തൃശൂർ വീണ്ടെടുക്കാൻ സുരേഷ് ഗോപി വീണ്ടും എത്തുമോ? 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മിന്നും പ്രകടനം നടത്തിയ തൃശൂർ മണ്ഡലത്തിൽ ഇക്കുറിയും സുരേഷ് ഗോപി തന്നെ മത്സരത്തിന് ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. സുരേഷ് ഗോപിയെ മത്സരിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ആർഎസ്എസ് നേതൃത്വത്തിൻ്റെ പിന്തുണയുണ്ടെന്നും വിവരമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കേ തൃശൂർ അടക്കമുള്ള നിർണായക മണ്ഡലങ്ങൾ ലക്ഷ്യമിട്ട് ബിജെപി.   ഈ സാഹചര്യത്തി്ൽ രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപിയെ മത്സരക്കളത്തിൽ ഇറക്കാൻ ആർഎസ്എസ് നിർദേശം നൽകിയെന്നാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട്. സുരേഷ് ഗോപിയെ സ്ഥാനാർഥിയായി മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ ആർഎസ്എസ് നേതാക്കളോട് കഴിഞ്ഞ ദിവസം തൃശൂരിലെത്തിയ സർസംഘചാലക് മോഹൻ ഭഗവത് നിർദേശം നൽകിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനു പിന്നാലെ മണ്ഡലത്തിൽ പലയിടത്തായി സുരേഷ് ഗോപിയുടെ സാന്നിധ്യവും ശ്രദ്ധേയമാകുന്നുണ്ട്.




  കേരളത്തിൽ വിജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിലാണ് ബിജെപി തൃശൂരിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. തൃശൂരിൽ കഴിഞ്ഞ തവണ നടത്തിയ മികച്ച പ്രകടനവും ഒപ്പം മേഖലയിൽ സുരേഷ് ഗോപിയ്ക്കുള്ള മികച്ച ജനപ്രീതിയും തുണയാകുമെന്നാണ് ബിജെപി കരുതുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ നടൻ സുരേഷ് ഗോപി ഏറെ വിജയപ്രതീക്ഷയോടെയായിരുന്നു തൃശൂരിൽ മത്സരത്തിന് ഇറങ്ങിയത്. 'തൃശൂർ ഞാൻ ഇങ്ങ് എടുക്കുവാ, തൃശൂർ നിങ്ങൾ എനിക്ക് തരണം' എന്നിങ്ങനെയുള്ള സുരേഷ് ഗോപിയുടെ പ്രചാരണത്തിനിടയിലെ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വോട്ടെണ്ണലിൽ പലപ്പോഴും രണ്ടാം സ്ഥാനത്തു വരെയെത്തിയ സുരേഷ് ഗോപി ഒടുവിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. 75,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിൻ്റെ ടിഎൻ പ്രതാപൻ തൃശൂരിൽ വിജയിച്ചപ്പോൾ സിപിഎം സ്ഥാനാർഥിയായിരുന്നു രണ്ടാം സ്ഥാനത്ത്.




എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിക്കുന്ന തൃശൂർ മണ്ഡലം പിടിച്ചെടുക്കാമെന്ന ബിജെപിയുടെ സ്വപ്നം പാളിയെങ്കിലും ബിജെപിയുടെ വോട്ടുവിഹിതം 17 ശതമാനത്തോളം വർധിപ്പിക്കാൻ സുരേഷ് ഗോപിയ്ക്കു കഴിഞ്ഞു. ഇക്കുറിയും ഈ ട്രെൻഡ് ആവർത്തിക്കാനായാൽ മണ്ഡലത്തിൽ ജയം ബിജെപിയ്ക്ക് അകലെയല്ല. ഉറച്ച പാർട്ടി വോട്ടുകൾക്കു പുറമെ നടൻ്റെ വ്യക്തിപ്രഭാവം നിഷ്പക്ഷ വോട്ടർമാരെയും ബിജെപിയിലേയ്ക്ക് അടുപ്പിക്കുമെന്നാണ് ആർഎസ്എസ് കരുതുന്നത്. ഇത്തരത്തിൽ വലിയ ജനപ്രീതിയുള്ള നേതാക്കൾ സംസ്ഥാനത്ത് ബിജെപിയ്ക്ക് അധികമില്ല. ഇതാണ് സുരേഷ് ഗോപിയെ സാധ്യതാ പട്ടികയിലെ ഒന്നാമനാക്കുന്നത്. 




അതേസമയം, സിറ്റിങ് സീറ്റായ തൃശൂർ നിലനിർത്താനുള്ള വഴികളാണ് കോൺഗ്രസ് ആലോചിക്കുന്നത്. നിലവിലെ എംപിയായ ടിഎൻ പ്രതാപൻ സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങുമെന്നും ഈ സാഹചര്യത്തിൽ കോൺഗ്രസ് പുതിയ സ്ഥാനാർഥിയെ തേടുമെന്നുമാണ് വിവരം. രാഹുൽ ഗാന്ധിയ്ക്കും താത്പര്യമുള്ള നേതാവ് എന്ന നിലയിൽ വി ടി ബൽറാമിന് മണ്ഡലത്തിൽ സാധ്യതയുണ്ട്. സിറ്റിങ് എംപിയായ ടിഎൻ പ്രതാപൻ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Find out more: