കെവി തോമസിനെതിരെ പുതിയ നീക്കവുമായി കെപിസിസി നേതൃത്വം! കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ വിലക്ക് ലംഘിച്ച് സിപിഎം വേദിയിൽ പങ്കെടുത്ത കെ വി തോമസ് കെ റെയിൽ സിൽവർലൈൻ പദ്ധതിയെയും അനുകൂലിച്ച് സംസാരിച്ചിരുന്നു. ഇതിൻ്റെ പേരിലാണ് മുതിർന്ന നേതാവിനെതിരെ അച്ചടക്ക ലംഘന ആരോപണവുമായി സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് സംസ്ഥാന നേതൃത്വം. ഹൈക്കമാൻഡിൻ്റെ വിലക്ക് ലംഘിച്ച് സിപിഎം വേദിയിലെത്തി എന്നതാണ് നിലവിൽ കെ വി തോമസിനെതിരെയുള്ള ആരോപണം. ഇക്കാര്യമാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകിയ പരാതിയിലും ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
എന്നാൽ സെമിനാറിൽ പങ്കെടുത്ത കെ വി തോമസിൻ്റെ പ്രസംഗത്തിലെ പരാമർശങ്ങൾ പരാതിയിലില്ല. ഈ സാഹചര്യത്തിൽ കെ റെയിൽ അനുകൂല പരാമർശം അടക്കം ചൂണ്ടിക്കാട്ടി രണ്ടാമതൊരു പരാതി കൂടി നൽകാനാണ് നീക്കം. സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയ്ക്കെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് പുതിയ തീരുമാനം. സമിതി അംഗമാണെങ്കിലും കെ വി തോമസിനെ യോഗത്തിലേയ്ക്ക് ക്ഷണിക്കില്ലെന്നും രാഷ്ട്രീയകാര്യ സമതിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്നുമാണ് റിപ്പോർട്ടുകൾ. കെ വി തോമസിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നതെങ്കിലും നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തെ പുറത്താക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
തിങ്കളാഴ്ച ചേരുന്ന എഐസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയാകുമെന്നാണ് മനോരമ റിപ്പോർട്ട്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പരിപാടിയിൽ പങ്കെടുത്തിരുന്നു. ദേശീയതലത്തിൽ കോൺഗ്രസുമായി കൈകോർക്കാനുള്ള സാധ്യത അടക്കം സിപിഎം ചർച്ച ചെയ്തിരുന്നു. എന്നാൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ കെ വി തോമസ് സിപിഎം വേദിയിലെത്തുന്നതിനെ നേതാക്കൾ തുടക്കം മുതൽ എതിർത്തിരുന്നു. കെ വി തോമസിനെതിരെ കടുത്ത മുന്നറിയിപ്പ് നൽകിയ കെ സുധാകരൻ പരിപാടിയ്ക്ക് പിന്നാലെ ഹൈക്കാമൻഡിനു പരാതി നൽകുകയും ചെയ്തിരുന്നു. പരാതി പരിഗണിച്ച എഐസിസി അച്ചടക്ക സമിതി കെ വി തോമസിനു കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
കണ്ണൂരിൽ നടന്ന 23-ാം പാർട്ടി കോൺഗ്രസിൽ കേന്ദ്ര - സംസ്ഥാന ബന്ധം എന്ന വിഷയത്തിലുള്ള സെമിനാറിലാണ് മുൻ മന്ത്രി കൂടിയായ കെ വി തോമസ് പങ്കെടുത്തത്. അതേസമയം, എഐസിസി സമിതിയിലെ അംഗങ്ങളെ നീക്കാനുള്ള അധികാരം കെപിസിസി നേതൃത്വത്തിനില്ലെന്നാണ് വിലയിരുത്തൽ. കെ വി തോമസിനെ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്നാണ് കെപിസിസിയുടെ മുന്നറിയിപ്പ് എങ്കിലും ഇത്രയും കടുത്ത നടപടി സ്വീകരിച്ച് അദ്ദേഹത്തെ പാർട്ടിയ്ക്ക് പുറത്താക്കിയാൽ അത് രക്തസാക്ഷി പരിവേഷം നൽകുമെന്ന ആശങ്കയും പാർട്ടി വൃത്തങ്ങൾക്കുണ്ട്.
Find out more: