നടൻ സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിന് കോടതി വിലക്ക് ഏർപ്പെടുത്തി. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്‍റെ പിന്നണി പ്രവർത്തകരാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്ന് ഹർജിക്കാർ ആരോപിക്കുന്നു.
സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന നിര്‍വ്വഹിച്ചിട്ടുള്ളത്.മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കാനിരുന്ന സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന് കോടതി വിലക്ക്. സുരേഷ് ഗോപി, കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന എന്ന കഥാപാത്രമായെത്തുന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. എസ്ജി 250 എന്നായിരുന്നു ചിത്രത്തിന് താല്ക്കാലികമായി പേരിട്ടിരുന്നത്.
കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന കഥാപാത്രത്തിന്‍റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതിന്‍റെ രേഖകൾ ഹർജിഭാഗം കോടതിയിൽ ഹാജരാക്കി. കഥാപാത്രത്തിന്‍റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഹർജിക്കാർ കോടതിയെ അറിയിച്ചു. ഇതിന്‍റെ രേഖകളും കോടതിയിൽ ഹാജരാക്കി. ഇവ പരിഗണിച്ചാണ് സുരേഷ്‌ഗോപി ചിത്രത്തിന് കോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്.അതായത് സുരേഷ്‌ഗോപി ചിത്രത്തിന്‍റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ജിനുവാണ് എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയത്.
ഹർജി സ്വീകരിച്ച കോടതി സുരേഷ്‌ഗോപി ചിത്രത്തിന്‍റെ ഷൂട്ടിംഗ്, സോഷ്യൽ മാധ്യമങ്ങളിലുൾപ്പെടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞ് ഉത്തരവായി. കൂടാതെ ജിനു ഏബ്രഹാമിന്‍റെ സംവിധാന സഹായി ആയിരുന്ന മാത്യു തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്‍റെ സംവിധായകൻ. ഷിബിൻ ഫ്രാൻസിസ് ആണ് ഇതിന്‍റെ തിരക്കഥ. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ജിനു ഏബ്രഹാം സംവിധാനം ചെയ്ത ആദ്യ ചിത്രം. ലണ്ടൺ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും ഒരുക്കിയിട്ടുണ്ട്.
ഹർജിക്കാരന് വേണ്ടി അഡ്വ.ബിനോയി കെ. കടവൻ ആണ് കോടതിയിൽ ഹാജരായത്.മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് 'കടുവ' നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം പൃഥ്വിരാജിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസും നടന്നിരുന്നു. ഈ വർഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കോവിഡ് പ്രതിസന്ധിയേത്തുടർന്ന് മാറ്റിവക്കുകയായിരുന്നു.
click and follow Indiaherald WhatsApp channel