്റു കുടുംബത്തിന് പുറത്തു നിന്നൊരാൾ വരട്ടെ, ഇനി അധ്യക്ഷയാകാനില്ല; സോണിയ ഗാന്ധി! ഇടക്കാല അധ്യക്ഷയായ താൻ ഇനി തുടരാനില്ലെന്നും നെഹ്റു കുടുംബത്തിനു പുറത്തു നിന്നൊരാൾ പാർട്ടിയെ നയിക്കട്ടെ എന്നും സോണിയ വ്യക്തമാക്കി. രാഹുൽ ഗാന്ധി അധ്യക്ഷപദവിയിൽ തിരിച്ചെത്തണമെന്ന് നേതാക്കൾ തുടർച്ചയായി ആവശ്യപ്പെടുന്നതിനിടയിലാണ് സോണിയ മുതിർന്ന നേതാക്കളോട് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്. അനാരോഗ്യവും കോൺഗ്രസ് നേതൃത്വം സംബന്ധിച്ച അനിശ്ചിതാവസ്ഥയും തുടർക്കഥയാകുന്നതിനിടെ അടുത്ത കോൺഗ്രസ് അധ്യക്ഷൻ ആരാകണമെന്നതു സംബന്ധിച്ച് നിലപാട് പ്രഖ്യാപിച്ച് സോണി.പകരം അധ്യക്ഷനെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ മുതിർന്ന നേതാക്കളുടെ സമ്മർദ്ദത്തിനു വഴങ്ങി സോണിയ ഇടക്കാല അധ്യക്ഷയായി സ്ഥാനമേറ്റെടുക്കുകയായിരുന്നു.
ഒരു വർഷത്തിനകം സ്ഥിരം അധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് പാർട്ടി നേതൃത്വം പദ്ധതിയിട്ടതെങ്കിലും രണ്ട് വർഷം പിന്നിട്ടിട്ടും സോണിയ തന്നെ തുടരുകയാണ്. ഇതിനിടയിൽ കൊവിഡ് രോഗബാധയുൾപ്പെടെയുള്ള അനാരോഗ്യ പ്രശ്നങ്ങളും 75കാരിയായ സോണിയ നേരിട്ടു. കോൺഗ്രസിൻ്റെ ചരിത്രത്തിൽ ഏറ്റവുമധികം കാലം പാർട്ടിയെ നയിച്ച പാരമ്പര്യം സോണിയയ്ക്കുണ്ട്. 1998ൽ സ്ഥാനമേറ്റെടുത്ത സോണിയയ്ക്ക് രാഹുൽ നയിച്ച രണ്ട് വർഷക്കാലമൊഴികെ മുഴുവൻ സമയവും പാർട്ടി അധ്യക്ഷയായിരുന്നു. എന്നാൽ ഇനി മുന്നോട്ടില്ലെന്ന് നയം വ്യക്തമാക്കിയിരിക്കുകയാണ് സോണിയ.2019ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ പരാജയം നേരിട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതിനെ തുടർന്ന് പാർട്ടിയ്ക്കുള്ളിൽ വലിയ പ്രതിസന്ധിയുണ്ടായിരുന്നു.
കൂടാതെ, കോൺഗ്രസിലെ പല സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതും അനൗദ്യോഗികമായി രാഹുൽ ഗാന്ധി തന്നെയാണ്. നെഹ്രു കുടുംബത്തിനു പുറത്തു നിന്നൊരാൾ അധ്യക്ഷനായാൽ പാർട്ടി ദുർബലമാകും എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാൽ പാർട്ടി നേതൃത്വം ഏറ്റെടുക്കാനില്ലെന്ന് രാഹുൽ ഗാന്ധി അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സോണിയയുടെ നിലപാട്. കോൺഗ്രസ് നേതൃത്വം സംബന്ധിച്ച് രാഹുൽ ഗാന്ധിയുടെ തീരുമാനം അംഗീകരിക്കുമെന്നാണ് പ്രിയങ്ക ഗാന്ധിയും മുൻപ് പ്രതികരിച്ചത്. സോണിയ ഗാന്ധിയ്ക്കു ശേഷം അടുത്ത അധ്യക്ഷനാര് എന്ന ചോദ്യത്തിന് കോൺഗ്രസിലെ ബഹുഭൂരിപക്ഷം നേതാക്കളുടെയും ഉത്തരം രാഹുൽ ഗാന്ധി എന്നാണ്.
പകരം മറ്റൊരാൾ വേണമെന്ന് ആവശ്യപ്പെട്ട ജി23 വിമതപക്ഷം ഇതിനോടകം ദുർബലമായിട്ടുണ്ട്. സമീപകാലചരിത്രത്തിൽ 'ഗാന്ധിയല്ലാത്ത' ഒരാൾ കോൺഗ്രസ് അധ്യക്ഷനായിട്ടില്ല. എന്നാൽ സ്വാതന്ത്ര്യാനന്തര കാലത്തു പോലും ഗാന്ധികുടുംബത്തിനു പുറത്തു നിന്ന് 9 കോൺഗ്രസ് അധ്യക്ഷന്മാർ ഉണ്ടായിട്ടുണ്ട്. രാജീവ് ഗാന്ധിയ്ക്കു ശേഷം പി വി നരസിംഹറാവുവും സീതാറാം കേസരിയും കോൺഗ്രസ് അധ്യക്ഷന്മാരായി. ഇതിനു ശേഷമാണ് 1998ൽ സോണിയ അധ്യക്ഷപദവി ഏറ്റെടുത്തത്. ഈ സാഹചര്യത്തിൽ നെഹ്രു കുടുംബാംഗമല്ലാത്ത അധ്യക്ഷൻ എന്നത് കോൺഗ്രസിന് പുതുമയല്ല. എന്നാൽ ഇക്കാര്യത്തിൽ മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കുന്നതും വിഭാഗീയത ഒഴിവാക്കുന്നതുമാണ് പ്രധാനം.
Find out more: