ലക്ഷദ്വീപിൽ വിവാദ നിയമങ്ങൾ നടപ്പാക്കില്ല എന്ന് അമിത്ഷാ! കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിന്റെ ഓൺലൈൻ എഡിഷനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ലക്ഷദ്വീപിൽ വിവാദ നിയമങ്ങൾ നടപ്പാക്കില്ലെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക് അമിത് ഷാ ഉറപ്പ് നൽകിയതായി റിപ്പോർട്ട്. കത്തിൽ ഉന്നയിച്ച വിഷയങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അമിത് ഷാ പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പമാണ് കേന്ദ്രം. ആശങ്കകൾ വേണ്ടെന്നും ജനങ്ങളുടെ സംസ്കാരവും ജീവിത രീതിയും സംരക്ഷിക്കുന്ന രീതിയിലാകും കേന്ദ്രം നിൽക്കുകയെന്നും അമിത് ഷാ പറഞ്ഞു. ജനഹിതത്തിന് എതിരായ പ്രവർത്തനങ്ങൾ ഉണ്ടാവില്ലെന്നും അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസത്തിനിടെ ദ്വീപിൽ നടപ്പാക്കിയ നിയമങ്ങൾ പിൻവലിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.
ജനഹിതത്തിന് എതിരായ നിയമങ്ങൾ പിൻവലിച്ചാലേ ജനങ്ങളുടെ ആശങ്ക അകലൂ എന്നും അദ്ദേഹം വ്യക്തമാക്കി. കാന്തപുരത്തെ ഫോണിൽ വിളിച്ച് വിവാദ നിയമങ്ങൾ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നൽകി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ കൊണ്ടുവന്ന നിയമങ്ങൾ ദ്വീപ് വാസികളുടെ ജീവിതത്തിനും സംസ്കാരത്തിനും ഭീഷണി ഉയർത്തുന്നതാണെന്നും കേന്ദ്രം ഇടപെടണമെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കാന്തപുരം കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷാ കാന്തപുരത്തെ വിളിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇതിനു മുൻപ് അമിത് ഷാ മറ്റൊരു പ്രസ്താവനയുമായി എത്തിയിരുന്നു. ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അബ്ദുള്ളക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയതെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. അഡ്മിനിസ്‌ട്രേറ്റർ ഇറക്കിയ ഉത്തരവ് അതേപടി നടപ്പാക്കില്ലെന്ന് അമിത് ഷാ പറഞ്ഞെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെ കണ്ടതിനുശേശമാണ് സംഘം അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയത്. ജനങ്ങളുടെ അഭിപ്രായങ്ങൾ അനുസരിച്ച് തീരുമാനങ്ങൾ നടപ്പിലാക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി അബ്ദുള്ളക്കുട്ടി പറഞ്ഞു. കടലാക്രമണത്തിൽ ലക്ഷദ്വീപ് ചുരുങ്ങുന്നതിനാൽ ആളുകളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ടെന്ന് നേരത്തെ എപി അബ്‌ദുള്ളക്കുട്ടി പറഞ്ഞിരുന്നു.
ജനസംഖ്യാ നിയന്ത്രണം ആധുനിക കാലത്തിൻറെ രാഷ്‌ട്രീയമാണ്. ദ്വീപിനെ ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു അബ്‌ദുള്ളക്കുട്ടിയുടെ വാക്കുകൾ. പ്രകൃതിയും സംസ്‌കാരവും സംരക്ഷിച്ച് കൊണ്ടായിരിക്കും ദ്വീപിനെ ടൂറിസ്‌റ്റ് കേന്ദ്രമാക്കുക. ഇതിനായി 5,000 കോടി രൂപയുടെ പദ്ധതികളും പ്രവർത്തനങ്ങളുമാണ് ദ്വീപിൽ നടക്കുന്നത്. ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള വികസനത്തിനൊപ്പമാണ് ബിജെപി നിലക്കൊള്ളുന്നതെന്നും അബ്‌ദുള്ളക്കുട്ടി പറഞ്ഞിരുന്നു.
Find out more: